ഉൾപ്പൊരുൾ | രാമായണ ചിന്തകൾ -14

പ്രണയത്തിന്‍റെ, കാമത്തിന്‍റെ, അർഥലാഭത്തിന്‍റെ, വൈരാഗ്യത്തിന്‍റെ, പ്രതികാരത്തിന്‍റെ തുടങ്ങി ഏതൊക്കെ കഥകളാണോ വേണ്ടത് അതെല്ലാം തന്നെ രാമായണം എന്ന മഹാസാഗരത്തിലുണ്ട്
Ramayana month 14

ഉൾപ്പൊരുൾ | രാമായണ ചിന്തകൾ -14

MV Graphics

Updated on

വെണ്ണല മോഹൻ

പ്രണയത്തിന്‍റെ, കാമത്തിന്‍റെ, അർഥലാഭത്തിന്‍റെ, വൈരാഗ്യത്തിന്‍റെ, പ്രതികാരത്തിന്‍റെ തുടങ്ങി ഏതൊക്കെ കഥകളാണോ വേണ്ടത് അതെല്ലാം തന്നെ രാമായണം എന്ന മഹാസാഗരത്തിലുണ്ട്. ആ സാഗരത്തിൽ മുങ്ങി ഓരോ ചിപ്പിയും എടുത്തു പരിശോധിക്കുമ്പോൾ ഇത്തരം ലോകത്തെ എല്ലാ കഥകളും ഓരോരോ ചിപ്പികളിൽ നിന്നു പുറത്തു വരുന്നതായി കാണാം. അതേപോലെ ഭ്രമാത്മകത, ഉത്തുംഗശൃം ഗത്തിൽ എത്തുന്ന ഫാന്‍റസികൾ ഒക്കെ രാമായണത്തിൽ കാണാം. ഇക്കാലത്തു കുട്ടികൾ പലപ്പോഴും ഭ്രമാത്മക കഥകൾ വായിക്കാനായി പാശ്ചാത്യ സാഹിത്യത്തെ ആശ്രയിക്കുന്നതായി കാണാം.

പാശ്ചാത്യ സാഹിത്യം വായിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിലും ഏറെ ഭ്രമാത്മകത നിറഞ്ഞ സാഹിത്യം നമ്മുടെ കഥാസാഗരത്തിലുണ്ടെന്നറിയുന്നതും വായിക്കുന്നതും തിരിച്ചറിവാണ്. തിരിച്ചറിവിൽ മറ്റൊന്നു കൂടി നാം മനസിലാക്കുന്നു. വെറും ഭ്രമാത്മകതയോ കാല്പനികതയോ സൃഷ്ടിക്കാൻ മാത്രമല്ല പകരം ഈ സർഗസാഹിത്യത്തിൽ നിന്നും ഉദാത്തമായ ആശയ സാംശീകരണം നടത്താനും കഴിയുന്നു എന്ന വസ്തുത. അതുതന്നെയാണ് കേവലാനന്ദ അനുഭൂതിക്കപ്പുറം പുരോഗമന പാതയ്ക്കുള്ള വഴിയൊരുക്കിലായി നമ്മുടെ ഈ കഥകളൊക്കെ മാറുന്നതും. ഇതിനുദാഹരണമാണ് രാമായണത്തിലെ വിരാധ വധം!

വനയാത്ര നടത്തുന്ന രാമലക്ഷ്മണ സീതമാർ താമരയും ആമ്പലും വിരിഞ്ഞു നിൽക്കുന്ന ശുദ്ധജലം നിറഞ്ഞ ഒരു പുഷ്കരണി കാണുകയുണ്ടായി. അവിടെ അവർ വിശ്രമിക്കുന്ന സമയത്താണ് ഭീകരമായ ഒരു സത്വം അവിടെ പ്രത്യക്ഷപ്പെടുന്നത്! വലതുകൈയിൽ ഒരു വൃക്ഷം തന്നെ പിഴുതെടുത്തിരിക്കുന്നു!

ഭയപ്പെടുത്തുന്ന ദംഷ്‌ട്ര, തുറന്ന ഗുഹ പോലിരിക്കുന്ന വായ, കണ്ണുകൾക്കു രക്ത നിറം, ഇടതു കൈയിൽ ശൂലം. ശൂലത്തിന്‍റെ അഗ്രത്തിൽ സിംഹം, കടുവ, പോത്ത്, ആന, പന്നി മുതലായ മൃഗങ്ങളുടെ ശരീരത്തെ കോർത്തുവച്ചിരിക്കുന്നു!

മാംസക്കഷണങ്ങൾ പച്ചയോടെ കഴിച്ചു കൊണ്ട്, കരാള രൂപത്തിൽ അലറിക്കൊണ്ട്, രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് എത്തുകയാണ് ആ സത്വം! പെരുമ്പറ പോലുള്ള ശബ്ദത്തിൽ അട്ടഹസിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് എത്തിയ ആ സത്വം ശ്രീരാമ ലക്ഷ്മണന്മാർ ആരാണ് എന്ന് അന്വേഷിക്കുന്നു.

