ശുകപുരം രാധാകൃഷ്ണന്‍
തായമ്പകയുടെ താരം പോരൂര്‍ ഉണ്ണികൃഷ്ണന് അറുപതിന്‍റെ നിറവ്. പോരൂരപ്പന്‍റെ ദാസനായ ഉണ്ണികൃഷ്ണന്‍ കേരളത്തിലെ തായമ്പകവേദികളിലെ അഴകും അഭിമാനവും മാത്രമല്ല, ആയിരങ്ങളുടെ ആരാധനാപാത്രവുമാണ്. ശുകപുരം ദക്ഷിണാമൂര്‍ത്തിയുടെ അടിയന്തരക്കാരനായെത്തി തുടങ്ങിയതാണ് ഉണ്ണികൃഷ്ണൻ. കടവല്ലൂര്‍ അച്യുതമാരാര്‍, ശുകപുരം രാഘവപ്പണിക്കര്‍, തിരുവേഗപ്പുറ രാമപ്പൊതൂവാള്‍, മലമക്കാവ് അച്യുതമാരാര്‍, പോരൂര്‍ ശങ്കുണ്ണിമാരാര്‍ എന്നിങ്ങനെ നീളുന്ന വാദ്യകലാ പെരുമയുടെ വിസ്മയവും വിശ്രുതവുമായ കണ്ണികളായ പോരൂര്‍ സഹോദരങ്ങളിലെ ഇളയവനാണ് ഉണ്ണികൃഷ്ണന്‍.
കാലപ്രമാണവും അതുല്യമായസാധകവും കൂറുകളിലെ വാദനവിന്യാസവും അന്യാദൃശമായ ഇടകാലത്തിന്‍റെ കൊട്ടിയമര്‍ച്ചയും ധൃതികാലത്തിന്‍റെ ഔന്നത്യവും സംഗമിച്ച സര്‍ഗപ്രതിഭ. പോരൂര്‍ കുട്ടന്‍ മാരാരുടെ മക്കളും സഹോദര പുത്രനും ഉള്‍പ്പെട്ട പോരൂരിലെ പഞ്ചസഹോദരന്മാര്‍ വാദ്യകലയിലെ നിറശോഭയാണ്. തിരുവേഗപ്പുറ ശങ്കുണ്ണി പൊതുവാള്‍ക്കായിരുന്നു ഇവരുടെ ശിക്ഷണ നിയോഗം. നായത്തോട് രാമമാരാരിൽ നിന്നു തിമില അഭ്യസനം കൂടി പൂർത്തിയാക്കിയിട്ടുണ്ട് ഇവർ.
1975 ലാണ് ഉണ്ണികൃഷ്ണൻ അരങ്ങുകളിലെത്തുന്നത്. ചിതലി രാമമാരാര്‍, പല്ലശ്ശന പത്മനാഭന്‍മാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ എന്നിവരുടെ തായമ്പകകൾ പലതവണ കേട്ടതു താളബോധം ഉള്ളിലുറപ്പിച്ചെന്ന് ഉണ്ണികൃഷ്ണൻ. തൃത്താല കേശവപ്പൊതുവാളുടെയും പല്ലാവൂര്‍ അപ്പുമാരാരുടെയും വാദനവഴികള്‍ ഏറെ ആകര്‍ഷിച്ചിട്ടുമുണ്ട്. ഇരട്ടത്തായമ്പകകളില്‍ രണ്ടാമനായി ധാരാളം കൊട്ടിയതിനാല്‍ പ്രമാണക്കാരനെ പിന്‍തുടരുക എന്ന കലാധര്‍മവും ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചു.
പോരുര്‍ ഹരിദാസനും പോരൂര്‍ ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന തായമ്പകകള്‍ ഇരട്ടത്തായമ്പകയുടെ വ്യാകരണമായതു സമീപ ചരിത്രം. കനവും കാലപ്രമാണവും മനോധര്‍മ ചിട്ടയും സാധകപടുത്വവും കൈ കോലുകളുടെ ഒത്തിണക്കവും ഇഴചേരുന്ന ഈ തായമ്പക വിദ്വാന്മാരില്‍ ഇളയവനാണ് പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍. ഏതു ശൈലിയോടും അതിവേഗം ഇണങ്ങുമെന്നതാണ് ഉണ്ണികൃഷ്ണന്‍റെ സവിശേഷത.
തായമ്പകരംഗത്തെ മുതിര്‍ന്ന കലാകാരന്‍മാരായ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരുമായി ഇരട്ടത്തായമ്പകയിൽ വേദി പങ്കിടുമ്പോൾ അവരുടെ രീതി ഉള്‍ക്കൊള്ളാനുള്ള ഉണ്ണികൃഷ്ണന്‍റെ കഴിവ് മിഴിവുള്ളതാണ്. ഒപ്പം നിൽക്കുന്നവരെ ജ്യേഷ്ഠന്‍റെയോ ഗുരുവിന്‍റെയോ സ്ഥാനത്ത് അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള വിനയമാണ് ഉണ്ണികൃഷ്ണന്‍റെ കൈമുതൽ.
അറുപതിന്‍റെ നിറവിലെത്തിയ കലാകാരണെ ഷഷ്ടിപൂര്‍ത്തി പോരൂർ പെരുമ എന്ന പേരിൽ വേറിട്ട നിലയിലുള്ള ആഘോഷമായി ഇന്നു മലപ്പുറംപോരൂര്‍ ശിവക്ഷേത്രസന്നിധിയില്‍ നടക്കുകയാണ്.
കല്ലൂര്‍ രാമന്‍കുട്ടിമാരാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാരും കലാമണ്ഡലം ബലരാമനുമുള്‍പ്പെടെ 33 പേര്‍ ചേര്‍ന്ന വിശേഷാല്‍ തായമ്പക പിറന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടും.
(റിട്ട.കൃഷി ഓഫിസറും മുതിര്‍ന്ന തായമ്പക കലാകാരനുമാണ് ലേഖകന്‍, ഫോണ്‍-6282428966)