

അർപിത ഖാൻ
ബോളിവുഡ് താരം സൽമാൻ ഖാന്‍റെ സഹോദരി അർപിത ഖാൻ 2025ൽ മുംബൈയിലെ വെസ്റ്റ് സാന്‍റാക്രൂസിൽ ആരംഭിച്ച റെസ്റ്റോറന്‍റ് ‘മെർസി’ ഭക്ഷണ വിഭവങ്ങളുടെ ഉയർന്ന വിലയിലൂടെ ശ്രദ്ധ നേടുന്നു. യൂറോപ്യൻ ശൈലിയിലുള്ള ഇന്‍റീരിയറും വ്യത്യസ്തമായ വിഭവങ്ങളുമാണ് ഈ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്‍റിന്‍റെ പ്രത്യേകത.
റെസ്റ്റോറന്‍റിലെ പ്രത്യേക വിഭവങ്ങളായ ‘സാൾട്ട് ക്രസ്റ്റഡ് റെഡ് സ്നാപ്പർ', ‘ട്രഫിൾ പാസ്ത ഓൺ വീൽ’ എന്നിവയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. പർമേസാൻ ചീസ് വീലിനൊപ്പം സ്പാഗറ്റിയും ട്രഫിൾ സോസും ചേർത്ത് തത്സമയം തയ്യാറാക്കി നൽകുന്ന ട്രഫിൾ പാസ്തയുടെ വില 8,500 രൂപയാണ്.
എന്നാൽ അതിലും ഉയർന്ന വിലയാണ് സാൾട്ട് ക്രസ്റ്റഡ് റെഡ് സ്നാപ്പറിന്. ഒരു പ്ലേറ്റിന് 10,000 രൂപയാണ് വില. മെർസിയുടെ പാനീയ മെനുവും ആഡംബരം നിറഞ്ഞതാണ്. ഫ്രാൻസിൽനിന്ന് എത്തിക്കുന്ന ചില ഷാംപെയിൻ കുപ്പികൾക്ക് 1,88,550 രൂപ വരെ വിലയുണ്ട്. വൈറ്റ് വൈൻ വിഭാഗത്തിലെ ചില ഇനങ്ങൾക്ക് 50,000 രൂപയ്ക്ക് മുകളിലാണ് വില. ഏറ്റവും വിലകൂടിയ റെഡ് വൈൻ കുപ്പിക്ക് ഏകദേശം 1.40 ലക്ഷം രൂപയാണ്.
എന്നാൽ ഇതിനെ അപേക്ഷിച്ച് കോക്ക്‌ടെയ്ൽസ് താരതമ്യേന കുറഞ്ഞ വിലയിലാണ്. 900 മുതൽ 1,200 രൂപ വരെയാണ് കോക്ക്ടെയ്‌ലുകളുടെ വില. മെർസിയുടെ അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത് ഷെഫ് ഡെനിസ് കോൾ ആണ്. അർപിത ഖാന്‍റെ ബിസിനസ് പങ്കാളികളായ കേതുൽ, ഗൗരവ് പരീഖ് എന്നിവരാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
നിരവധി ഷെഫുമാരെ പരിഗണിച്ചും ഭക്ഷണപരീക്ഷണങ്ങൾ നടത്തിയുമാണ് ഡെനിസ് കോളിനെ തെരഞ്ഞെടുത്തതെന്ന് അർപിത നേരത്തെ പറഞ്ഞിരുന്നു. മുംബൈയിലെത്തിയ ശേഷം നടത്തിയ ട്രയലിൽ അദ്ദേഹത്തിന്‍റെ പാചക വൈദഗ്ധ്യവും സമീപനവും മികച്ചതായി തോന്നിയതിനെ തുടർന്നാണ് നിയമനം നടത്തിയതെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഇതിനോടകം തന്നെ മെർസി മുംബൈയിലെ ഭക്ഷണപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ഫൈൻ ഡൈനിംഗ് കേന്ദ്രമായി മാറിയിരിക്കുകയാണ്.