മൃഗങ്ങൾക്കിടയിലെ മദ്യപാനി 'പെൻ ടെയിൽഡ് ട്രീ ഷ്രൂ' | Video
മൃഗങ്ങളിലും മദ്യപാനികൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. ഇക്കൂട്ടത്തിലെ ശ്രദ്ധേയനായ ജീവിയാണ് പെൻ ടെയ്ൽഡ് ട്രീ ഷ്രൂ. വർഷത്തിൽ എല്ലാദിവസവും മദ്യം ഉപയോഗിക്കുന്ന ഈ ജീവി മലേഷ്യയിലാണ് കാണപ്പെടുന്നത്. ചെറിയ എലികളുടെ രൂപമുള്ള ഈ ജീവികൾ ബെർത്താം പാം എന്ന പനയുടെ തേനാണു കഴിക്കുന്നത്. 3.8% ആൽക്കഹോൾ ഉള്ളതാണ് ഈ തേൻ. പല രാജ്യങ്ങളിലും അനുവദനീയമായിട്ടുള്ള മദ്യഉപയോഗ തോതിനെ കടത്തിവെട്ടുന്ന നിലയിലാണ് പെൻ ടെയ്ൽഡ് ട്രീ ഷ്രൂവിന്റെ മദ്യപാനം. എന്നാൽ വലിയ തോതിൽ മദ്യാംശം അകത്തുചെന്നാലും ഈ ജീവികൾ ലഹരിക്ക് അടിമകളാകില്ല.
മദ്യം ശരീരത്തെ ബാധിക്കാത്തവിധം ഒരു പ്രതിരോധ സംവിധാനം പെൻ ടെയ്ൽഡ് ട്രീ ഷ്രൂ ജീവികളിലുണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ രഹസ്യം കണ്ടെത്തിയാൽ അമിത മദ്യാസക്തിയുടെ ചികിത്സയിൽ ഉപകാരമായേക്കാം. ചിമ്പാൻസികൾ, ആഫ്രിക്കൻ ആനകൾ ഉൾപ്പെടെയുള്ള ജീവികളും ഇത്തരത്തിൽ മദ്യാംശമുള്ള പഴ വർഗങ്ങളും പാനീയങ്ങളും കഴിക്കാറുണ്ട്. ചിലയിനം പക്ഷികളും വവ്വാലുകളുമൊക്കെ മദ്യാംശമുള്ള തേൻ കുടിക്കുമെങ്കിലും ഇതൊക്കെ വല്ലപ്പോഴുമുള്ള 'ഒക്കേഷനൽ ഡ്രിങ്കിങ്' ആണ്. ഇന്ത്യയിലെ മഹുവ പുഷ്പങ്ങൾക്കും ലഹരിയുണ്ട്. ആന, കരടി തുട ങ്ങിയ പല ജീവികളും ഇവ കഴിച്ച് മത്തടിക്കാറുണ്ട്.