ലക്ഷ്മണന്‍ ഭ്രാതൃസ്‌നേഹത്തിന്‍റെ അവതാരരൂപം

ത്യാഗനിര്‍ഭരമായ കര്‍മധര്‍മങ്ങളിലൂടെ ഭ്രാതൃസ്‌നേഹത്തിന്‍റെയും നിസ്വാര്‍ത്ഥ സേവനത്തിന്‍റെയും പര്യായമായി പരിലസിക്കുകയാണ് ലക്ഷ്മണൻ രാമായണകാവ്യത്തിലുടനീളം
Representative image

പ്രതീകാത്മക ചിത്രം

Updated on

പകല്‍ക്കുറി വിശ്വന്‍

ആദികാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ അദ്വിതീയസ്ഥാനമാണ് ലക്ഷ്മണനുള്ളത്. "പൃഥ്വീന്ദ്ര ! ശേഷന്‍ തന്നെ ലക്ഷ്മണനാകുന്നതും' എന്ന് വസിഷ്ഠമഹര്‍ഷി ദശരഥ മഹാരാജാവിനെ ബോധ്യപ്പെടുത്തുന്നുമുണ്ട്. സുമിത്രാത്മജനായി പിറന്ന ലക്ഷ്മണനെ ഭ്രാതൃസ്‌നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ത്യാഗത്തിന്‍റെയും ധീരതയുടെയും സദാചാരബോധത്തിന്‍റെയും ധര്‍മനിഷ്ഠയുടെയും പ്രതീകമായിട്ടാണ് രാമായണത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ശ്രീരാമചന്ദ്രന്‍റെ ബഹിശ്ചരപ്രാണനാണ് ലക്ഷ്മണന്‍ എന്നു പറയാം. ലക്ഷ്മണന്‍ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. സീതയെപ്പോലൊരു സ്ത്രീയെ ഒരുപക്ഷേ ലോകത്ത് വേറെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, ലക്ഷ്മണനെപ്പോലെ ഒരു സഹോദരനെ ലോകത്തൊരിടത്തും കണ്ടെത്താന്‍ കഴിയില്ല എന്നുള്ള ശ്രീരാമന്‍റെ പ്രശംസ അദ്ദേഹത്തോടുള്ള സ്‌നേഹവും വിശ്വാസവും വ്യക്തമാക്കാൻ പോന്നവയാണ്.

ലക്ഷ്മണന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും യുദ്ധം ചെയ്തതുമെല്ലാം രാമനുവേണ്ടി മാത്രമാണ്. പതിനാലുവര്‍ഷത്തെ വനവാസത്തിനിടെ ഒരിക്കല്‍പ്പോലും ധര്‍മപത്‌നി ഊര്‍മ്മിളയെ സ്മരിക്കുന്നതുപോലുമില്ല. ശ്രീരാമന്‍റെ അഭിഷേകവിഘ്‌നത്തിന്‍റെ കാരണമറിയുമ്പോള്‍, നാണംകെട്ടവനും ശാഠ്യക്കാരനുമായ അച്ഛനെ പിടിച്ചുകെട്ടി, ശത്രുക്കളെയൊക്കെ സംഹരിച്ച് തടസംകൂടാതെ അഭിഷേകം നടത്താമെന്ന് പ്രഖ്യാപിക്കാനും ലക്ഷ്മണന്‍ മടിക്കുന്നില്ല. രാമനോടുള്ള സ്‌നേഹവും ഭക്തിയുമല്ലാതെ മറ്റു വികാരങ്ങളൊന്നുമല്ല ഇത്തരം വാക്കുകള്‍ പറയാന്‍ ലക്ഷ്മണനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സീതയുടെ ആഗ്രഹ നിവൃത്തിക്കായി മായപ്പൊന്മാനിനെ പിടിക്കാന്‍ പോകുന്ന ശ്രീരാമന്‍ "നീ കാത്തുകൊള്ളുകവേണം സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ, യാതുധാനന്മാരുണ്ടുകാനനം തന്നിലെങ്ങും' എന്നു ലക്ഷ്മണനെ പറഞ്ഞേൽപ്പിച്ചിട്ടാണ് പോകുന്നത്.

