
ഖര വധത്തിലൂടെ അറിയുന്നത് | രാമായണ ചിന്തകൾ - 23
##വെണ്ണല മോഹൻ
രാമായണത്തിലെ ആരണ്യകാണ്ഡത്തിലാണ് ഖര വധം. വിവാഹാഭ്യർഥന രാമനും ലക്ഷ്മണും നിഷേധിച്ച ശേഷം, മൂക്കും മുലയും ഛേദിക്കപ്പെട്ട ശേഷം, ശൂർപ്പണഖ രാമലക്ഷ്മണന്മാരുടെ അടുത്തു നിന്നു നേരേ ചെല്ലുന്നതു സഹോദരനായ ഖരന്‍റെ അടുത്തേക്കാണ്. അവിടെ ചെന്ന് പർവതം ചിറകറ്റു വീഴുന്നതുപോലെ വീണു എന്നാണ് എഴുത്തച്ഛൻ പറയുന്നത്.
ഖരനോട് ഗദ്ഗദത്തോടെ ശൂർപ്പണഖ തന്‍റെ സങ്കടം പറയുകയാണ്. ശൂർപ്പണഖയുടെ സങ്കടം കേട്ട് രാമലക്ഷ്മണന്മാരെ വധിക്കാനായി പതിനാലു പേരോടാണു പോകാൻ ഖരൻ പറയുന്നത്. ശൂർപ്പണഖയോട് അവിടെ രാമലക്ഷ്മണന്മാർ ഉള്ള സ്ഥലത്തേക്കു വഴി കാണിച്ചു കൊടുക്കാനും ആവശ്യപ്പെടുന്നു. എന്നാൽ രാമന്‍റെ അമ്പേറ്റ് പതിനാലു പേരും മരിച്ചു വീഴുകയാണുണ്ടായത്. ശൂർപ്പണഖയ്ക്ക് ദുഃഖം അവസാനിക്കുകയല്ല, നേരേ മറിച്ച് പ്രതികാര ചിന്ത കൂടുകയാണ്! തന്‍റെ പതിനാലു പേരേയും രാമൻ കാലപുരിക്കയച്ചെന്ന വാർത്ത കേട്ട ഖരൻ വർധിത കോപത്തോടെ പതിനാലായിരം രാക്ഷസരോട് ദൂഷണന്‍റേയും ത്രിശിരസിന്‍റേയും കൂടെ പോകാൻ കൽപ്പിക്കുകയാണുണ്ടായത്. അവിടെയൊക്കെ നാം മറന്നു പോകാതിരിക്കേണ്ട ഒരു കാര്യമുണ്ട്. രാമന്‍റെ കാനന യാത്രയുടെയും വനവാസത്തിന്‍റെയും ഉദ്ദേശ്യം പതിനാല് വർഷക്കാലം വനത്തിൽ താമസിക്കുക എന്ന പിതാവിന്‍റെ ആജ്ഞയ്ക്കപ്പുറം അവതാരോദ്ദേശ്യമായ ദുഷ്ട സംഹാരമാണ്.
ഇതിന് ഓരോന്നോരോന്നു നിമിത്തമായി മാറുന്നു എന്നു നിരൂപിച്ചാൽ മതിയാകും.
നാം ഒരു ലക്ഷ്യം തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അതിലേക്കുള്ള യാത്രയ്ക്ക്, ലക്ഷ്യം കൈവരിക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങളും സഹായങ്ങളും വന്നുചേരുമെന്നതു നമുക്കും അനുഭവത്തിൽ ഉള്ളതാണല്ലോ!
ആദ്യം ഇച്ഛിക്കുക, തുടർന്ന് കർമത്തിലുള്ള വഴികൾ തുറക്കപ്പെടുന്നു. കർമം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ ഫലം സിദ്ധിക്കുന്നു. ഇത് പ്രകൃതിയുടെ അഥവാ പ്രപഞ്ചത്തിന്‍റെ തന്നെ അലംഘനീയമായ നിയമമാണ്! ഇവിടെയും ദുഷ്ട നിഗ്രഹത്തിനുള്ള വഴികൾ തുറക്കുന്നു. അതിനായി ഓരോരോ സംഭവങ്ങൾ ഉണ്ടാകുന്നു. ചിലർ അതിനുള്ള നിമിത്തമായി മാറുന്നു എന്നു മാത്രം.
