

ദക്ഷിണേന്ത്യക്കാർക്ക് ഇത്രമേൽ പ്രിയതരമായ ഒരു ഭക്ഷണമുണ്ടോ....? ഇഡലി എന്ന പേരു മനസിൽ വരുമ്പോൾ ആദ്യം ഓർക്കുന്നത് അങ്ങനെയാണ്. മലയാളികൾക്ക് ഇഡലിയിൽ അധികം വ്യത്യസ്തതകളൊന്നും അത്ര പരിചയമില്ലെങ്കിലും മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്ക് അങ്ങനെയല്ല. പ്രിയതരമായ ഇഡലിക്ക് വകഭേദങ്ങൾ നിരവധിയാണ്. തമിഴ്നാട്ടിലും കർണാടകത്തിലുമാണ് ഇഡലി വൈവിധ്യങ്ങൾ കൂടുതലും.
ഇഡഡ എന്ന പേരിൽ ഉഴുന്നും അരിയും അരച്ചു ചേർത്ത് ആവിയിൽ പുഴുങ്ങിയെടുത്ത ഗുജറാത്തിലെ ആഹാരമാണ് ഇഡലിയായി മാറിയതെന്നാണ് ഒരു വാദം. എന്നാൽ, ഭക്ഷണ ചരിത്രകാരനായ കെ.ടി. അചയയുടെ നിരീക്ഷണം ഇഡലിയുടെ ജനനം ഇന്തോനേഷ്യയിലാണ് എന്നാണ്. ഇന്തോനേഷ്യയിലെ ‘കേട്‌ലി’ എന്ന ഭക്ഷണമാണത്രെ രൂപഭാവങ്ങൾ മാറി ഇഡലിയായത്!
‘കേട്‌ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു. കൂടെ ‘കേട്‌ലി’ പാചകക്കാരും. ആ വിദേശ ഭക്ഷണം നാട്ടില്‍ അങ്ങനെ ഹിറ്റായി. അതിന്‍റെ രസക്കൂട്ടുകള്‍ സ്വായത്തമാക്കിയ ഇന്ത്യൻ പാചകക്കാര്‍ ഒരു ഇന്ത്യന്‍ ഇഡലിക്ക് രൂപം കൊടുത്തു എന്നാണ് കഥ.
പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലുള്ള കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലേക്ക് സൗരാഷ്ട്രയിൽനിന്നുള്ള പുട്ട് കച്ചവടക്കാർ എത്തിയെന്നും, അവരാണ് ഇഡലിയെ ദക്ഷിണേന്ത്യയിൽ എത്തിച്ചതെന്നും വാദമുഖങ്ങളുണ്ട്.
ഇഡ്ഡരിക എന്ന ഭക്ഷണത്തെക്കുറിച്ച് എഡി1130 ലെ സംസ്കൃത കൃതിയായ മാനസോല്ലാസ വിശദീകരിക്കുന്നു. എന്നാൽ, പതിനേഴാം നൂറ്റാണ്ടിലാണ് തമിഴ് കൃതികളിൽ ഇഡലിയെക്കുറിച്ചു പരാമർശമുള്ളത്.
എഡി 920ൽ കന്നഡ ഭാഷയിൽ ശിവകോടി ആചാര്യൻ എഴുതിയ വദ്ദാരാധന എന്ന പുസ്തകത്തിലാണ് ഇഡ്ഡലിക എന്ന പേരിൽ ഇഡലി പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യയില്‍ കര്‍ണാടകത്തിലാണ് ഇഡലി ആദ്യമായി രൂപം കൊണ്ടതെന്ന് മറ്റൊരു വാദവുമുണ്ട്. ബാംഗ്ലൂർ തട്ട് ഇഡലി, മുഡ്ഡ, റവ ഇഡലി എന്നിവയാണ് കർണാടകത്തിന്‍റെ ജനകീയ ഇഡലി വിഭവങ്ങൾ.
കേരളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് രാമശേരി ഇഡലി. പാലക്കാട്ടെ രാമശേരി ഗ്രാമം ഇഡലിക്ക് പുകൾ പെറ്റ സ്ഥലമാണ്. അരി ഉഴുന്ന് സവിശേഷ കൂട്ട് മൺകലത്തിനു മുകളിൽ ചീലാന്തി ഇലകൾ വച്ച് പുഴുങ്ങിയെടുക്കുന്ന ഇതിന് ഇന്നു നമ്മൾ കാണുന്ന ഇഡലിയുടെ രൂപമല്ല. മറിച്ച് കട്ടിയുള്ള ദോശ പോലെയിരിക്കും.
ഇഡലിത്തരങ്ങളുടെ വിള നിലമായി അറിയപ്പെടുന്ന തമിഴ്നാട്ടിലാകട്ടെ, ഓരോ ഗ്രാമങ്ങൾക്കും തനത് ഇഡലിക്കൂട്ടുകളുണ്ട്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സിനിമാ താരങ്ങളെ ദൈവ തുല്യം കാണുന്ന തമിഴ് ജനത അവരുടെ പ്രിയ നടി ഖുശ്ബുവിന്‍റെ പേരാണ് ഒരിനം ഇഡലിക്ക് നൽകിയിരിക്കുന്നത്.
കാഞ്ചീപുരം ഇഡലിയാകട്ടെ, സാധാരണ മാവിൽ കായവും കടുകും ജീരകവും ഉള്ളിയും മറ്റും മൂപ്പിച്ചു ചേർത്ത് ഉണ്ടാക്കുന്ന വിശിഷ്ട ഭക്ഷണമാണ്. ഇത് കാഞ്ചീപുരം കോവിൽ ഇഡലി എന്നും അറിയപ്പെടുന്നു.
ശ്രീലങ്ക, മ്യാൻമർ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡലി തീന്‍മേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
30 ഗ്രാം ഇഡലിയില്‍ നിന്ന് 40 കാലറി ഊര്‍ജം കിട്ടും ശരീരത്തിന്. അരിയും ഉഴുന്നും അനുപാതം കൃത്യമാണെങ്കില്‍ നല്ല പഞ്ഞി പോലിരിക്കും.
ദീർഘ ദൂര യാത്രകളിൽ ഉപയോഗിക്കാൻ ഉത്തമ ഭക്ഷണമാണ് ഇഡലി. പ്ലാവിലയിലോ വാഴയിലയിലോ കുമ്പിൾ കുത്തി കട്ടിയായി അരച്ച മാവിൽ ഇഞ്ചി, മുളക്, കറിവേപ്പില എന്നിവയിട്ട് വേവിച്ചെടുത്താൽ രണ്ടോ മൂന്നോ ദിവസത്തെ ട്രെയിൻ യാത്രകളിൽ നല്ല മണവും രുചിയുമുള്ള, കേടാവാത്ത ആരോഗ്യദായകമായ ഇഡലി തയാർ.
ചീലാന്തി ഇല (പൂവരശില), മുരിക്കില എന്നിവയിലും ഇഡലി ഉണ്ടാക്കാം. വാഴയിലയിൽ നികക്കെ പരത്തി വേവിച്ച് മുറിച്ചു കഴിക്കുന്ന ഇഡലിയുമുണ്ട്. തദ്ദേശീയർ അതിനെ സന്തണം എന്നു പറയുന്നു.
കൈതയോല കുമ്പിൾ കുത്തി ഉണ്ടാക്കുന്ന ഇഡലിയെ മൂഡ എന്നു വിളിക്കുന്നു കർണാടകക്കാർ. ഇഡലി മാവിനെ കുമ്പിൾ കുത്തിയ പ്ലാവിലയിൽ വേവിച്ചെടുത്താൽ കന്നഡിഗർക്ക് അത് കൊട്ടികെ. എന്തായാലും ഇഡലിയോടുള്ള പ്രേമം പോലെ മറ്റൊരു അപ്പത്തരങ്ങളോടും തെന്നിന്ത്യക്കാർക്ക് ഇത്രയധികം പ്രിയമില്ല തന്നെ.