രുചിവൈവിധ്യങ്ങളുടെ കൂട്ടുകാരി

ഇനിയും തന്‍റെ പാചകം കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനും അതുവഴി കൂടുതൽ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കണമെന്ന ആഗ്രഹത്തിലാണ് പ്രിയ
പ്രിയ മേരി ആന്‍റണി
പ്രിയ മേരി ആന്‍റണി

ജിഷാ മരിയ

കൊച്ചി: രുചികരമായ ഭക്ഷണം ആരുടെയും ഹൃദയം കീഴടക്കും. നല്ല പാചകക്കാര്‍ക്കും ഇഷ്ടക്കാരേറെയാണ്. സ്വന്തമായി എന്തെങ്കിലും തൊഴില്‍ നേടിയെടുക്കുക എന്ന സ്വപ്നത്തിലേക്ക് ഫോര്‍ട്ട്കൊച്ചി സ്വദേശി പ്രിയാ മേരി ആന്‍റണിയുടെ വഴി തുറക്കുന്നതും പാചകത്തിലൂടെയാണ്, കൃത്യമായി പറഞ്ഞാൽ, പ്രിയാസ് കിച്ചണ്‍ എന്ന സംരംഭത്തിലൂടെ.

2017ലെ ലോക വനിതാ ദിനത്തില്‍ നടന്ന പാചക മത്സരത്തില്‍ പങ്കെടുത്ത് വിജയിയായതിനെത്തുടര്‍ന്നാണ് തന്‍റെ വഴി പാചകമാണെന്നു പ്രിയ മനസിലാക്കുന്നത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന പാചകക്കാരിയെ പൊടിതട്ടിയെടുത്ത് സ്വന്തമായൊരു സംരംഭത്തിനു തുടക്കം കുറിച്ചു.

''പാചകം ഒരു കലയാണ്. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്താല്‍ അതിന് രുചി കൂടണമെന്നില്ല. എന്തു കാര്യം ചെയ്യുകയാണെങ്കിലും ആത്മാർഥതയോടെ ചെയ്താല്‍ മാത്രമേ അത് വിജയിക്കൂ. അതിനാദ്യം വേണ്ടത് ആഗ്രഹവും പരിശ്രമിക്കാനുള്ള മനസുമാണ്'', പ്രിയ പറയുന്നു.

നല്ലൊരു പാചകക്കാരിയാകാന്‍ പാചകത്തില്‍ ഡിഗ്രി എടുക്കേണ്ട ആവശ്യമില്ല എന്നുകൂടി തെളിയിക്കുകയാണ് പ്രിയ. അമ്മ നല്ലൊരു പാചകക്കാരി ആയിരുന്നു. അമ്മയില്‍ നിന്നു പഠിച്ചതാണ് പാചകത്തിലെ പൊടിക്കൈകള്‍. ഇന്ന് പ്രിയാസ് കിച്ചണ്‍ എന്ന പേരില്‍ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തുമ്പോൾ മകള്‍ പ്രിയങ്ക, സഹോദരി ഡയാന സാബു എന്നിവര്‍ കൂട്ടിനുണ്ട്. കൂടാതെ, ഒപ്പമുള്ള നാലു സഹായികളും വനിതകളാണ്. ബര്‍ത്ത്ഡേ പാര്‍ട്ടി, മാമ്മോദീസ, ആദ്യകുര്‍ബാന, മനസമ്മതം, തുടങ്ങിയ ചടങ്ങുകള്‍ക്ക് പ്രിയയുടെ നേതൃത്തിലുള്ള സ്ഥാപനത്തിനു നിരവധി ഓര്‍ഡറുകളാണ് ലഭിക്കുന്നത്.

ചാനലുകളിലെ പാചക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും പ്രിയ നേടിയിട്ടുണ്ട്. 'മറക്കാത്ത സ്വാദ്' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനവും 'ഈസ്റ്റര്‍ രുചി' എന്ന ചാനൽ പരിപാടിയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതോടെ നാട്ടിലെ താരവുമായി.

കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയ്ക്കു കീഴിലുള്ള കേരള റസ്റ്ററന്‍റ് ട്രിലോളജിയില്‍ നടന്ന മത്സരത്തിലും പ്രിയ ജേത്രിയായിരുന്നു. മത്സരത്തില്‍ പ്രിയയുടെ സ്പെഷ്യല്‍ ഐറ്റം താറാവ് പെരട്ട് പിന്നീട് ഹോട്ടലിലെ സ്റ്റാർ ഐറ്റമായും മാറി. പ്രിയയുടെ മറ്റൊരു സ്പെഷ്യല്‍ ഒലത്ത് ഇറച്ചിയാണ്.

ഇനിയും തന്‍റെ പാചകം കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനും അതുവഴി കൂടുതൽ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കണമെന്ന ആഗ്രഹത്തിലാണ് പ്രിയ. സ്വന്തം വഴികള്‍ സ്വയം കണ്ടെത്താനും അതില്‍ ശോഭിക്കാനുമുള്ള പരിശ്രമമുണ്ടെങ്കില്‍ ആര്‍ക്കും വിജയം നേടാനാകുമെന്ന് പ്രിയ പറയുന്നു. സംവരണവും പ്രോത്സാഹനവും മാത്രമല്ല, സ്വയം പരിശ്രമവും സ്ത്രീകൾക്ക് അനിവാര്യമാണ്. സ്വന്തമായ പരിശ്രമത്തിലൂടെ വിജയം നേടിയ പ്രിയയുടെ ജീവിതം വനിതാ ദിനത്തില്‍ ഏവർക്കും പ്രചോദനമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com