മനംമയക്കും കാഴ്ചകളൊരുക്കി പാലമറ്റവും ഇഞ്ചത്തൊട്ടിയും ഭൂതത്താൻകെട്ടും

ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്
Palamatmatam Inchathotty and Bhoothankettu the travel diary
Palamatmatam Inchathotty and Bhoothankettu the travel diary

ഏബിൾ സി. അലക്സ്‌

കോതമംഗലം: സഞ്ചാരികൾക്ക് മനം മയക്കും കാഴ്ച്ചകൾ ഒരുക്കുകയാണ് കോതമംഗലത്തിന് സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. എറണാകുളം ജില്ലയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് കോതമംഗലത്തിന് സമീപത്തെ ഭൂതത്താൻകെട്ടും, തട്ടേക്കാടും, പാലമറ്റവും, ഇഞ്ചത്തൊട്ടിയുമെല്ലാം. കോതമംഗലത്തു നിന്നും 9 കിലോമിറ്റർ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിയുടെ വരദാനമാണ് പാലമറ്റം. മനോഹാരിത കൊണ്ട് ആരുടേയും മനം വിസ്മയിപ്പിക്കുന്ന ഒരിടം. കാഴ്ച്ചകൾ ആകട്ടെ അതി സുന്ദരവും.

പാലമറ്റം എന്ന ഈ കൊച്ചു ഗ്രാമത്തിനെ പ്രശസ്തിയിലേയ്ക്ക് നയിച്ചത് ബ്രിട്ടീഷുകാരാണ് എന്ന് പറയേണ്ടിവരും. അവർ ഏഷ്യയില്‍ ആദ്യമായി റബ്ബര്‍ പ്ലാന്റ് ചെയ്തത് ഇവിടെയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്ര സ്മാരകമായി അവശേഷിക്കുന്ന സ്ഥലം കൂടിയാണ് പാലമറ്റം . റബ്ബര്‍ പ്ലാന്റ് ചെയ്യാൻ വന്ന സായ്യിപ്പും കുടുംബവും താമസിച്ചിരുന്ന പെരിയാറിന്റെ തീരത്തുള്ള പാലമറ്റം ബംഗ്ലാവ്, തൊഴിലാളികൾക്ക് വേതനവും മറ്റും നൽകിയിരുന്ന ഓഫിസും, പഴയ പോസ്റ്റോഫിസും, മറ്റു നിർമിതികളും ഇപ്പോഴും കാണാൻ കഴിയും. സ്വകാര്യ വ്യക്തിയുടെ കൈയ്യിലുള്ള പാലമറ്റം ബംഗ്ലാവ് ഇപ്പോൾ പുനർ നിർമ്മാണത്തിന്റെ പാതയിലാണ്.

ഇവയെല്ലാം ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമണെങ്കിൽ ഈ കൊച്ചു ഗ്രാമത്തിന്റെ കാർഷിക നന്മയുടെ ചരിത്രം വിളിച്ചോതുന്ന കാളക്കടവ് എക്കോ പോയിന്റ് എന്ന മനോഹരമായ പെരിയാറിന്റെ തീരം, ഇന്നും സഞ്ചാരികൾ അറിയാതെ കിടക്കുകയാണ്. നമ്മുടെ ശബ്ദം രണ്ടും മൂന്നും തവണ പ്രതിധ്വനിച്ച് കേള്‍ക്കാവുന്ന ഇവിടം പെട്ടന്ന് ഏവർക്കും പ്രിയപ്പെട്ടതാവും. ഇവിടെ വന്നാല്‍ ആരുമൊന്ന് കൂകി പോകും. അത് മുതിര്‍ന്നവരായാലും കുട്ടികളായാലും. ഒരിക്കല്‍ പോലും കൂകാത്തവര്‍ പോലും കാളക്കടവിലെത്തിയാല്‍ അറിയാതെ കൂകിപ്പോകും.

ഒരു കാലത്ത് കന്നുകാലികളെ മറുകരയിലെ കാട്ടിലേക്ക് മേയ്ക്കാന്‍ വിട്ടിരുന്ന കടവാണ് പില്‍ക്കാലത്ത് കാളക്കടവായി മാറിയത്. ഇവിടെ നിന്ന് പുഴയ്ക്ക് അക്കരെ കാണുന്നത് ലോക പ്രശസ്തമായ ഡോ. സലിം അലിയുടെ നാമധേയത്തിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണ്. പെരിയാറിന്റെ മടിതട്ടിലൂടെ കാനന ഭംഗി ആസ്വദിച്ചുള്ള വഞ്ചി യാത്രയൂടെ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ആ യാത്ര അത് അനുഭവിച്ച് തന്നെ അറിയണം.

