
ത്രിഗുണ കുടുംബങ്ങൾ | രാമായണ ചിന്തകൾ - 19
MV Graphics
വെണ്ണല മോഹൻ
കഥകൾക്കെല്ലാം തന്നെ ബാഹ്യമായ ഒരു അർഥവും ആന്തരികമായ മറ്റൊരാർഥവും കൂടാതെ തത്വവും ഉണ്ടായിരിക്കും. പാലിൽ നിന്നും നെയ്യ് കണ്ടെത്തുന്നതു പോലെയാണു കഥകളിൽ നിന്നും തത്വദർശനം നടത്തേണ്ടി വരുന്നത്. രാമായണത്തിലും അങ്ങനെ തന്നെ. അർഥങ്ങൾക്കപ്പുറത്തുള്ള തത്വദർശനം കൂടി വായനയിലൂടെ മനനത്തിലൂടെ കണ്ടെത്തുമ്പോൾ, ലക്ഷ്യപൂർത്തി കൈവരുന്നു.
ജീവിതം എന്ന മഹാപ്രഹേളികയുടെ അർഥവും അർഥമില്ലായ്മയും രസപൂർണിമയും ദുരന്തവും മനുഷ്യമനസിന്‍റെ അനന്തമായ വ്യാകുലതകളും കാണാക്കയങ്ങളും ചുഴികളും പ്രകൃതിയുടെ താളവും താളപ്പിഴയും വിധിയുടെ അലംഘനീയമായ നിയമങ്ങളും അതിന്‍റെ വാങ്മയ സ്വരൂപവുമാണ് രാമായണം. അങ്ങനെയുള്ള രാമായണത്തിൽ സത്വ രജോ തമോ ഗുണങ്ങളുള്ള മൂന്നു കുടുംബങ്ങളുടെ കഥകളും വായിച്ചെടുക്കാനാകും.
സത്വഗുണമുള്ള കുടുംബമാണ് രാമന്‍റേത്. അവിടെ ധർമത്താൽ വിശേഷാൽ ഗ്രഹിക്കപ്പെട്ട പാത്രമായി രാമൻ വിളങ്ങുന്നു! രാമോ വിഗ്രഹവാൻ ധർമഃ. പുത്രധർമം, അതായത്, അച്ഛന്‍റെ വാക്കു പാലിച്ചു പതിനാലു വർഷം വനവാസം അനുഷ്ഠിച്ചതു മാത്രമല്ല, മിത്രധർമമായി ബാലിയെ കൊന്ന് സുഗ്രീവനെ രാജാവാക്കുന്നതും സീതയെ കൈയൊഴിയാതെ വനവാസത്തിന് ഒപ്പം കൂട്ടി ഭർതൃധർമം പാലിക്കുന്നതും അഗ്നിശുദ്ധിയായ സീതയെ പരിത്യജിച്ചു രാജധർമം നിലനിർത്തുന്നതും എല്ലാം തന്നെ ഈ സാത്വിക ഗുണങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ശ്രീരാമന്‍റെ കുടുംബത്തിൽപ്പെട്ടവരെല്ലാം തന്നെ സത്വഗുണ പ്രധാനികളാണ്. ഒരാൾ മറ്റൊരാൾക്കു വേണ്ടി സഹിക്കുന്ന ജീവിതങ്ങളെ നമുക്കവിടെ കാണാനാകും.
എന്നാൽ രജോഗുണമുള്ള ബാലി-സുഗ്രീവന്മാരുടെ കുടുംബത്തെ നോക്കുക! ഇരുവരും സഹോദരന്മാരാണ്, ബലശാലികളാണ്, തങ്ങളുടെ ശക്തിയിൽ ഏറ്റവും കൂടുതൽ മദം കൊള്ളുന്നവരുമാണ്. പക്ഷേ, ബാലിക്ക് സുഗ്രീവനെ മനസിലാക്കാനാകുന്നില്ല. സുഗ്രീവന്‍റെ വാക്കുകൾക്ക് ശ്രദ്ധയോടെ ചെവി കൊടുക്കാനും തയാറാകുന്നില്ല.
