
നീരൊഴുക്ക് കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്ക്കാലികമായി അടച്ചു
തെന്മല: നീരൊഴുക്ക് കുറഞ്ഞതോടെ ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. ചൊവ്വാഴ്ച മുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റി വിടില്ല.
വെള്ളച്ചാട്ടത്തിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ ഇത്തവണ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. നീരൊഴുക്ക് കുറഞ്ഞതോടെ വെള്ളച്ചാട്ടത്തിന്‍റെ തൊട്ടു താഴെനിന്നു പോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.
ഇത് മാത്രമല്ല ജലപാതയിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിന് മുൻപായി തീർക്കേണ്ടതുണ്ട്. ഇതിനായും ഇടവേള ആവശ്യമാണ്. എല്ലാ വർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാത അടച്ചിടാറുള്ളതാണ്. ഇത്തവണ ഇത് നീണ്ടു. മഴക്കാലമാവുന്നതോടെ വീണ്ടും സഞ്ചാരികളെ കടത്തിവിടും.