എന്നാൽ ആ ഭീകരതയും അട്ടഹാസവും ഒന്നും തന്നെ രാമചന്ദ്രനെ ഭയപ്പെടുത്തിയില്ല! പകരം, അദ്ദേഹത്തിൽനിന്ന് ചെറുമന്ദഹാസം മാത്രം ഉതിർന്നു. പിന്നീടു പറയുന്നു, ‌'‌'ഞാൻ ശ്രീരാമൻ. ഇത് എന്‍റെ ഭാര്യ സീത, സഹോദരൻ ലക്ഷ്മണൻ. അച്ഛന്‍റെ ആജ്ഞ അനുസരിച്ച് വനത്തിലേക്കു വന്നവരാണു ഞങ്ങൾ''. തികച്ചും സമാധാനമായി തന്നെയാണ് ഇതെല്ലാം പറയുന്നത്.

ഈ അട്ടഹാസങ്ങൾ ഒന്നും രാമനിൽ മാറ്റം ഉണ്ടാക്കിയില്ലെന്നു കാണുമ്പോൾ അനുവാചകൻ മനസിലാക്കേണ്ടത് പുറത്തുനിന്നുണ്ടാകുന്ന ഒരു പ്രകോപനങ്ങൾക്കും വശംവദരാകരുത് എന്ന തത്വമാണ്. പിന്നെ, ‌'‌'നിന്നെപ്പോലുള്ള രാക്ഷസജാതികളെ കൊന്ന് മൂന്നു ലോകവും രക്ഷിക്കുവാനും കൂടി വേണ്ടിയാണ് ഈ വനവാസം'' എന്നും രാമൻ കൂട്ടിച്ചേർക്കുന്നു.

നേരേ തന്നെ കാര്യങ്ങൾ പറയുന്ന ചാരുത! അതോടെ ക്രുദ്ധനായ വിരാധനൻ താനാരെന്നു വെളിപ്പെടുത്തുകയാണ്.

‌'‌'മൂന്നു ലോകങ്ങളും അറിയുന്ന വിരാധനാണ് ഞാൻ. ഇവിടെ ഉണ്ടായിരുന്ന താപസരെല്ലാം എന്നെ ഭയന്ന് ഓടിപ്പോയിരിക്കുന്നു. നിനക്കു ജീവനിൽ കൊതിയുണ്ടെങ്കിൽ ഈ സ്ത്രീയേയും ആയുധങ്ങളെയും ഉപേക്ഷിക്കുക. എന്നിട്ട് എളുപ്പം സ്ഥലം വിടുക. അല്ലാത്തപക്ഷം നിന്നെയും തിന്ന് ഞാൻ വിശപ്പടക്കും''.

നോക്കൂ, അഹങ്കാരം അവനെ ശരിയായ കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റാത്തവനാക്കുന്നു. അതോടെ കാമവും ക്രോധവും ഉടലെടുത്തു എന്നൊക്കെ ഇവിടെ കാണാം.

പിന്നീട് നീണ്ടുനിന്ന പരസ്പര ആക്രമണത്തിനൊടുവിൽ വിരാധനൻ കൊല്ലപ്പെട്ടു. ആ സമയമാണ് സൂര്യതേജസാർന്ന ഒരു രൂപം മൃതശരീരത്തിൽ നിന്ന് പ്രത്യക്ഷപ്പെടുന്നതും ശ്രീരാമചന്ദ്രനെ ദണ്ഡനമസ്കാരം ചെയ്യുന്നതും. വിദ്യാധരനായ തന്നെ ദുർവാസാവ് ശപിച്ചത് മൂലം രാക്ഷസനായി ജന്മം എടുത്തതാണെന്നും അങ്ങയുടെ കാരുണ്യം കൊണ്ട് മോക്ഷം കിട്ടിയെന്നും ഇനിയുള്ള കാലം രാമനാമം ചൊല്ലിയും അർച്ചന ചെയ്തും സൽക്കഥകൾ കേട്ടും രാമലിംഗങ്ങൾ കണ്ടും ശിരസാ രാമനെ നമിച്ചും ജീവിക്കാൻ ഇടയാകണം എന്നും പ്രാർഥിക്കുന്നു. ശ്രീരാമൻ കടാക്ഷിക്കുന്നു.

നോക്കൂ, നല്ലതു പറഞ്ഞും കേട്ടും കണ്ടു പ്രവർത്തിച്ചും കഴിയുമ്പോൾ ആരും മുക്തനാകും. അതിലേക്കുള്ള പാതയാണ് ഒരുക്കിയത്. അത്യാസക്തിയില്ലാത്ത സമബുദ്ധി എന്ന ഭാവമാണ് മുക്തി. രാക്ഷസൻ എന്ന അഹങ്കാര വികാരവിചാരങ്ങളും പ്രവൃത്തിയും ഈശ്വര കടാക്ഷംകൊണ്ട് ഛേദിക്കപ്പെട്ടപ്പോൾ തികച്ചും മുക്തനായി മാറുന്നു.

ഭ്രമാത്മക കഥയ്ക്കുമപ്പുറം ഉൾപ്പൊരുൾ തെളിയുകയാണ് ഇതിലും! അഹങ്കാരം ആപത്തു വരുത്തുന്നു, സമചിത്തനാകുക എന്ന സന്ദേശവും നൽകുന്നു.

(നാളെ: രാമായണം കഥയ്ക്കും അപ്പുറം)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com