തോണിയിൽ ചെന്നിറങ്ങുന്നത് വിശാലമായ പുൽ മൈതാനത്തിലേയ്‌ക്കാണ്. ചുറ്റും ഇടതൂർന്ന വനവും, ഇവിടെ വനത്തിന്റെ ഭീകരത പക്ഷികളുടെ കള കളാരവത്തിൽ അലിഞ്ഞ് ഇല്ലാതാവുന്നു. വനത്തിനകത്ത് ഏതോ ഒരു സായിപ്പിന്റെ സ്ഥലവും ഏർമാടത്തിന്റെ ഭാഗങ്ങളും ഇപ്പോഴും നിലകൊള്ളുന്നു.

പാലമറ്റം എന്ന ഈ കൊച്ചു ഗ്രാമത്തിൽ റിസോർട്ടുകളും, കലിസ്പ്പോയുടെ സാഹസിക ക്യാമ്പും, വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഇവിടെ നിന്ന് ഒരു കിലോമിറ്റർ മാത്രം ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്.181 മീറ്റർ നീളവും, 1.2 മീറ്റർ വീതിയുമാണ് ഈ പാലത്തിന്. ഈ കുടിയേറ്റ ഗ്രാമത്തിന്റെ ഒരു വശത്തു നേര്യമംഗലം വനവും, മറ്റു വശങ്ങളിൽ പെരിയാറും, തട്ടേക്കാട് പക്ഷി സാങ്കേതവുമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ ഇവിടെ ദേശാടന പക്ഷികൾ ഉൾപ്പെടെ നിരവധി അപൂർവയിനം പക്ഷികൾ വിരുന്നെത്തുന്നുണ്ട്. നിശാശലഭമായ അറ്റ്ലസ് മോത്തു ഇനവും ഇവിടെയുണ്ട്.

ഈ അടുത്ത കാലത്ത് പുതിയയിനം തവളയെ വരെ തട്ടേക്കാട് കാടുകളിൽ കണ്ടെത്തി. ഇഞ്ചത്തൊട്ടിക്ക് സമീപമുള്ള പോത്ത്പാറയിൽ ശിലായുഗ കാലത്തെ നിരവധി മുനിയറകൾ കൗതുക കാഴ്ചകൾ ആണ്. വേനലിലും സമൃദ്ധമായി വെള്ളമുള്ള പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയമങ്ങളാണ് മത്തംചേരി, മൂപ്പൻ കുത്ത് വെള്ളച്ചാട്ടങ്ങൾ.

നിരവധി വിനോദ സഞ്ചാരികളുടെ താവളമായിമാറുകയാണ് ഇഞ്ചത്തൊട്ടി. പെടൽ ബോട്ടും, കയാക്കിങ് ഒക്കെ യായി തിരക്കിന്റെ കാലം. ഐസ്ക്രീം വില്പനക്കാരും,ആവി പറക്കുന്ന ചൂടൻ പഴം പൊരിയും,ബോണ്ടയും, ചായയും ഒക്കെ കിട്ടുന്ന അടിപൊളി കൊച്ചു കടകൾ.വർഷം തോറും വിദേശികൾ അടക്കം രണ്ടു ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന വിനോദ കേന്ദ്രമാണ് ഭൂതത്താൻകെട്ട് . പ്രകൃതിരമണീയമായ കാഴ്ചകളും, പെരിയാറിലൂടെ ഉള്ള ബോട്ടിംഗും ഏതൊരു സഞ്ചാരിയുടെയും മനംമയക്കുന്നതാണ്.

ഏറു മാടങ്ങളും ഭൂതത്താൻകെട്ടിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാനായി വാച്ച് ടവറും ഒക്കെ നിർമിച്ചു കാണാ കാഴ്ചകൾ ഒരുക്കി ഭൂതത്താനും സഞ്ചാരികളെ വിസ്മയിപ്പിക്കുകയാണ്.നയന മനോഹര കാഴ്ചകൾ സമ്മാനിച്ച് വടാട്ടുപാറ കുത്തും, ഇടമലയാറും തൊട്ടടുത്തു തന്നെയുണ്ട്താനും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com