
കഥയ്ക്കുമപ്പുറം | രാമായണ ചിന്തകൾ -15
വെണ്ണല മോഹൻ
രാമായണത്തെ കഥയായോ കവിതയായോ ഉള്ള ഒരു സാഹിത്യ സൃഷ്ടിയായി പറയുന്നുവെങ്കിലും വെറുമൊരു കഥയാണോ രാമായണം എന്നു നമ്മൾ സൂക്ഷ്മമായി നിരീക്ഷിക്കുക. അപ്പോൾ മനസിലാക്കാനാകുന്നത് എന്താണ്? പൂർവികരായ ആചാര്യന്മാർ ഒരിക്കലും രാമായണത്തെ വെറും കഥയായിട്ടല്ല ഗണിച്ചിട്ടുള്ളത്. കഥാസാഹിത്യത്തിന്‍റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ആനന്ദിപ്പിക്കുക, രസിപ്പിക്കുക എന്നൊക്കെയാണല്ലോ?
കേവല രസാനുഭൂതിക്ക് ഉപരിയാണ് രാമായണത്തിന്‍റെ സ്ഥാനം. അത് വിലയിരുത്തേണ്ടതുമാണ്. രാമായണത്തെ ഇതിഹാസം എന്നാണല്ലോ പറയുന്നത്. ഇതിഹാസം എന്നാൽ ഇത് ഇഹ ആസം എന്നാണല്ലോ! അതായത് ഇപ്രകാരം ഇവിടെ ഉണ്ടായത് ഇതിഹാസം! ഇതിഹ പാരമ്പര്യോപദേശ ആസ്തേ അസ്മിൻ ഇതി. പാരമ്പര്യോപദേശത്തോടുകൂടിയതും ധർമം, അർഥം, കാമം, മോക്ഷം ഇവയെ യോജിപ്പിച്ചുകൊണ്ടു പറയുന്ന ഉപദേശവും ആണ് ഇതിഹാസങ്ങൾ എന്നും പറയാം. രാമായണത്തിലെ കഥാതന്തു ഈ കർമമല്ലേ നിർവഹിക്കുന്നത്?! ഓരോ സന്ദർഭങ്ങളും ഇതിനനുസരണമായിട്ടല്ലേ നീങ്ങുന്നത്? ഇതിഹ ഉപദേശ പാരമ്പര്യം എന്ന സമാസത്തിൽ ഐതിഹ്യം എന്നു പറയുന്നതും ഇതിനെയാണ്.
അല്ല, പുരാണമാണ് രാമായണം എന്ന് പറയുമ്പോഴും നാം മനസിലാക്കേണ്ടത് എന്താണ്? പുരാ ഭവഃ ആണല്ലോ പുരാണം. പുരാ ഭവഃ എന്നു പറഞ്ഞാൽ മുൻപ് സംഭവിച്ചത് എന്ന് തന്നെയാണ് അർഥം. എന്നാൽ പുരാ നിയതേ ഇതി പുരാണം. പുര ആഗ്ര ഗമനേ. അവിഛേദന ക്രീയാ കരണേ. മുൻപിലേക്ക് നയിക്കുന്നതും വിച്ഛേദനം അഥവാ തടസപ്പെടലുകൾ ഒന്നുമില്ലാതെ പ്രവർത്തിക്കുവേണ്ടി സഹായിക്കുന്നതുമാണ് പുരാണം. ഇതിൽ നിന്നു തന്നെ രസാനുഭൂതി മാത്രമല്ല മാനവരെ സ്ക്രീയരാക്കാനും ആ ക്രിയകൾ ജീവിതത്തെ മുന്നോട്ടു നയിക്കാനും അതെല്ലാം ധർമാർഥ കാമ മോക്ഷങ്ങളെ ബന്ധപ്പെടുത്തി ആകാനും സഹായിക്കുന്ന ഒന്നാണ് രാമായണം.
