സ്നേഹത്തിന്‍റെ നീരൊഴുക്ക് | രാമായണ ചിന്തകൾ - 16

രാജാധികാരം രാമന് ലഭിക്കില്ലെന്നും ഭരതനാണ് അത് ലഭിക്കാൻ പോകുന്നതെന്നും അറിയുമ്പോൾ രാമ മനസ് കലുഷിതമാകേണ്ടതല്ലേ?
രാജാധികാരം രാമന് ലഭിക്കില്ലെന്നും ഭരതനാണ് അത് ലഭിക്കാൻ പോകുന്നതെന്നും അറിയുമ്പോൾ രാമ മനസ് കലുഷിതമാകേണ്ടതല്ലേ?

സ്നേഹത്തിന്‍റെ നീരൊഴുക്ക് | രാമായണ ചിന്തകൾ - 16

MV Graphics

Updated on

വെണ്ണല മോഹൻ

രാമായണത്തിൽ സ്നേഹത്തിന്‍റെ ഒരു നീരൊഴുക്ക് നമുക്ക് കാണാനാകും. മാതൃവാത്സല്യത്തിന്‍റെ, പിതൃവാത്സല്യത്തിന്‍റെ, സഹോദര സ്നേഹത്തിന്‍റെ, ഗുരുകാരുണ്യ സ്നേഹത്തിന്‍റെ ഒക്കെ നീരൊഴുക്കുകൾ... അവിടെയൊക്കെ നിസ്വാർഥതയുടെ നറുനിലാവ് നിറം നൽകി നിൽക്കുന്നുമുണ്ട്! ഇത്തരം എത്രയെത്ര സന്ദർഭങ്ങളാണ് രാമായണത്തിൽ നമുക്ക് കാണാൻ കഴിയുക! ഉദാഹരണമായി രാജാധികാരം രാമന് ലഭിക്കില്ലെന്നും ഭരതനാണ് അത് ലഭിക്കാൻ പോകുന്നതെന്നും അറിയുമ്പോൾ രാമ മനസ് കലുഷിതമാകേണ്ടതല്ലേ? പകരം, അവിടെ സന്തോഷിച്ചുകൊണ്ട് ആ നെഗറ്റിവിലെ പോസിറ്റിവ് തിരിച്ചറിയുകയാണ് രാമൻ. ഇതിന് അടിസ്ഥാനമാകുന്നതും സ്നേഹം തന്നെ.

രാജ്യഭാരം എന്നത് ഏറെ വിഷമകരമാണ്. എന്നാൽ അത്രയ്ക്ക് വിഷമം പിടിച്ച സംഗതി ഒന്നുമല്ലല്ലോ വനവാസം. അതുകൊണ്ട് എന്നോട് സ്നേഹം കൊണ്ടാണ് രാജ്യഭാരം ഏറ്റെടുക്കേണ്ട എന്ന് പറയുന്നതെന്ന് രാമൻ നിരൂപിക്കുന്നു, പറയുന്നു. അത് രാമന്‍റെ സ്നേഹമാണ്. "സ്നേഹമെന്നെക്കുറിച്ചേറ്റ മമ്മയ്ക്കമദ്ദേഹ മാത്രം ഭരിക്കെന്നു വിധിക്കയാൽ' എന്നാണ് കവി രേഖപ്പെടുത്തുന്നത്. അല്ലാതെ സഹോദര സ്നേഹമുള്ള രാമൻ ഭരതന് രാജ്യം നൽകുന്നതിൽ അസൂയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല എന്നതാണ് എടുത്ത് പറയേണ്ട വസ്തുത. ഭരതനാണെങ്കിലോ തനിക്ക് ലഭിക്കാൻ പോകുന്ന കിരീടവും ചെങ്കോലും അധികാരവും ഒക്കെ ഓർത്ത് അഭിമാനംകൊള്ളുകയല്ല, സ്ഥാനലബ്ധി ഓർത്ത് സന്തോഷിക്കുകയല്ല പ്രത്യുത; സഹോദര സ്നേഹത്താൽ സങ്കടപ്പെടുകയാണ്. അധികാരം ലഭിക്കേണ്ടത് രാമനു തന്നയാണെന്ന ഉറച്ച വിശ്വസമുള്ള അദ്ദേഹം തനിക്ക് അധികാരം വേണ്ടെന്നും രാമനെ കാനനത്തിൽ നിന്നും തിരിച്ചുകൊണ്ടുവരുമെന്നും ദൃഢനിശ്ചയം ചെയ്യുകയാണ്. തികഞ്ഞ സഹോദര സ്നേഹത്തിനു മുന്നിൽ ഒരു അധികാര ലബ്ധിക്കും വിലയില്ലാതായിരിക്കുന്നു.

സഹോദരസ്നേഹം കാരണം അച്ഛനോട് ബലപ്രയോഗം പോലും താൻ ചെയ്തു കളയുമെന്ന് പറയുന്ന ലക്ഷ്മണൻ. ഇതെല്ലാം രാമനും സഹോദരന്മാരും പ്രകടിപ്പിക്കുന്ന സ്നേഹം. കൂടാതെ, ദശരഥന്‍റെ, കൈകേയിയുടെ, കൗസല്യയുടെ, പുത്രസ്നേഹം വെളിവാകുന്ന എത്രയെത്ര മുഹൂർത്തങ്ങൾ! എന്നാൽ,

സ്നേഹത്താൽ സമഭാവന കൈക്കൊള്ളുന്ന രംഗമാണ് ശബരിയുടെ കാര്യത്തിൽ ഉള്ളതെ ന്ന് കാണാനാകും.

