ജീവിത നൈരന്തര്യതയുടെ പാഠങ്ങളും പാഠഭേദങ്ങളും

രാമായണം നമ്മോട് പലതും ഉണർത്തുന്നു. സംവാദാത്മകമായി കലഹിപ്പിക്കുന്നു. പ്രശാന്തമായി ചിന്തിപ്പിക്കുന്നു
ramayanam special column

ജീവിത നൈരന്തര്യതയുടെ പാഠങ്ങളും പാഠഭേദങ്ങളും

representative image- Ai

Updated on

പുലിപ്പാറ ബിജു

രാമായണം ഭക്തിയുടെ പരമമായ ആനന്ദം പകരുന്ന ദർശന സുഭഗതയേയോ സീതാരാമ കഥയുടെ സൗന്ദര്യാത്മകതയേയോ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒരു കൃതിയല്ല. രാമായണം വേദനയിൽ നിന്നു പിറക്കുന്ന ആത്മസംഘർഷങ്ങളുടെ കഥയാണ്, സമൂഹജീവിയായ മനുഷ്യന്‍റെ ധർമസങ്കടങ്ങളുടെ കഥയാണ്, ശരിതെറ്റുകളുടെ ആപേക്ഷികതകൾ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങളുടെ കഥയാണ്, ആത്യന്തികമായ ശരിയേതെന്ന അന്വേഷണത്തിന്‍റെ അടയാളമാണ്.

ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു നോവിന്‍റെ കണ്ണുനീർത്തുള്ളിയാണ് ഇതിഹാസകാരന്‍റെ തൂലികയ്ക്ക് ആദ്യ മഷിക്കൂട്ടായത്.

അരുതായ്കകളുടെ അഭിശപ്തതകളിൽ ഹൃദയം പിളർന്നു വന്ന ഒരു ‘അരുതി’ൽ നിന്ന് അത് സകലകാലസമ്പന്നമായ അമൃതധാരയായി തലമുറകളെ ഉണർത്തിക്കൊണ്ടേയിരിക്കുന്നു.

രാമായണം നമ്മോട് പലതും ഉണർത്തുന്നു. സംവാദാത്മകമായി കലഹിപ്പിക്കുന്നു. പ്രശാന്തമായി ചിന്തിപ്പിക്കുന്നു. അദ്ഭുതങ്ങളുടെ ആഴങ്ങളിലേക്ക് അകക്കണ്ണും മനക്കണ്ണും തുറപ്പിക്കുന്നു. ആ വിസ്മയക്കാഴ്ചളുടെ ഉള്ളറകളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ദർശനങ്ങളിൽ നിന്നും പുതിയ പ്രകാശം നമ്മിലേക്കും സമൂഹത്തിലേക്കും പ്രസരിക്കുന്നു. ചാക്രികമായ ആ കർമത്തിന്‍റെ തുടർച്ച കൂടിയാണ് രാമായണം.

വിശിഷ്ട ഗുണങ്ങളുടെ വിളനിലമായ, ദൈവമായ, സാക്ഷാൽ മഹാവിഷ്ണുവിന്‍റെ അവതാരമായ രാമനെയും സങ്കടത്തിന്‍റെ ഒരു കടൽ ഉള്ളിലൊതുക്കി നിരാശനായി സരയൂനദിയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയ ഒരു സാധാരണ മനുഷ്യനേയും രാമായണം നമുക്കു് കാട്ടിത്തരുന്നു. ഭക്തിയും നോവും അനുഭവങ്ങളും ആഴമളക്കാൻ കഴിയാത്ത സ്നേഹവും ജീവിതവും മരണവും ദർശനങ്ങളും ശരിയും ശരികേടും നന്മയും തിന്മയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കർമങ്ങളുടെ കർമ പരമ്പരകളുടെ സഞ്ചിതമായ ഇരിപ്പിടമാണാ മഹാഗ്രന്ഥം. അതു കൊണ്ടു തന്നെയാണ് ഒരനുഷ്ഠാനമെന്ന പോലെ നമ്മൾ മലയാളികളും ആ ഇതിഹാസ ഗ്രന്ഥത്തിന്‍റയും അതിന്‍റെ പാഠഭേദമായ കിളിപ്പാട്ടിന്‍റെയും ഭക്തിയിലും താളത്തിലുമലിഞ്ഞ് സകലതും മറക്കുന്നത്.

