

ഒന്നിൽ കൂടുതൽ പങ്കാളികളുള്ളവരും ദമ്പതികളെപ്പോലെ തന്നെ സന്തുഷ്ടരെന്ന് പഠനം
representative image
പരമ്പരാഗതമായി ഏക പങ്കാളിയുമായി ജീവിക്കുന്നതു (മോണോഗമി) പോലെ തന്നെ, ഒന്നിലധികം പങ്കാളികളുള്ള (പോളിഗമി) ആളുകളും സന്തുഷ്ടരാണെന്ന് പുതിയ പഠനം. പോളിഗമി പോലുള്ളവ തെറ്റാണെന്ന സമൂഹത്തിന്‍റെ ചിന്താഗതികളെ അപ്പാടെ തകർത്തെറിയുന്നതാണ് പിയര്‍ റിവ്യൂഡ് ജേണലായ 'ദി ജേണല്‍ ഓഫ് സെക്സ് റിസര്‍ച്ച്' പ്രസിദ്ധീകരിച്ച പഠനം. ഇരു വിഭാഗത്തിലുള്ളവരും തമ്മിൽ പ്രകടമായ ഒരു വ്യത്യാസവുമില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഒരു ജീവിതപങ്കാളി മാത്രമുള്ളതാണ് മേന്മയേറിയ ജീവിതം എന്ന മിഥ്യയെ (മോണോഗമി-സുപ്പീരിയോറിറ്റി മിഥ്യ) പൊളിച്ചെഴുതുന്നതാണ് പുതിയ പഠനമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യുഎസിലും യൂറോപ്പിലും ഉടനീളം നടത്തിയ 35 പഠനങ്ങളുടെ വിശകലനത്തിൽ, രണ്ട് തരത്തിലും റിലേഷന്‍ഷിപ്പുള്ള 24,489 ആളുകളെയാണ് പഠനവിധേയരാക്കിയത്. ഇരു കൂട്ടരും തങ്ങളുടെ റിലേഷന്‍ഷിപ്പിലും ലൈംഗികജീവിതത്തിലും ഒരേ അളവില്‍ സംതൃപ്തരാണെന്നാണ് പഠനത്തില്‍ കണ്ടെത്തി.
"ഏകപങ്കാളികളുള്ള മോണോഗമി ബന്ധങ്ങളാണ് പലപ്പോഴും പോളിഗമി ബന്ധങ്ങളെ അപേക്ഷിച്ച് കൂടുതൽ സംതൃപ്തി, അടുപ്പം, പ്രതിബദ്ധത, പരസ്പരവിശ്വാസം എന്നിവ വാഗ്ദാനം ചെയ്യുന്നത് എന്നാണ് പൊതുവായ വിശ്വാസം. എന്നാൽ, ഈ വിശ്വാസത്തെ പൊളിച്ചെഴുതുന്നതാണ് തങ്ങളുടെ പഠനം. ഇത് മോണോഗമി-സുപ്പീരിയോറിറ്റി മിഥ്യയും സ്റ്റീരിയോടൈപ്പുകളും മറ്റ് വാര്‍പ്പുമാതൃകകളയും ഇത് തകർക്കുന്നു."- പഠനത്തിനു പ്രധാന നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസർ ജോയൽ ആൻഡേഴ്സൺ പറഞ്ഞു.
"പഠനത്തത്തിൽ LGBTQ+, സ്ട്രെയിറ്റ് ബന്ധങ്ങളിലുമുള്ള വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ട്. സ്വഭാവത്തിൽ വ്യത്യസ്തമായിരിക്കുമെങ്കിലും, അവരുടെ പ്രണയവും ലൈംഗികജീവിതവും സന്തോഷകരവും തൃപ്തികരവുമാണ് എന്നാണ് കണ്ടെത്തൽ. പ്രണയവും ലൈംഗിക സംതൃപ്തിയും നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗണ്യമായി സംഭാവന ചെയ്യുന്നുണ്ട്. ഓപ്പൺ റിലേഷന്‍ഷിപ്പുകൾ, പോളിഗമി ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ ഈ ഫലങ്ങൾ." പ്രൊഫസർ ആൻഡേഴ്സൺ കൂട്ടിച്ചേർക്കുന്നു.