
നിമിത്തമാകുന്ന സ്ത്രീ കഥാപാത്രങ്ങൾ!
രാമായണ ചിന്തകൾ -18 | വെണ്ണല മോഹൻ
രാമായണത്തിലെ ഓരോരോ സംഭവങ്ങൾ ഉരുത്തിരിയുന്നതും, അഥവാ സംഭവങ്ങളുടെ വളർച്ചാ ഗതിമാറൽ എന്നിവയ്ക്കു നിദാനമാകുന്നതുമായ ചില സന്ദർഭങ്ങൾ! ആ സന്ദർഭങ്ങളുടെയെല്ലാം കർതൃത്ത്വം സ്ത്രീയാണ് എന്നതാണു സവിശേഷത. അത് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നു. രാമായണത്തിലെ പ്രധാനപ്പെട്ട ചില സന്ദർഭങ്ങൾ നമുക്ക് ഓർത്തെടുക്കാം. രാമന്‍റെ ജന്മോദ്ദേശ്യം രാവണ വധമായിരിന്നു. മാത്രവുമല്ല, കാനന വാസം കൊണ്ട് അന്യോപദ്രവം ചെയ്തുവരുന്ന രാക്ഷസ നിഗ്രഹണവും. ഈ ജന്മോദ്ദേശ്യം നടക്കുന്നതിന് രാജകുമാരനായി ജനിച്ച ശ്രീരാമൻ വനവാസത്തിനു പോകണം. അവിടെ വച്ച് ചില സംഭവങ്ങൾ അരങ്ങേറണം. രാവണ വധമാണ് ലക്ഷ്യമെങ്കിൽ അതിനായി ചില കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരണം. കഥ തുടങ്ങി വളർന്ന് അതിന്‍റെ പരിണാമഗുപ്തിയിലെത്തണം.
പൊതുവേ സാഹിത്യകൃതികളെക്കുറിച്ചും അതിന്‍റെ രീതികളെക്കുറിച്ചുമൊക്കെ പറയുമ്പോൾ നാലു കാര്യങ്ങളാണ് പറയാറുള്ളത്. സാധാരണ കാര്യങ്ങൾ സാധാരണമായി പറയാം. സാധാരണ കാര്യങ്ങൾ അസാധാരണമായി പറയാം. സാധാരണ കാര്യങ്ങൾ അസാധാരണമായോ അസാധാരണ കാര്യങ്ങൾ സാധാരണമായോ പറയാം. ഈ നാല് രീതികൾ. ഇതല്ലാതെ മറ്റൊരു രീതിയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. സൃഷ്ടിക്ക് ഏതു രീതിയാണ് അവലംബിക്കുന്നതെങ്കിലും, യുക്തിഭദ്രത ഉണ്ടായിരിക്കണം എന്നത് ആവശ്യമാണ്.
ഇവിടെ, രാമായണം എന്ന സാഹിത്യകൃതി ഉണ്ടായി വളർന്ന് പരിണാമഗുപ്തിയിലേക്കെത്തും വരെ യുക്തിഭംഗമൊന്നും ഉണ്ടായിട്ടില്ലെന്നു കാണാനാകും. യുക്തിഭദ്രമായ ഈ വളർച്ചയ്ക്കും പരിണാമത്തിനും നിദാനമായി മാറുന്ന ചില സന്ദർഭങ്ങളും സം ഭവങ്ങളും അതീവ ഹൃദ്യവും യുക്തിഭദ്രവുമായാണ് കവി സൃഷ്ടിച്ചിരിക്കുന്നത്. ഋഷിപ്രോക്തം തന്നെ, സംശയമില്ല. ഇങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഓരോ സംഭവങ്ങളിലും അതിന്‍റെ താക്കോൽ സ്ഥാനം സ്ത്രീയിലാണു കൽപ്പിച്ചു കൊടുത്തിരിക്കുന്നത് എന്നും കാണാം. സ്ത്രീയാണു നിമിത്തമാകുന്നതെന്നു സാരം.
നോക്കുക, രാമൻ അയോധ്യ വാണിരുന്നാൽ രാവണ വധം നടക്കില്ല. അതിന് അയോധ്യ വിട്ടേ പറ്റൂ. രാമന്‍റെ അഭിഷേകത്തിനു മുമ്പേ അതു മുടക്കാനായി കൈകേയിയുടെ അടുത്തെത്തുന്നത് മന്ഥര എന്ന സ്ത്രീയാണ്. അവരുടെ കുത്തിത്തിരിപ്പാണ് അഭിഷേകത്തിൽ നിന്നു രാമനെ ഒഴിവാക്കുവാൻ ദശരഥനോട് പറയാൻ കൈകേയിക്കു പ്രേരണയാകുന്നത്! ദുഷ്പ്രേരണയ്ക്ക് വശംവദയായി കൈകേയി ദശരഥനോട് തന്നോടു പണ്ടു ചെയ്ത സത്യം, വാഗ്ദാനം പാലിക്കാൻ പറഞ്ഞു ദശരഥനെ ധർമസങ്കടത്തിലാക്കുന്നത് ആര്? ഒരു സ്ത്രീ. ദുഷ്കൃത്യത്തിനു പ്രേരിപ്പിക്കുന്നതും അതു ചെയ്യാൻ രാജനെ നിർബന്ധിക്കുന്നതും സ്ത്രീ കഥാപാത്രങ്ങൾ തന്നെ! ഈ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണു രാമന്‍റെ ജീവിതഗതി അഥവാ അയനം ആരംഭിക്കുന്നതും, രാമായണത്തിന്‍റെ കഥാവളർച്ചയ്ക്കു തുടക്കം കുറിക്കുന്നതും.
