ധാർമികതയുടെ പ്രതിഫലനം

രാമായണത്തിൽ കണ്ണു നനയിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. ആ രംഗങ്ങൾ ഭൂരിഭാഗവും ധാർമിക മൂല്യത്തെ ഉൾക്കൊള്ളുന്നതും കൂടിയാണ്
Ramayana month 12

ധാർമികതയുടെ പ്രതിഫലനം

Updated on

രാമായണ ചിന്തകൾ 12 | വെണ്ണല മോഹൻ

ഏതൊരു സാഹിത്യ കൃതിയും ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ആ പ്രതിഫലനം വ്യക്തി ജീവിതം, കുടുംബ ജീവിതം, സാമൂഹ്യ ജീവിതം എന്നിങ്ങനെ പലതിലും ചേർന്നു നിൽക്കുകയും ചെയ്യുന്നു. അത് ആ സൃഷ്ടിയുടെ കാലഘട്ടത്തേയും ലോകത്തേയും ധാർമികതയേയും തമ്മിൽ ബന്ധിച്ചു നിർത്തുകയും ചെയ്യുന്നുണ്ട്.

രാമായണം എന്ന സാഹിത്യ കൃതിയും അങ്ങനെയൊക്കെ തന്നെയാണ്, ഓരോ പടവുകൾ കയറി നീങ്ങുന്നത്. അങ്ങനെ നീങ്ങുമ്പോൾ ചില ഹൃദയസ്പൃക്കായ രംഗങ്ങൾ കാണാനാകും! ആ രംഗങ്ങളിൽ നിന്നും പ്രസരിക്കുന്ന വികാരം സന്തോഷ- സങ്കട സമ്മിശ്രമായതോ കോപ- താപങ്ങൾ ചേർന്നതോ മറ്റോ ആകാം. അനുവാചകന്‍റെ മനസ് ആ രംഗങ്ങളിലൂടെ കടന്നുപോകുമ്പോൾ, നിർമലീകരിക്കുക കൂടി ചെയ്യുമ്പോൾ, സാഹിത്യ കൃതി ഉന്നത നിലവാരത്തിലേക്കു മാറുന്നു എന്നു തീർത്തു പറയാം.

രാമായണത്തിൽ കണ്ണു നനയിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. ആ രംഗങ്ങൾ ഭൂരിഭാഗവും ധാർമിക മൂല്യത്തെ ഉൾക്കൊള്ളുന്നതും കൂടിയാണ്. വനവാസത്തിനു പോകേണ്ടിവന്ന രാമനെക്കുറിച്ച്, ദശരഥന്‍റെ ദുഃഖത്തെക്കുറിച്ച് ഒക്കെ വിവരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ സജലങ്ങളായേക്കാം. എന്നാൽ, ദശരഥന്‍റെ മരണവും അവിടെ നടമാടുന്ന ഭാവങ്ങളും വാക്കുകളും എല്ലാം ഉന്നതമായ ധാർമിക ബോധത്തെ ഉജ്ജ്വലമാക്കുന്നതിനു പുറമേ, സംസ്കൃതിയുടെ തെളിമ കൊണ്ടു കൂടിയാണ് കണ്ണുകളെ ഈറണിയിക്കുന്നത്. അധികാരത്തിനു വേണ്ടി എന്തുമാകാം എന്നു പറയുന്ന ഈ കാലഘട്ടവും കാലഘട്ടത്തിലെ ധാർമിക നിലവാരവും ഒരു പുനർവായനയ്ക്കും സൂക്ഷ്മ നിരീക്ഷണത്തിനും കളമൊരുക്കുന്നു, ഇവിടെ.