രാമായണം നമ്മോട് പറയുന്നത് രാമ ധർമമല്ല. ധർമാധർമങ്ങളുടെ സഞ്ചിതമായ ജീവിത ദർശനമാണ്. വീണ്ടുവിചാരമില്ലാത്ത പ്രവർത്തികൾ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് കാട്ടിത്തരുന്ന, വിശ്വോത്തരനായ ഒരു രാജാവിനെ, ഒരച്ഛനെ, വാക്ക് ദൈവമാണെന്ന സത്യത്തെ ഊട്ടിയുറപ്പിച്ച ധർമിഷ്ഠനെ, സ്വാർഥത - അത് തലയ്ക്ക് പിടിയ്ക്കുമ്പോൾ മാതൃത്വം പോലും എത്രത്തോളം വിഷലിപ്തമാകുമെന്ന് പഠിപ്പിച്ച കൈകേയി എന്ന അമ്മയെ, അധികാരത്തിന്‍റെ അകത്തളങ്ങളെ എന്നും ദുഷിപ്പിക്കുന്ന ഉപജാപങ്ങളുടെ പ്രതീകമായ മന്ഥരയെ, അച്ഛന്‍റെ വാക്കിന്‍റെ സത്യത്തിന് അധികാരത്തിന്‍റെ സിംഹാസനത്തേക്കാൾ ഉയരമുണ്ടെന്ന് തിരിച്ചറിഞ്ഞ മകനെ, ഒക്കെ അവതരിപ്പിക്കുന്നത് ആ ദർശന സുഭഗതയുടെ സൗന്ദര്യ ശാസ്ത്രം പഠിപ്പിക്കുവാൻ തന്നെയാണ്

പങ്കുവയ്ക്കലിന്‍റെ സൗന്ദര്യം ധന്യമാക്കുന്ന ജീവന്‍റെ അവശേഷിപ്പുകളിൽ കാലം കാത്തുവച്ച കരുതലിന്‍റെ മുദ്ര പതിപ്പിച്ചുകൊണ്ടാണ് മഹാകഥ തുടങ്ങുന്നത് തന്നെ. ഭാതൃസ്നേഹത്തിന്‍റെ നേരടയാളങ്ങൾ അതിനനുബന്ധമായ അനുരണനങ്ങളായി നമ്മിൽ നിറയ്ക്കുമ്പോൾ വിശ്വമഹാകവി നമ്മോട് ചിലതെല്ലാം പറയാതെ പറയുന്നു. ജ്യേഷ്ഠന്‍റെ പാദുകങ്ങളെ ശിരസ്സിലേറ്റിയ ഒരനുജനിൽ നിന്ന് പകരുന്ന ധർമാചരണത്തിന്‍റെ, ഗുരുഭക്തിയുടെ, നന്മയുടെ, സാഹോദര്യത്തിന്‍റെ പാഠം ഭരതനിലൂടെ, ലക്ഷ്മണനിലൂടെ, ശത്രുഘ്നനിലൂടെ വന്നു നിറയുന്നത് നമ്മിൽ തന്നെയാണ് .

അർഹതയില്ലാത്തതിനെ ആഗ്രഹിക്കുന്നവൻ എത്ര ശക്തനായാലും അവൻ അതിന്‍റെ വില ജീവിതവും ജീവനും കൊണ്ട് വീട്ടേണ്ടി വരുമെന്ന അനുഭവപാഠങ്ങൾ ബാലിയിലൂടെ, ശൂർപ്പണഖയിലൂടെ, രാവണനിലൂടെ പകരുന്ന രചനാ മാന്ത്രികത. ശക്തി ധർമത്തോടും അധർമത്തോടും ചേർന്നു നിൽക്കുന്നതെങ്ങനെയാണെന്ന് രാമനിലൂടെയും ലക്ഷ്മണനിലൂടെയും രാവണനിലൂടെയും ഇന്ദ്രജിത്തിലൂടെയും കാട്ടിത്തരുന്ന ധന്യത.

ഏതൊരാളിലും കുടികൊള്ളുന്ന യഥാർഥ ശക്തി തിരിച്ചറിയുന്നതും സ്വയം തിരിച്ചറിയുന്നതും ശരിയായ ഇടത്തിൽ എത്തുമ്പോഴാണെന്ന ജീവിതത്തിന്‍റെ വലിയ പാഠം ഹനുമാനിലൂടെ ജാംബവാനിലൂടെ, സുഗ്രീവനിലൂടെ, വിഭീഷണനിലൂടെ കാട്ടിത്തരുന്ന ദാർശനിക ഇടങ്ങൾ.