തുടർന്നുള്ള യാത്രയിലെ മോക്ഷങ്ങൾ നൽകുന്ന ക്രിയയും രാക്ഷസീവധവും എല്ലാം മാറ്റിനിർത്തിത്തന്നെ ചിന്തിച്ചാൽ പോലും കഥാഗതിയിൽ വൻ കുതിപ്പു സൃഷ്ടിക്കുന്ന ഒന്നാണ് സഹോദരങ്ങളായ ബാലി - സുഗ്രീവന്മാരുടെ യുദ്ധം! രാമന്‍റെ മിത്ര സ്നേഹത്തിന് ഉദാഹരണമായൊക്കെ പറയാമെങ്കിലും അവിടെ നടക്കുന്നതെന്താണ്? ബാലി ദുന്ദുഭിയുടെ മകനായ മായാവി എന്ന രാക്ഷസനുമായി ശത്രുതയിലാക്കുന്നു. അതിനു നിമിത്തമാകുന്നതോ, ഒരു സ്ത്രീയും! വെല്ലുവിളിച്ച ശേഷം ഭൂഗർഭ ഗുഹയിൽ ഒളിച്ച മായാവിയെ പിടികൂടാൻ ഗുഹയിൽ കയറിയ ബാലി ഒരു വർഷം പുറത്തേക്കു വന്നില്ല.
ഗുഹയിൽ നിന്നു കേട്ട അലർച്ചയും ഗുഹയിൽ നിന്നു പുറത്തേക്ക് ഒഴുകിവന്ന ചോരയും കണ്ട് ബാലി മരിച്ചെന്നു കരുതി പുറത്തു നിന്നിരുന്ന സഹോദരൻ സുഗ്രീവൻ വലിയൊരു പാറക്കല്ലെടുത്ത് ഗുഹാമുഖം അടച്ചു. പിന്നീടു വന്നു ശേഷക്രിയകൾ ചെയ്തു. തുടർന്ന് ജനഹിത നിർബന്ധത്താൽ രാജ്യം വാഴാൻ തുടങ്ങിയ സമയം വിജയശ്രീലാളിതനായി ഗുഹയിൽ നിന്നു പുറത്തുവന്ന ബാലി സഹോദരൻ സുഗ്രീവനെ സംശയിക്കുന്നു, തെറ്റിദ്ധരിക്കുന്നു. അവിടെയും ഒരു സ്ത്രീ നിമിത്തമാകുന്നുണ്ട്. രാജ്യവും ഒപ്പം തന്‍റെ ഭാര്യയെയും സ്വന്തമാക്കാൻ സുഗ്രീവൻ ആഗ്രഹിച്ചു എന്ന സംശയം. ആ വൈരാഗ്യവും, തുടർന്നു സുഗ്രീവനു ലഭിച്ച രാമസഹായവും മാരുതി പോലുള്ളവരുടെ ബന്ധുത്വം ശ്രീരാമനു ലഭിക്കാനുള്ള കാരണമായി മാറുന്നു.
പിന്നീടാകട്ടെ, രാവണ വധത്തിനു കാരണമാകുന്നതോ? രാവണ സഹോദരിയായ ശൂർപ്പണഖ! രാമലക്ഷ്മണന്മാരോട് തന്നെ വിവാഹം കഴിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. അവർ അതു തിരസ്കരിച്ചു. ശല്യം സഹിക്കാതായപ്പോൾ മൂക്കും മുലയും ഛേദിച്ച് അടയാളപ്പെടുത്തി വിട്ടു. പക്ഷേ, ശൂർപ്പണഖ രാവണനോടു പറയുന്നത് രാവണനു യോജിച്ച ഒരു വനിതാരത്നം ഉണ്ടെന്നും ആ വനിതയെ നേടണം എന്നുമാണ്. അതു കേട്ട് സീതാപഹരണം നടത്തി, സീതയെ ലങ്കയിൽ തടവിലെന്ന പോലെ നിർത്തുന്നതോടെ രാമ- രാവണ യുദ്ധത്തിന്‍റെ നാന്ദിയും കുറിക്കപ്പെട്ടു. അവിടെയും സ്ത്രീ നിമിത്തമാകുകയാണ്. ശൂർപ്പണഖയും സീതയുമൊക്കെ കാരണത്തിന്‍റെ വക്താക്കളായി മാറുന്നു!
ഇങ്ങനെ ഓരോ ഘട്ടങ്ങളിലും സ്ത്രീകൾ രാമകഥയിൽ മുഖ്യപങ്കാളികളോ കർതൃമതികൾ തന്നെയോ ആകുന്നതു കാണാനാകും. സരസ്വതിയും മഹാലക്ഷ്മിയും മാത്രമല്ല, ചേട്ടാ ഭഗവതിയും സ്ത്രീസങ്കല്പത്തിലാണല്ലോ ഉള്ളത്.
(അടുത്തത്: ത്രിഗുണ കുടുംബങ്ങൾ )