രാമബാണമേറ്റു നിലംപതിച്ച മായപ്പൊന്മാനായ മാരീചന്‍ രാമശബ്ദത്തില്‍ നിലവിളിച്ചപ്പോള്‍, "ലക്ഷ്മണാ, വേഗം ചെന്ന് ഏട്ടനെ രക്ഷിക്കൂ. രാക്ഷസന്മാരിപ്പോള്‍ അദ്ദേഹത്തെ കൊല്ലും' എന്നുപറഞ്ഞു സീതാദേവി നിലവിളിച്ചപേക്ഷിക്കുമ്പോള്‍, പൊന്മാനായി വന്നത് മാരീചനാണെന്നും രാമനെ ജയിക്കാനോ വധിക്കാനോ ആര്‍ക്കും കഴിയില്ലെന്നും ഇത് രാക്ഷസമായ മാത്രമാണെന്നുമുള്ള ലക്ഷ്മണവചനങ്ങള്‍ വിശ്വസിക്കാതെ സീത പറയുന്ന അധിക്ഷേപവചസുകള്‍ക്ക് പകരം പറയാനില്ലാതെ, കേള്‍ക്കാന്‍പോലും കഴിയാതെ ചെവിപൊത്തുന്ന ലക്ഷ്മണന്‍ "നിനക്കു നാശമടുത്തിരിക്കുന്നിതു പാരം എനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും' എന്നുമാത്രം പറഞ്ഞു രാമനെത്തേടിപ്പോകുന്നു. ഈ സമയം ലക്ഷ്മണന്‍ അനുഭവിക്കുന്ന മനോവ്യഥ, രാമനെ ധിക്കരിക്കാനും വയ്യ, സീതയുടെ അപേക്ഷ നിരസിക്കാനും വയ്യ, അതിനേക്കാള്‍ അസഹ്യം സീതയുടെ പരുഷവാക്കുകളും. പോരാത്തതിന് "യോഷന്മാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ ഭോഷനെത്രയുമെന്നുനീയറിയുന്നതില്ലേ?' എന്ന ശ്രീരാമന്‍റെ കുറ്റപ്പെടുത്തലും. ഏറെ സന്ദിഗ്ധമായ ഒരു മാനസികാവസ്ഥയിലേക്ക് ലക്ഷ്മണനെ നയിച്ച ഒരു സന്ദര്‍ഭമായിരുന്നു അതെന്ന് നിസംശയം പറയാം.

സഖ്യം ചെയ്തതുപ്രകാരം സീതയെ കണ്ടെത്തുന്നതില്‍ താമസം വരുത്തുന്ന സുഗ്രീവന്‍റെ മുന്നില്‍ സംഹാരമൂര്‍ത്തിയെപ്പോലെ കടന്നുചെന്ന് രാമകൽപ്പന അറിയിക്കുന്ന ലക്ഷ്മണന്‍റെ രൗദ്രഭാവം വാനരന്മാരെ അത്യന്തം ഭയചകിതരാക്കി. സുലഭകോപനായ ലക്ഷ്മണന്‍റെ വേറിട്ടൊരു മുഖമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. തന്നെ അന്വേഷിച്ചലയുന്ന രാമലക്ഷ്മണന്മാര്‍ക്ക് വഴികാട്ടിയാകട്ടെ എന്നു ചിന്തിച്ചുകൊണ്ട് സീതാദേവി ചീന്തിയെടുത്ത് ഉത്തരീയത്തില്‍ പൊതിഞ്ഞ് പുഷ്പകവിമാനത്തില്‍ നിന്ന് താഴേക്കിട്ട അംഗാഭരണങ്ങള്‍ കൈവശമുണ്ടായിരുന്ന സുഗ്രീവന്‍ ശ്രീരാമചന്ദ്രന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, മനവും മിഴിയും നിറഞ്ഞുനിൽക്കുന്ന സീതാദേവിയുടെ മുഖമല്ലാതെ മറ്റൊന്നും കാണാന്‍ കഴിയാത്തതിനാല്‍ തിരിച്ചറിയാനായി ലക്ഷ്മണനെ ഏൽപ്പിക്കുന്നു. കേയൂരങ്ങളും കുണ്ഡലങ്ങളും നൂപുരങ്ങളും സീതാദേവിയുടേതാണോ എന്നുറപ്പുവരുത്താന്‍ ഓരോന്നും നോക്കിയശേഷം ലക്ഷ്മണന്‍ പറയുന്നു.

കേയൂരങ്ങളും കുണ്ഡലങ്ങളും ആരുടേതാണെന്നറിഞ്ഞുകൂടാ. നൂപുരംദേവിയുടേതുതന്നെയാണ്. നിത്യം പാദപ്രണാമം ചെയ്യുമ്പോള്‍ ഞാനിതു കണ്ടിട്ടുള്ളതാണ് എന്നാണ്.അതുപോലെ സീതയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ ദുര്‍ഭഗനായ ലക്ഷ്മണന്‍ തന്നെ നിയോഗിക്കപ്പെടുന്നു. രാമക‌ൽപ്പന കാര്യകാരണസഹിതം സീതയെ ധരിപ്പിക്കുമ്പോള്‍ അസഹ്യമായ പ്രാണവേദനയോടെ വിലപിച്ചുകൊണ്ട് സീത പറയുന്നു. അനുജാ, ഞാന്‍ ഗര്‍ഭിണിയാണ്, എന്നെ സൂക്ഷിച്ചുനോക്കിയല്‍ നിനക്കതു ബോധ്യമാകും.