പ്രകടനപരതയുടെ ധാരാളിത്തത്തിലല്ല ഹൃദയ നൈർമല്യത്തിന്‍റെയും നിഷ്കളങ്കതയുടെയും പ്രതിസ്ഫുരണത്തിലാണ് ഭക്തി അതിന്‍റെ അനിതരസാധാരണമായ സൗന്ദര്യത്തോടെ ഭഗവാനോട് ചേർന്നുനിൽക്കുന്നതെന്ന സത്യം ഉദ്ഘോഷിച്ചുനിൽക്കുന്ന ശബരിയുടെ സവിധത്തിൽ. സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പകരമാകാത്ത സ്നേഹത്തിനും സത്യസന്ധതയ്ക്കും ഊഷ്മളതയ്ക്കും മരണത്തോളം ചെന്നെത്തുന്ന ആഴമുണ്ടെന്ന് പറയുന്ന ജഡായുവിലും സമ്പാദിയിലും.

വാവിട്ട വാക്കിന്‍റെ മുള്ളുകൾ ഒടുങ്ങാത്ത നോവെന്നറിയുന്ന ലക്ഷമണനിലും, സീതയിലും. അങ്ങനെ എണ്ണിപ്പറയാൻ കഴിയുന്ന അനേകം അനേകം ഇടങ്ങളിലൂടെ രാമായണം നമ്മിൽ നിറയ്ക്കുന്ന നന്മകൾ, പുണ്യങ്ങൾ അനവധിയാണ്, അനന്യമാണ്, അനശ്വരമാണ് .

സഹനത്തിന്‍റെ പ്രതിരൂപമായ ഒരു പെണ്ണിനെ കാട്ടിത്തരുന്നുണ്ട് വിശ്വ മഹാകവി കാവ്യത്തിൽ. ഭാരതത്തിലെ കവികളെ കഥാകാരന്മാരെ, ഗാനരചയിതാക്കളെ ഒക്കെ അസ്വസ്ഥമാക്കിയ അവൾ - ‘ഊർമിള’കവിയുടെ പറയാതെ പോയ മൗനങ്ങളെ പൂരിപ്പിക്കാൻ ബാക്കി വച്ച നിയോഗമാവാം. പിന്നെയും എത്രയേറെ കഥാപാത്രങ്ങൾ, കഥാമുഹൂർത്തങ്ങൾ, അർദ്ധഗർഭമായതും നീണ്ടതുമായ മൗനങ്ങൾ, അവശേഷിപ്പിക്കലുകൾ. നൂറ്റാണ്ടുകളിലൂടെ അത് അടയാളപ്പെടുത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഓരോ പാഠങ്ങൾക്കുമപ്പുറത്ത് പുതിയ പാഠഭേദങ്ങളുണ്ടെന്ന തിരിച്ചറിവും വിശ്വ മഹാകവി നൽകിയിരുന്നു. ആ തിരിച്ചറിവിന്‍റെ പാഠങ്ങളും പാഠഭേദങ്ങളും

കമ്പരിലൂടെ, ചീരാമനിലൂടെ, കണ്ണശനിലൂടെ, തുളസീദാസനിലൂടെ, എഴുത്തച്ഛനിലൂടെ, കുമാരനാശാനിലൂടെ, അങ്ങനെ അസംഖ്യം മഹാഗുരുക്കന്മാരിലൂടെ നാം അറിയുകയും അനുഭവിക്കുയും ആസ്വദിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്തു.

രാമായണം മുന്നോട്ടു വെച്ച മൂല്യങ്ങൾ അളവറ്റതാണ്. ഓരോയിടത്തും സാരവത്തായ ദർശനങ്ങളുടെ സമ്പന്നമായ അരുളുകൾ അടുക്കി വച്ചു. ജീവിത പാഠങ്ങളുടെ ശരിയെ, ശരികേടിനെ, അതിന്‍റെ ആപേക്ഷികതയെ, ധർമങ്ങളെ, ധർമാധർമങ്ങളുടെ യുക്തിയെ, യുക്തിരാഹിത്യത്തെ, സ്ത്രീ നോവുകളെ, ആണധികാരങ്ങളെ, ധാർഷ്ട്യത്തെ, കടമയെ, കടപ്പാടുകളെ, സാഹോദര്യത്തെ എല്ലാം, എല്ലാം രാമായണം നമ്മുടെ മുന്നിൽ പകരമില്ലാതെ പകർന്നു വച്ചു.

ആ വിശ്വ മഹാകവിയെ നമിക്കാം…

എഴുത്തച്ഛനെ നമിക്കാം….

മറ്റു ഗുരുക്കന്മാരെ ഓരോരുത്തരേയും നമിക്കാം….

അന്ധകാരത്തെ ഒഴിച്ചു കളഞ്ഞ് ഉള്ളിൽ നിത്യമായ പ്രകാശം പടർത്താം

"രാ'.. മായട്ടെ!

logo
Metro Vaartha
www.metrovaartha.com