
ന്യായാന്യായങ്ങൾ | രാമായണ ചിന്തകൾ - 21
വെണ്ണല മോഹൻ
രാമായണം ചർച്ച ചെയ്യുന്ന ഏതൊരു ഘട്ടത്തിലും കാലത്തിലും അതിന്‍റെ പ്രസക്തി പ്രതിപാദിക്കുന്ന പോലെ തന്നെ തർക്കവും വിതർക്കവും കുതർക്കവും ഒക്കെ ഉണ്ടാകാറുണ്ട്. തർക്കം കൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമെന്ന് അറിയില്ല.
പക്ഷേ, ചർച്ച കൊണ്ട് ഏറെ പ്രയോജനം ഉണ്ടാവുകയും പുതു വെളിച്ചം ചിന്തയിൽ പ്രസരിക്കുകയും ചെയ്യും എന്നത് സ്പഷ്ടമായ കാര്യമാണ്. രാമായണത്തിനെ കുറിച്ച് എതിർ ശബ്ദങ്ങൾ ഉയരുന്ന പല സന്ദർഭങ്ങളുമുണ്ട്. അതിനൊക്കെ യുക്തിഭദ്രമായ മറുപടിയും ചിന്തനീയമായ തത്വങ്ങളും രാമായണത്തിൽ തന്നെ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം. തർക്കവും ചർച്ചയും ഉണ്ടാക്കുന്ന ഒരു വസ്തുതയാണ് ബാലി വധം.
ഒളിയമ്പെയ്ത് രാമഭക്തനായ ബാലിയെ ശ്രീരാമൻ വധിച്ചത് മര്യാദയ്ക്കും നീതിയ്ക്കും നിരക്കുന്നതാണോ? മര്യാദാ പുരുഷോത്തമനായ രാമൻ അതു ചെയ്യാമോ? ഈ ചോദ്യങ്ങൾ തന്നെയാണ് രാമബാണമേറ്റു കിടന്ന ബാലിയും ചോദിച്ചത്.
രാമാ, ഞാൻ നിന്നോട് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്നെയാണ് എന്‍റെ ബോധ്യം! എന്നെ എന്തിനു കൊല ചെയ്തു? രാജധർമം മറന്ന് ചോര ധർമമല്ലേ നീ ചെയ്തത്? കീർത്തിയാണ് ആഗ്രഹിക്കുന്നതെങ്കിൽ നേരെ നിന്നു പൊരുതി ജയിക്കാമായിരുന്നില്ലേ. ഒളിയമ്പെയ്തു വീഴ്ത്തിയാൽകീർത്തി ലഭിക്കുമോ. എന്നെക്കൊണ്ട് എന്തു കാര്യമാണു രാമനു സാധിക്കാത്തത്? എന്‍റെ വീരപരാക്രമങ്ങൾ അങ്ങേയ്ക്കും അറിയാവുന്നതല്ലേ. ലങ്കാപുരത്തെ നശിപ്പിച്ച് രാവണനെ ബന്ദിയാക്കി അരനാഴിക നേരം കൊണ്ട് അങ്ങയുടെ പാദത്തിൽ അർപ്പിക്കാൻ കെൽപ്പാർന്നവനല്ലേ ഞാൻ! ഇനി ഭക്ഷിക്കാനാണെങ്കിൽ വാനര മാംസം അഭക്ഷ്യമല്ലെ? അതുമൂലം അങ്ങേയ്ക്ക് എന്തു പ്രയോജനം ലഭിച്ചു?
നമുക്കറിയാം, ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്നെ വധിക്കുമെന്ന് ഭയന്നു ബാലികേറാമലയിൽ പോയി താമസിച്ചിരുന്ന ആളാണ് ബാലിയുടെ സഹോദരനായ സുഗ്രീവൻ. സുഗ്രീവനു പ്രിയപ്പെട്ടവനാണ് ഹനുമാൻ.
സുഗ്രീവനുമായി രാമൻ ഒരു കരാറുണ്ടാക്കിയതും നമുക്കറിയാം.