ദശരഥൻ മരിച്ചത് അറിയും മുന്നേ ചില ദുഃസ്വപ്നങ്ങൾ ഭരതൻ കാണുന്നുണ്ട്. തന്‍റെ പിതാവ് പർവത ശിഖിരത്തിൽ നിന്ന് ഒരു വലിയ ചാണകക്കുണ്ടിലേക്ക് വീഴുന്നു, അവിടെ കിടന്നു കൈകാലിട്ടടിക്കുന്നു, തൈലം കോരി കുടിക്കുന്നു, പൊട്ടിച്ചിരിക്കുന്ന മഹാരാജാവ്, ഇരുമ്പ് പീഠത്തിൽ ഇരിക്കുന്നു. രക്ത മാലയണിഞ്ഞിരിക്കുന്നു. കഴുതയെ പൂട്ടിയെ രഥത്തിൽ സഞ്ചരിക്കുന്നു. വികൃതമുഖിയായ രാക്ഷസി അദ്ദേഹത്തെ പരിഹസിക്കുന്നു.

ഇത് വെറും ഒരു സ്വപ്നമായിട്ടല്ല, സ്വപ്നവ്യാഖ്യാനത്തിൽ മരണമത്തുന്നതിന്‍റെ അഥവാ മരണത്തിന്‍റെ നിഴൽപ്പാടുകൾ ആയിട്ടാണ് ഇവിടെ പറയുന്നത്. കവി അർഥശൂന്യമല്ലാത്ത ഒരു സ്വപ്നത്തെ കൂടി ബന്ധിപ്പിച്ചുകൊണ്ട് സ്വപ്ന വ്യാഖ്യാനം നടത്തുന്നു എന്നും കരുതാം.

ഇതെല്ലാം കണ്ട ഭരതൻ പിതാവ് മരിച്ചെന്നോ രാമലക്ഷ്മണന്മാർക്കോ തനിക്കൊ എന്തെങ്കിലും സംഭവിക്കാൻ പോകുന്നുവെന്നോ സംശയിക്കുന്നു. അച്ഛന്‍റെ മരണം അറിയിക്കാതെയാണ് ഭരതനെ കേകേയത്തു നിന്നു കൊണ്ടുവരുന്നത്. ഭരതനെത്തുമ്പോൾ ഉണ്ടാകുന്ന സംഭാഷണ മുഹൂർത്തങ്ങൾ എത്ര സാഹിത്യഭംഗിയോടെ സമയോചിതമായ ശൈലിയിലൂടെ പരിണാമഗുപ്തി സൂക്ഷിച്ചുകൊണ്ടുതന്നെ രചനാവൈഭവത്തോടെ കാണിച്ചുതരുന്നു. ഭരതൻ ചെല്ലുമ്പോൾ കൊട്ടാരം മൂകമാണ്. അമ്മയുടെ അടുത്തെത്തി ഭരതൻ. കൈകേയിയെ പിരിഞ്ഞ് അച്ഛനെ കാണാറില്ല. വിശേഷങ്ങളെല്ലാം കൈകേയി ഭരതനോട് അന്വേഷിച്ചു. എന്നിട്ടും അച്ഛന്‍റെ കാര്യം പറയുന്നില്ല.

പിന്നീട്, അച്ഛനെക്കുറിച്ച് പറയുമ്പോൾ നേരെ ചൊവ്വേ മരണ വാർത്ത പറയുകയല്ല പകരം കൈകേയി പറയുന്നത് താൻ ഭരതന് സന്തോഷമായിട്ടുള്ള കാര്യങ്ങളെല്ലാം ചെയ്തുവച്ചിട്ടുണ്ട് എന്നാണ്. എന്നിട്ടാണ് മരണ വിവരം പറയുന്നത്.

"ഹാ! രാമാ, ഹാ! ലക്ഷ്മണാ, ഹാ! സീതേ...' എന്നു വിലപിച്ചു കൊണ്ടാണ് മരിച്ചതെന്നു പറയുമ്പോൾ "എന്താണ് അങ്ങനെ പറയാൻ, അവർ എവിടെ പോയി?' എന്നായി ഭരതന്‍റെ ചോദ്യം. "മകനേ, രാമൻ വൽക്കലമെടുത്ത് സീതാലക്ഷ്മണന്മാരാൽ അനുഗതനായി ദന്ധക വനത്തിലേക്കു പോയി' എന്നു മറുപടി.