എത്ര മഹത്തരമാണ് രാമായണത്തിന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ലേ! അതുകൊണ്ടുതന്നെ രാമന്‍റെ യാത്രയോടൊപ്പം നാം സഞ്ചരിക്കുമ്പോൾ തമ്മിലും പുരോഗതിക്കുള്ള പാത തുറക്കപ്പെടുകയാണ്. ഭോഗമല്ല ത്യാഗമാണ് വലുതെന്നും ആർഭാടമായ ലൗകീക സുഖത്തിൽ മാത്രം കഴിയാതെ ആത്മീയമായ ഉയർച്ചയിലേക്കും പ്രയാണം നടത്തേണ്ടതുണ്ടെന്നും രാമായണം നമ്മെ ബോധ്യപ്പെടുത്തുന്നില്ലേ?
ആർഭാടപൂർണമായ ഭൗതികതയെ കൈവിട്ടാലേ ആത്മീയമായ ഔന്നത്യം കൈവരിക്കാനാകൂ. ശ്രീരാമൻ അയോധ്യാ രാജൻ എന്ന പദവി കൈവിട്ട് രാജ ആർഭാട സന്തോഷങ്ങളെല്ലാം ഒഴിവാക്കി യാത്ര ചെയ്യുന്നതോ വനത്തിലേക്ക് ! ശരീരസംബന്ധമായ സുഖമാണ് രാജപദവി. ആത്മീയമായ ഉയർച്ചയാണ് കാനനവാസം. ആത്മീയ ഉയർച്ചയിൽ ഭേദഭാവം ഇല്ലാതാകുന്നു. വനങ്ങളും അരുവികളും കുരുവികളും മൃഗങ്ങളും എല്ലാമെല്ലാം സമസ്ഥരായി മാറുന്നു. ഈ തിരിച്ചറിവിലേക്കാണ് രാമായണത്തിലെ രാമന്‍റെ ഓരോ സത്‌സംഗങ്ങളുടേയും വിവരണം. അവ നമ്മുടെ കണ്ണു തുറപ്പിക്കുന്നതുമാണ്. ശരഭംഗാശ്രമത്തിൽ ചെല്ലുന്ന രാമൻ പിന്നീടും എത്രയെത്ര ആശ്രമങ്ങളാണ് സന്ദർശിക്കുന്നത്. ഇതെല്ലാം ഓരോരോ സത്‌സംഗ സംഗമവും ആണ്.
സത്‌സംഗമത്തിന്‍റെ എത്രയെത്ര സന്ദർഭങ്ങളാണ് രാമായണത്തിൽ ഉള്ളത്!
അത്രി മഹർഷിയുടെ ആശ്രമത്തിലെത്തുന്ന ശ്രീരാമ സീതാലക്ഷ്മണന്മാരോട്, അവർ യഥാർഥത്തിൽ ആരാണെന്ന് തിരിച്ചറിയാവുന്ന മഹർഷി തന്‍റെ പത്നിയായ അനസൂയ പർണശാലയിൽ ഉണ്ടെന്നും സീതയോട് അവരെ പോയി കാണാനും നിർദേശിക്കുന്നു.
'ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു
ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്ര കേൾ
എത്രയും വൃദ്ധ തപസ്വിനിമാരിൽവച്ചു-
ത്തമ ധർമജ്ഞാന തപോധന'
ധർമജ്ഞയായ അനസൂയയെ സീത നമസ്കരിക്കുമ്പോൾ ആ തപസ്വിനി പറയുന്നതോ...
'വത്സേ വരികരികേ ജനകാത്മജേ
സത്‌സംഗമം ജന്മ സാഫല്യമോർക്ക നീ'.
കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ കുട്ടികളെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നതും ദുർജനസംസർഗം പാടില്ലെന്ന് പറയുന്നതും ഒക്കെ ഈ സത്‌സംഗമാ വശ്യത്തിന്‍റെ ആദ്യപടി തന്നെയാണ്. രാമായണം പോലുള്ള കൃതികളെ മനനം ചെയ്തു വായിക്കുന്നതും മറ്റൊരാർഥത്തിൽ സത്‌സംഗമാണെന്ന് തന്നെ കരുതാം.
(നാളെ: സ്നേഹത്തിന്‍റെ നീരൊഴുക്ക്)