ബാലിയെ വധിച്ച് സുഗ്രീവനെ രാജ്യം ഏൽപ്പിക്കും. പകരം സീതാന്വേഷണത്തിൽ സുഗ്രീവന്‍റേയും വാനരന്മാരുടേയും സഹായം ഉറപ്പാക്കും. എന്നാൽ, അതുല്യ ശക്തിമാനായ ബാലി വിചാരിച്ചാലും ശ്രീരാമനെ സഹായിക്കാനാ കുമായിരുന്നല്ലോ? പിന്നെന്തിന് സുഗ്രീവനുമായി ഒരു കരാറും, കളങ്കം സൃഷ്ടിക്കുമാറ് ഒളിയമ്പെയ്യലും!
ഇതേ ചോദ്യമാണ് വായനക്കാരിലും ഒരുപക്ഷേ ആദ്യം ഉണ്ടാക്കുക എന്നത് സത്യം!
ഇവിടെയാണ് മഹത്തായ സംസ്കൃതിയുടെയും പാരമ്പര്യത്തിന്‍റെയുമൊക്കെ പിന്തുടർച്ച ഇതിനു മറുപടിയായി കാണാൻ കഴിയുന്നത്. തനിക്ക് എതിരാളി ആരുമില്ലെന്ന ബാലിയുടെ അഹങ്കാരത്തിനാണു വേരറ്റു പോകുന്നത്. ഇതിനു യുക്തിഭദ്രമായ മറുപടി രാമായണത്തിൽ തന്നെ രാമന്‍റെ മറുപടിയായി വരുന്നുണ്ട്. ബാലി ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ആരോപിച്ചിട്ടും ശ്രീരാമൻ പ്രകോപിതനാകുകയല്ല, പകരം സമാധാനപൂർവം മറുപടി പറയുകയാണ് ഉണ്ടായത്.
തന്‍റെ ഭാഗത്താണ് ന്യായമെന്നുറപ്പുള്ളവർ സമചിത്തരായി തന്നെ മറുപടി പറയുമല്ലോ? രാമനും സുഗ്രീവനും തമ്മിലുള്ള കരാറല്ല മുഖ്യം. ഞാൻ നിന്നെ വധിച്ചതിനു കാരണം കർമം നടത്തുക എന്ന ലക്ഷ്യമാണ്. അധർമിയും പാപിയുമാണ് നീ.
എന്ത് അധർമമാണ് ബാലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ശ്രീരാമൻ പറയുന്നു. സഹോദരി, സഹോദരന്‍റെ ഭാര്യ, പുത്രഭാര്യ, മാതാവ് ഇവർക്ക് ഭേദമില്ലെന്നതാണ് വേദവാക്യം. ഇവരെ മാതാക്കളായാണു കാണേണ്ടത്. ഇവരെ പ്രാപിക്കുന്നവർ മഹാപാപിയാണ്.
ഇത് വെറും വാക്കല്ല. ഇതിനു പ്രമാണമുണ്ട്. വേദം പ്രമാണം! ആചാര്യവര്യന്മാർ ജീവിച്ചു തെളിയിച്ച വേദ പ്രമാണം!
ഈ വാക്കുകൾ ഏറെ ശക്തവും യുക്തിഭദ്രവുമായ മറുപടിയാണെന്ന് മാത്രമല്ല ഭാരത സംസ്കാരം എങ്ങനെയാണ് സഹോദരിയോടും സഹോദര ഭാര്യയോടും പുത്രഭാര്യയോടും മാതാവിനോടും പെരുമാറേണ്ടത് എന്നതിന്‍റേയും നേർക്കാഴ്ച കൂടിയാണ്. ബാലി വധത്തിലെ ന്യായാ-ന്യായ വാദങ്ങൾ അങ്ങനെ പൂർത്തീകരിക്കുക കൂടി ചെയ്യുന്നു.
(നാളെ : സേതുവിലും ഉണ്ടൊരു കാര്യം)