
ഡെലിവറി ആപ്പുകളിൽ കൊള്ളവില
freepik.com
പ്രത്യേക ലേഖകൻ
കൊച്ചി: മലയാളികളെ ഓൺലൈൻ സൗകര്യം ആദ്യം പഠിപ്പിച്ചത് ഊബറായിരുന്നു. ബസ് ചാർജിനെക്കാൾ കുറഞ്ഞ നിരക്കിൽ എസി കാറിൽ യാത്ര ചെയ്യാൻ സൗകര്യം നൽകിക്കൊണ്ട് ഊബർ കളം പിടിച്ചപ്പോൾ പ്രാദേശിക ടാക്സി സർവീസുകൾ കട്ടപ്പുറത്തായി, ലോക്കൽ ഡ്രൈവർമാർ മിക്കവരും ഏതെങ്കിലുമൊരു ഓൺലൈൻ ടാക്സി ആപ്പുമായി കരാറിലെത്താനും നിർബന്ധിതരായി. ഇതിനൊപ്പം ഫുഡ് ഡെലിവറിയിലൂടെ സ്വിഗ്ഗിയും സൊമാറ്റോയും മലയാളിക്ക് പുതിയ ഭക്ഷ്യ സംസ്കാരം തന്നെ പരിചയപ്പെടുത്തി. പത്തോ ഇരുപതോ രൂപയ്ക്ക് ബിരിയാണിയും ഫ്രൈഡ് റൈസും വരെ കിട്ടുന്ന അവിശ്വസനീയ ഓഫറുകളുമായി തന്നെയായിരുന്നു ഇവയുടെയും തുടക്കം. ഇന്ന് ഇതൊക്കെ മധ്യവർഗ ജീവിതത്തിന്‍റെ ഭാഗം തന്നെയായി മാറിയതോടെ റസ്റ്ററന്‍റിലേതിനെക്കാൾ 40-50 അധിക വിലയ്ക്ക് ഡെലിവറി ആപ്പുകൾ വഴി ഫുഡ് ഓർഡർ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് പതിവുകാർ.
ഗ്രോസറി ഡെലിവറി ആപ്പുകൾ കൊവിഡ് കാലത്താണ് അവസരം പ്രയോജനപ്പെടുത്തി വിപണി പിടിച്ചത്. അന്ന് പലർക്കും അത് അനിവാര്യമായിരുന്നെങ്കിലും, കൊവിഡ് കാലം കഴിഞ്ഞപ്പോഴേക്കും ശീലമായി മാറി. തിരക്കുള്ള ജീവിതത്തിൽ കടയിൽ പോയി സാധനം വാങ്ങാനുള്ള സമയം ലാഭിക്കാം എന്നത് സൗകര്യവുമായി.
സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ ഗ്രോസറി ഡെലിവറി വിപണിയുടെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്നത്. സ്ഥിരമായി ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾ ഓരോ ഓർഡറിനും ശരാശരി അമ്പത് രൂപ അധികമായി മുടക്കുകയും ചെയ്യുന്നു!
ഓരോ ഓർഡറിനും ഹാൻഡ്‌ലിങ് ചാർജായി 10 രൂപ മുതൽ 21 രൂപ വരെ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്നുണ്ട്. ഇതിനൊപ്പം ജിഎസ്‌ടി, ഡെലിവറി ചാർജ്, മഴയാണെങ്കിൽ അതിനുള്ള അധിക ചാർജ്, തിരക്കുള്ള സമയത്ത് ഈടാക്കുന്ന സർജ് ഫീസ് തുടങ്ങിയവ കൂടിയാകുമ്പോൾ ഈ തുക ഇരട്ടിയിലധികമാകും. ഇതു മനസിലാക്കിയ ഉപയോക്താക്കൾ ഓർഡറുകളുടെ എണ്ണം കുറച്ച്, ഒരേ ഓർഡറിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഇത്തരം പ്ലാറ്റ്‌ഫോമുകൾ കാരണം ചെറുകിട കച്ചവടക്കാർ നേരിട്ടിരുന്ന ഭീഷണിയും ഇപ്പോൾ കുറഞ്ഞു തുടങ്ങിയെന്നാണ് സൂചന. ഉപയോക്താക്കളെ ആകർഷിക്കാൻ ആദ്യകാലത്ത് നൽകിയിരുന്ന ഓഫറുകൾ പിൻവലിക്കപ്പെട്ടതോടെ ഡെലവറി ആപ്പുകൾ മുഖേനയുള്ള ഷോപ്പിങ്ങിന് ചെലവേറി. ചെറുകിട കച്ചവടക്കാർ വിൽക്കുന്ന സാധനങ്ങൾക്കു തന്നെയാണ് ഇപ്പോൾ വില കുറവ്. വില മാത്രം നോക്കിയാൽ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ചെറിയ കുറവ് അവകാശപ്പെടുന്നുണ്ടാവാം. പക്ഷേ, ഇതര ചാർജുകൾ കൂടി കൂട്ടുമ്പോൾ ഓഫ്‌ലൈൻ ഷോപ്പിങ്ങിനെക്കാൾ കൂടുതലായിരിക്കും പോക്കറ്റിൽ നിന്നു പോകുന്നത്.
കുറവ് സാധനങ്ങൾ വാങ്ങിയാൽ കൂടുതൽ നഷ്ടം എന്നൊരു വൈചിത്ര്യവും നിലനിൽക്കുന്നു. 200 രൂപയ്ക്കു മുകളിലുള്ള പർച്ചേസിനു മാത്രമാണ് പല പ്ലാറ്റ്‌ഫോമുകളും ചാർജുകളിൽ ഇളവ് നൽകുന്നത്. ചിലർക്ക് ഇത് 500 രൂപയ്ക്കു മുകളിലാണ്. ഈ മിനിമം ചാർജ് ക്രമേണ വർധിക്കുകയും ചെയ്യുന്നുണ്ട്.