നോക്കൂ, രചനയുടെ ഭംഗി! ഓരോ കാര്യവും എത്ര വിദഗ്ധമായിട്ടാണ് പരിണാമഗുപ്തി കളയാതെ പറഞ്ഞുവരുന്നത്. ഇതു തികച്ചും മനഃശാസ്ത്രപരവുമാണ്. ഭരതന് രാമനോടുള്ള സ്നേഹവും ഭക്തിയും അറിയാവുന്ന ആളാണ് കൈകേയി. ആദ്യമേ തന്നെ പറഞ്ഞാൽ എന്താണുണ്ടാകുക എന്ന് കൈകേയിക്കറിയാം. അതുകൊണ്ട് കരുക്കൾ നീക്കുന്നതും ബുദ്ധിപൂർവം.

കാര്യങ്ങളെല്ലാം മനസിലാക്കി കഴിഞ്ഞപ്പോൾ ഭരതൻ ശോകാതുരനങ്കിലും ഗുഹയിൽ കിടക്കുന്ന സിംഹത്തെ പോലെ ഗർജിച്ചു കൊണ്ടിരുന്നു. അമ്മയോട്, "അമ്മരൂപത്തിൽ പ്രത്യക്ഷ ശത്രുവാണു നിങ്ങളെന്നും, ധർർമിഷ്ഠനായ അശ്വപതി രാജാവിന്‍റെ മകളാണെന്നു പറയാൻ ലജ്ജയില്ലേ' എന്നുമൊക്കെ ചോദിക്കാൻ തുടങ്ങി. "രാമനെ കൂട്ടിക്കൊണ്ടു വന്നിട്ട് ദണ്ഡകാരണ്യത്തിലേക്ക് താൻ തന്നെ പോകും' എന്നും പറയുമ്പോഴേക്കും കയറിവരുന്ന കൗസല്യയെ കണ്ട് ഓടിച്ചെന്ന് ഭരതൻ കെട്ടിപ്പിടിച്ചു.

"ഭരതാ, നിനക്കിനി നിർബാധം ഭരിക്കാൻ രാജ്യം ലഭിച്ചല്ലോ? ഇനി എന്‍റെ മകനുള്ള ദിക്കിലേക്ക് എന്നെ കൂടി പറഞ്ഞയക്കൂ' എന്നാണ് കൗസല്യ പറയുന്നത്.

"എന്നെ പഴിക്കരുത്, ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല. എനിക്കു വേണ്ടിയാണ് ഈ കൊടുംപാതകം ചെയ്തതെങ്കിൽ സകല മഹാപാതകങ്ങളും എന്‍റെ മേൽ പതിക്കട്ടെ. ഞാൻ ഇഹത്തിലും പരത്തിലും ഗതിയില്ലാത്തവനായി പോകട്ടെ' എന്നാണ് ഭരതന്‍റെ മറുപടി. നാടകീയ രംഗങ്ങൾ കൊണ്ടും ധാർമിക ചിന്തകൾ കൊണ്ടും രംഗപ്രാധാന്യം കൊണ്ടും അനുവാചകന്‍റെ കണ്ണുകളെ ഈറനണിയിക്കാതെ പോകില്ല ഈ ഭാഗം. ഇങ്ങനെ ധാർമിക ബോധത്തെ പ്രോജ്ജ്വലിപ്പിക്കുന്ന രംഗങ്ങൾ സൃഷ്ടിച്ച് കാലത്തെയും ചിന്തയേയും നവീകരിക്കാൻ ഇനിയും എത്രയെത്ര സന്ദർഭങ്ങൾ ചാരുതയോടെ രാമായണത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു!

(നാളെ: ആവർത്തിക്കുന്ന തത്വം)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com