പകരം, തന്‍റെ തോന്നലിൽ, വിശ്വാസത്തിൽ ഉറച്ച്, യുദ്ധത്തിനിടെ സുഗ്രീവൻ ഗുഹാദ്വാരം മനഃപൂർവം അടച്ചു എന്നു തന്നെ ബാലി കരുതുന്നു. താൻ അജയ്യനാണെന്ന അഹങ്കാരം. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന സഹോദരനെ ഒരു നിമിഷം കൊണ്ട് അവിശ്വസിക്കുന്നു. രജോഗുണ പ്രധാനമായി മാറുന്നു, ആ കുടുംബം. എന്നാൽ, ശിവഭക്തനെങ്കിലും, തമോഗുണം നിറഞ്ഞ കുടുംബമായിരുന്നു രാവണന്‍റേത്.
സാത്വിക ഗുണമുള്ള ശ്രീരാമലക്ഷ്മണന്മാർ രജോഗുണമുള്ള ബാലീ- സുഗ്രീവ താമസസ്ഥാനത്തേക്ക് എത്തുമ്പോൾ ഭഗവാനും ഭക്തനുമായുള്ള സംഗമം നടക്കുന്നു! അവിടെ വച്ച് മാരുതിയെ- ഹനുമാനെ- പരിചിതമാകുന്നു.
ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ കഴിയുകയാണ്. സൂര്യന്‍റെ പുത്രനാണ് സുഗ്രീവൻ. ഹനുമാന് ഗുരുഭൂതനാണു സൂര്യൻ. ആ സൂര്യപുത്രനെ രക്ഷിക്കാൻ സർവഥാ എന്തിനും തയാറായി നിഷ്കാമമായി നിൽക്കുകയാണു ഹനുമാൻ. സുഗ്രീവൻ മാരുതിയെ വിളിച്ചുപറയുന്നു, ആരോ രണ്ടു പേർ വരുന്നു, ആയുധധാരികളാണ്. അവർ ആരാണെന്ന് അറിയണം. തന്‍റെ ജേഷ്ഠന്‍റെ നിർദേശപ്രകാരം തന്നെ കൊല്ലാൻ വരുന്നവരാണോ അവർ എന്നായിരുന്നു സുഗ്രീവന്‍റെ ഭയം.
വില്ലും അമ്പുമേന്തി താപസ വേഷം ധരിച്ച് എത്തുന്ന അവർ ആരാണെന്ന് അറിയുക. അതുകേട്ട് ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽ എത്തുന്ന മാരുതി രാമലക്ഷ്മണന്മാരെ തൊഴുതു നിൽക്കുന്നു. രാമനും ലക്ഷ്മണനും തങ്ങളെ പരിചയപ്പെടുത്തി. തങ്ങളുടെ കൂടെയുണ്ടായിരുന്ന സീതയെ രാക്ഷസന്മാർ അപഹരിച്ചു കൊണ്ടുപോയെന്നും തങ്ങൾ സീതയെ അന്വേഷിച്ചു നടക്കുകയാണെന്നും പറയുന്നു.
ഇനി താങ്കൾ ആരാണെന്ന് പറഞ്ഞാലും എന്നായി രാമൻ. ആ സമയം മാരുതി തന്നെയല്ല, വിനയപൂർവം തന്‍റെ പ്രഭുവായ സുഗ്രീവനെയാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. അതിനുശേഷം അദ്ദേഹത്തിന്‍റെ ഭൃത്യനായ അഞ്ജനാപുത്രനായ ഹനുമാനാണ് താനെന്നും പറയുന്നു. സുഗ്രീവനോട് സഖ്യം ചെയ്താൽ രണ്ടുപേർക്കും ശത്രുക്കളെ നിഗ്രഹിക്കാനാകുമെന്നും അറിയിക്കുന്നു.
നോക്കുക, സത്വ, രജോഗുണങ്ങളായ രണ്ടു ഭാവങ്ങളെ ബന്ധിപ്പിക്കുന്നത് ഭക്തിയും വിശ്വാസവും ദൃഢനിശ്ചയവുമാണെന്നു മനസിലാക്കുകയാണ്. അചഞ്ചലമായ ഭക്തിയുടെയും വിശ്വാസത്തിന്‍റയും ദൃഢ നിശ്ചയത്തിന്‍റെയും പ്രതിരൂപമാണല്ലോ ഹനുമാൻ. എപ്പോഴും ഗുണങ്ങളെ തമ്മിൽ വിശ്വാസത്താലും ഭക്തിയാലും ദൃഢനിശ്ചയത്താലും ബന്ധിക്കുമ്പോൾ വിജയം സുനിശ്ചിതമായി മാറുകയും ചെയ്യുന്നു.
(നാളെ: വികാരാന്ധത)