ഭക്തി നിറഞ്ഞ സ്നേഹമാണ് ശബരിയുടെ കാര്യത്തിൽ വെളിവാകുന്നത്. ആരണ്യ കാണ്ഡത്തിൽ ശ്രീരാമലക്ഷ്മണന്മാർ തപസ്വിയായ ശബരിയുടെ ആശ്രമത്തിൽ ചെല്ലുന്ന ഭാഗം സ്നേഹത്തിന്‍റെയും സമഭാവനയുടെയും നിഷ്കളങ്ക ഭക്തിയുടെയും നിദർശനമാണ്!താനൊരു ഹീനജാതിക്കാരിയാണെന്ന് അപകർഷതയുള്ള തപസ്വിനിയാണ് ശബരി. എങ്കിലും തന്‍റെ പിതാമഹാന്മാർക്ക് സാധ്യമല്ലാതിരുന്ന ശ്രീരാമചന്ദ്രന്‍റെ അനുഗ്രഹം തനിക്ക് ലഭിക്കും എന്നവർ വിശ്വസിച്ചിരുന്നു. ശ്രീരാമൻ അവിടേയ്ക്കു വരുമ്പോൾ അദ്ദേഹത്തിനു വേണ്ട ഫലമൂലാധികൾ എന്നും എടുത്തുവച്ചു കാത്തിരുന്നു. ശബരിയുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി. രാമലക്ഷ്മണന്മാർ ശബരീസ്ഥാനത്ത് എത്തി. പ്രതീക്ഷിച്ചതാണ് ആ വരവെങ്കിലും പെട്ടെന്ന് സംഭ്രമിച്ചു പോകുന്നു ശബരി. സന്തോഷത്തിന്‍റെയും ആത്മാനുഭൂതിയുടെയും പ്രകർഷണത്തിലേക്ക് അവൾ എത്തിപ്പെടുന്നു. അവർക്ക് നൽകാനായുള്ള ഫലങ്ങൾ നല്ലതാണോ എന്ന് നോക്കുന്നത് പോലും ശബരി ആദ്യം കടിച്ചുനോക്കി രുചിച്ചിട്ടാണ്. അങ്ങനെ കടിച്ച് നല്ലതെന്ന് ബോധ്യപ്പെട്ട ഫലങ്ങൾ മാത്രമാണ് നൽകുന്നത്. എച്ചിലാണെന്ന് വേണമെങ്കിൽ പരിഹസിച്ച് പറയാം. പക്ഷേ, ഭക്തിക്കും സ്നേഹത്തിനും മുന്നിൽ എച്ചിലും വറ്റുമൊന്നും ഒരു വിഷയമല്ല. എല്ലാം മനോമയ സങ്കൽപ്പങ്ങൾ മാത്രമായി മാറുന്നു. യാഥാർഥ്യം ഒന്നേയുള്ളൂ, സ്നേഹം. സ്നേഹം തന്നെ ദൈവമായി മാറുന്നത് ആ ഭക്തിയിൽ അലിയുമ്പോഴാണ്.

അപ്പോഴും ശബരിക്ക് ശങ്കയുണ്ട് !

'ജ്ഞാനമില്ലാ ഹീനജാതിയിലുള്ള മൂഢ ഞാനിതിനൊട്ടു മധികാരിണി യല്ലയല്ലോ...'

ഹീനജാതിക്കാരിയായ തനിക്ക് എങ്ങനെയാണ് ഭഗവത് ദർശനത്തിന് യോഗ്യത ഉണ്ടാവുക !ശബരിയുടെ സങ്കടത്തിന് രാമൻ പറയുന്നു ,

'പുരുഷ സ്ത്രീ ജാതി നാമ ശ്രമാദികളല്ല കാരണം മമ ഭജനത്തിനു ജഗത്രയേ'

തുടർന്ന്, 'തിര്യഗോ നിജങ്ങൾക്കെന്നാകിലും മൂഢന്മാരാം നാരികൾക്കെന്നാകിലും പുരുഷനെന്നാകിലും പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോൾ വാമലോചനേ മമ തത്വാനു ഭൂതിയുണ്ടാം'എന്നും തുടരുന്നു. ജാതിചിന്തയെ ഇല്ലാതാക്കുന്ന വലിയൊരു തത്വമാണ് ഈ സന്ദർഭത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. പ്രേമലക്ഷണ ഭക്തിയിൽ അധികാരഭേദമില്ല, ആഢ്യത്വമില്ല, പരമ പ്രാപ്തിക്ക് അമോഘനായ ഏക ഉപാധി ഭക്തിയാണ്. നിറഞ്ഞ നിഷ്കളങ്ക സ്നേഹവുമാണ്. അവിടെ ഒന്നും രണ്ടായി കാണുന്നില്ല. പരമമായ ആ സ്നേഹത്തിൽ എല്ലാം അലിഞ്ഞ് ഒന്നായിത്തീരുന്നു. ഭക്തനും ഭഗവാനും ഒന്നാകുന്നു. പരമ പ്രാപ്തിയിലേക്ക് നീങ്ങുന്നു. ഇവിടേയും സ്നേഹത്തിന്‍റെ നീരൊഴുക്ക് തന്നെ.

(നാളെ: രാമായണത്തിലെ രാഷ്ട്ര സങ്കൽപ്പം)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com