പാദങ്ങളല്ലാതെ ദേവിയുടെ പൂര്‍ണരൂപം ഞാന്‍ കണ്ടിട്ടില്ല. രാമനില്ലാത്തപ്പോള്‍, ഈ കാട്ടില്‍വച്ച് ഞാനെങ്ങനെ നോക്കും. എന്നെ നിര്‍ബന്ധിക്കരുത്. പുരാണേതിഹാസങ്ങളിലോ വിശ്വസാഹിത്യത്തിലോ ഇതിന് തുല്യമായ ചാരിത്ര്യസങ്കൽപ്പമോ സദാചാരബോധമോ പ്രകടിപ്പിക്കുന്ന മറ്റൊരു കഥാപാത്രത്തെ കണ്ടെത്താന്‍ കഴിയില്ലതന്നെ. രാവണപുത്രനായ ഇന്ദ്രജിത്ത് ബ്രഹ്മാവില്‍ നിന്ന് നേടിയ വരം പതിനാലുവര്‍ഷം നിദ്രാവിഹീനനായി ഉപവസിക്കുകയും സ്ത്രീമുഖം ദര്‍ശിക്കാതിരിക്കുകയും ചെയ്യുന്ന മഹാത്യാഗി മാത്രമേ ദ്വന്ദ്വയുദ്ധത്തിലൂടെ തന്നെ വധിക്കാന്‍ പാടുള്ളൂ എന്നാണ്. വനയാത്രയുടെ ആദ്യരാത്രി തന്നെ ലക്ഷ്മണന്‍ നിദ്രാദേവിയെ ബാണംകൊണ്ട് തടഞ്ഞുനിര്‍ത്തിപറഞ്ഞു, ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് സീതാരാമന്മാര്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ മാത്രമേ ഇനി എന്‍റെ അടുത്തുവരാവൂ. ഓരോ ദിവസവും ശേഖരിക്കുന്ന കായ്കനികള്‍ മൂന്നായിഭാഗിച്ച് ഒരു ഭാഗം ലക്ഷ്മണന് എടുത്തുകൊള്ളൂ എന്നുപറഞ്ഞുകൊടുക്കും, ഒരു ദിവസംപോലും ഇത് ലക്ഷ്മണന്‍ കഴിച്ചുകൊള്ളൂ എന്നുപറഞ്ഞിട്ടില്ലാത്തതിനാല്‍ തന്‍റെ ഓരോ ദിവസത്തെയും വിഹിതം വെവ്വേറെ ഉണക്കി സൂക്ഷിച്ചുവച്ചു.

വിശ്വാമിത്രന്‍റെ യാഗരക്ഷയ്ക്കു പോയപ്പോള്‍ മുനി ഉപദേശിച്ചുകൊടുത്ത ബല, അതിബല (ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്, മാഹാത്മ്യമേറുന്നൊരു വിദ്യകളിവ രണ്ടും ബാലകന്മാരെ നിങ്ങള്‍ പഠിച്ചു ജപിച്ചാലും ബലയും പുനരതിബലയും മടിയാതെ) എന്നീ മന്ത്രങ്ങള്‍ ഓര്‍ത്തു ജപിച്ചുകൊണ്ട് ഉപവസിച്ചു. സ്ത്രീമുഖം കണ്ടിട്ടില്ല എന്നതിന് തെളിവല്ലേ സീതയുടെ കുണ്ഡലങ്ങള്‍ തിരിച്ചറിയാതിരുന്നത്. ഇങ്ങനെ ജീവിച്ചതുകൊണ്ടാണ് ലക്ഷ്മണന് ഇന്ദ്രജിത്തിനെ വധിക്കാനായത്.

യമദേവനും ശ്രീരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയ്ക്ക് ദുർവാരകോപിഷ്ടനായ ദുര്‍വാസാവ് മുനിയുടെ വരവറിയിക്കാന്‍ തയാറാകുന്ന ലക്ഷ്മണന്‍, മുനിശാപമേറ്റു നാടു നശിക്കുന്നതിനേക്കാള്‍ എത്ര ലളിതമാണ് താനൊരാള്‍ മരിക്കുന്നതെന്ന ഉത്തമബോധ്യത്തോടെ, ശ്രീരാമസന്നിധിയിലേക്ക് കടന്നുചെല്ലുന്നതിലൂടെ, ത്യാഗത്തിനും ധര്‍മസംരക്ഷണത്തിനും നൂതന വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണ് ചെയ്യുന്നത്.

ത്യാഗനിര്‍ഭരമായ കര്‍മധര്‍മങ്ങളിലൂടെ ഭ്രാതൃസ്‌നേഹത്തിന്‍റെയും നിസ്വാര്‍ത്ഥ സേവനത്തിന്‍റെയും പര്യായമായി പരിലസിക്കുകയാണ് ലക്ഷ്മണൻ രാമായണകാവ്യത്തിലുടനീളം. എന്നാല്‍ പകരം ലഭിച്ചതോ ജ്യേഷ്ഠത്തിയുടെ ശകാരവും ജ്യേഷ്ഠന്‍റെ തിരസ്‌കാരവുമാണെന്നറിയുമ്പോള്‍ ലക്ഷ്മണൻ അനുകമ്പാര്‍ഹനായ, അത്യപൂര്‍വ വ്യക്തിത്വങ്ങളുടെ സഞ്ചയമായ, ഒരതുല്യ കഥാപാത്രമായി രാമായണകാവ്യോപാസകരുടെ മനസില്‍ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും.

logo
Metro Vaartha
www.metrovaartha.com