പനനൂറുമായൊരു പെരുവയലുകാരൻ

വിശപ്പടക്കാൻ കർഷകർ സ്വീകരിച്ച ഒരു ആരോഗ്യ ഭക്ഷണമായിരുന്നു പനനൂറ്.
Muraleedharan makes Talipot Palm powder
മുരളീധരൻ പനനൂറുണ്ടാക്കുന്നുFacebook
Updated on

പനനൂറ് കഴിച്ചാൽ പന പോലെ വളരും... പട്ടിണിക്കാലങ്ങളിൽ പരിചിതമായിരുന്ന പഴമക്കാരുടെ പഴഞ്ചൊല്ലുകളിലൊന്നാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ ദാരിദ്ര്യത്തിലായ നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ കർഷകർ സ്വീകരിച്ച ഒരു ആരോഗ്യ ഭക്ഷണമായിരുന്നു പനനൂറ്.

മൂത്ത പന മുറിച്ച് കഷണങ്ങളാക്കി അതിൽ നിന്നും പൊടിയുണ്ടാക്കി ആ പൊടിയുപയോഗിച്ച് ഉണ്ടാക്കുന്ന പനംകുറുക്കിനെയാണ് പനനൂറ് എന്നു പറഞ്ഞിരുന്നത്. പഴയ കാലത്ത് പനംകുറുക്കും ചേമ്പിൻ താളു കറിയുമായിരുന്നു പല ഭവനങ്ങളിലും വിശപ്പകറ്റിയിരുന്നത്. കുറുക്കു മാത്രമല്ല, ഇതുപയോഗിച്ച് ഹൽവ, പുട്ട്, അവലോസ് പൊടി, അട, പായസം എന്നിവയെല്ലാം ഉണ്ടാക്കാം.

കേൾക്കും പോലെ അത്രയെളുപ്പമല്ല ഇതിന്‍റെ നിർമാണം.നല്ല ക്ഷമ വേണം പന നൂറ് ഉണ്ടാക്കാൻ.

പന നൂറു നിർമിക്കുന്ന വിധം:

മൂപ്പെത്തിയ കുടപ്പന മുറിച്ച് തടിയുടെ ഉരുണ്ട ഭാഗം വെട്ടിപ്പൊളിച്ച് പനം ചോറ് എടുക്കുക.അത് ചെറിയ കഷണങ്ങളാക്കി ഉരലിൽ ഇട്ട് ഇടിച്ചു ചതച്ചെടുക്കുക. വലിയ പാത്രത്തിൽ വെള്ളം നിറയ്ക്കുക.ഇതിൽ ഒരു വൃത്തിയുള്ള തോർത്ത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ചുറ്റിക്കെട്ടുക.അതിൽ ചതച്ചു വച്ചിരിക്കുന്ന പനം ചോറ് തിരുമ്മി എടുക്കുക.ഇങ്ങനെ ചതച്ചു വച്ചിരിക്കുന്ന പനം ചോറു മുഴുവൻ തിരുമ്മി ഇതിലുള്ള നൂറ് പാത്രത്തിലടിയുമ്പോൾ എടുത്തു മാറ്റുക.

മുഴുവൻ ചോറും ഇതുപോലെ ഇടിച്ച് വെള്ളത്തിൽ തിരുമ്മിയെടുത്ത് ഒരു മണിക്കൂറിനു ശേഷം തോർത്ത് അഴിച്ച് മാറ്റി വളരെ സാവധാനത്തിൽ പാത്രത്തിലെ വെള്ളം ഊറ്റിക്കളയുക.

പാത്രത്തിന് അടിയിൽ വെളുത്ത നിറത്തിൽ നൂറ് അടിഞ്ഞതായി കാണാം.

വീണ്ടും പാത്രം നിറയെ വെള്ളം ഒഴിച്ച് നൂറു നന്നായി ഇളക്കി ഒഴിച്ച വെള്ളത്തിൽ ലയിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം വീണ്ടും വെള്ളം സാവധാനം ഒഴിച്ചു കളയുക.

അഞ്ചു പ്രാവശ്യമെങ്കിലും ഇതു തുടരുക. ഇങ്ങനെ കട്ടു കളഞ്ഞ പന നൂറ് നല്ല ഡബിൾ മുണ്ടിൽ ഒരു തവിക്കു പകർത്തി കിഴി പോലെ കെട്ടിത്തൂക്കി വെള്ളം മുഴുവൻ വാർന്നു പോയ ശേഷം നല്ല പോലെ വെയിലത്തു വച്ച് ഉണക്കിയെടുത്ത് സൂക്ഷിക്കുക. പോഷക സമൃദ്ധമായ പനനൂറ് തയാറായിക്കഴിഞ്ഞു.

എവിടെ കിട്ടും?

ഇനി ഇതെവിടെ കിട്ടുമെന്നല്ലേ? പനം നൂറ് ഉണ്ടാക്കി വിൽപന നടത്തുന്ന ഒരാളുണ്ട് കോഴിക്കോട്. പെരുവയലിൽ മനക്കൽ പുതിയോട്ടിൽ മുരളീധരൻ. ഇവിടെ പനമ്പൊടി നിർമാണം തകൃതിയാണ്.

കേരളത്തിന് അന്യം നിന്ന പഴമയുടെ ഈ രുചിക്കൂട്ട് മുരളീധരന്‍റെ കൈകളിൽ ഭദ്രം.

ആരോഗ്യ പ്രശ്നങ്ങളാൽ പതിവായി ചെയ്തു പോന്ന കിണർ നിർമാണത്തൊഴിലിനോട് വിട പറയേണ്ടി വന്നതോടെയാണ് മുരളീധരൻ ശിഷ്ടകാലം ജീവിതത്തോണി തുഴയാൻ ചെറുപ്പത്തിൽ തന്‍റെ വിശപ്പടക്കിയ പനനൂറിനെ കൂട്ടു പിടിച്ചത്. ഇന്ന് മുരളീധരന്‍റെ പനനൂറു തേടി നിരവധി പേരാണ് പെരുവയലിലെ റോഡരികിലെ കൊച്ചു കടയിലെത്തുന്നത്.

ആവശ്യക്കാരുടെ ഇഷ്‌ടാനുസരണം പൊടിയാക്കിയും കഷണങ്ങളാക്കിയും വിതരണം ചെയ്യുന്നുണ്ട് മുരളീധരൻ.

ആരോഗ്യകരമായ പനമ്പൊടി പുതിയ തലമുറയും വാങ്ങുന്നുണ്ട്.ഏറെ രുചികരമായ പനം കഞ്ഞിയും പനംകുറുക്കും പായസവും എല്ലാം ഉണ്ടാക്കാം എന്നതാണ് പ്രത്യേകത. രാവിലെ മുതൽ രാത്രി വരെ പെരുവയൽ അങ്ങാടിയിൽ പനമ്പൊടി വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. പഴമുറക്കാർക്ക് ഗൃഹാതുരമായ ഓർമ്മപ്പെടുത്തലും പുതുതലമുറയ്ക്ക് കൗതുകവുമാണ് മനക്കൽ പുതിയോട്ടിൽ മുരളീധരന്‍റെ പനം പൊടി നിർമ്മാണവും വിൽപ്പനയും.മുരളീധരന്‍റെ പന നൂറിനോടുള്ള താൽപര്യം സോഷ്യൽ മീഡിയയിലും അദ്ദേഹത്തെ താരമാക്കിയിരിക്കുകയാണ് ഇപ്പോൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com