ശൂർപ്പണഖ മോഹിച്ചത് രാമനെയാണ്. എന്നാൽ താൻ രാമനെ മോഹിച്ചു ചെന്നതാണെന്ന് സഹോദരന്മാരായ ഖരനോടും രാവണനോടും പറയുന്നതുമില്ല. രാവണനോടു പോലും പറയുന്നത് നിനക്കു വേണ്ടി സീതയെ പിടിക്കാൻ ചെന്നപ്പോഴാണ് ലക്ഷ്മണൻ എന്നെ ഉപദ്രവിച്ചത് എന്നാണ്. മനസിലാക്കുക, പലപ്പോഴും കണ്ടതും കേട്ടതും എന്തിനധികം അനുഭവിക്കുന്നത് പോലും സത്യമാകണമെന്നില്ല! അതിനു പിന്നിൽ പലതും ഉണ്ടായേക്കാം. സ്വാർഥതയും കാമവും സ്നേഹമായി മാറ്റിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതെല്ലാം വഴിവയ്ക്കുന്നതോ നാശത്തിനു മാത്രം! ദൂഷണനും തൃശിരസും ശക്തമായി പോരാടാൻ ശ്രമിച്ചെങ്കിലും രാമന്‍റെ അസ്ത്രങ്ങൾ ഏറ്റ് അവർ കാലപുരിയിലേക്കു യാത്രയാവുകയാണ് ഉണ്ടായത്.
യഥാർഥത്തിൽ ഈ യുദ്ധങ്ങളെല്ലാം നടക്കുന്നത് നമ്മുടെ മനസിലല്ലേ? മനസിലെ സംഘർഷങ്ങൾ, നന്മയും തിന്മയുമായ ചിന്തകൾ... ഒടുവിൽ നന്മ വിജയിക്കുമ്പോഴോ രാമൻ നമ്മുടെ ഉള്ളിലു ണ്ടായ ഖര, ദൂഷണ, ത്രിശിരസുകളെ വധിക്കുന്നു! അധഃപതനത്തിൽ നിന്നും നാം രക്ഷ നേടുന്നു.
പിന്നീട് ഖരൻ നേരിട്ടുതന്നെ യുദ്ധത്തിനെത്തുകയായി. ഖരനേയും രാമൻ വധിച്ചു എന്ന് പറയേണ്ടതില്ലല്ലോ! അങ്ങനെ പതിനാലായിരം സേനകളും ഖരദൂഷണത്രിശിരാക്കളും മരിച്ചു വീണു എങ്കിലും ഇവർക്കെല്ലാം ദിവ്യദേഹം ലഭിക്കുകയാണ്ഉണ്ടായത്!
അവർക്ക് ജ്ഞാനം ലഭിക്കുന്നു. അവർ രാമനെ പ്രദക്ഷിണം ചെയ്ത് കൈ കൂപ്പി നിൽക്കുന്നു.
മുമ്പു പറഞ്ഞതുപോലെ നന്മ കൈവരുമ്പോൾ സദ്ചിന്തകൾ ഉണ്ടാകുമ്പോൾ ജ്ഞാനം ലഭിക്കുകയായി. ജ്ഞാനം ലഭിക്കുമ്പോൾ ഭഗവാനോടു ചേരുകയായി എന്നും പറയാം.
ഇവിടെ ഒരു പൂർവവൃത്താന്തം കൂടി അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഒരിക്കൽ ,ഞങ്ങൾ മഹാദേവനെ തപസു ചെയ്തു സന്തോഷിപ്പിച്ചവരാണ്. പ്രത്യക്ഷപ്പെട്ട മഹാദേവനോട് ഞങ്ങൾ സംസാരവൃക്ഷത്തിന്‍റെ വേരിനെ ഛേദിക്കുന്ന കഠാരയായി ഭവിച്ചുകൊണ്ട് ഭേദ വിഭ്രമം തീർക്കണമെന്നാണ് അപേക്ഷിച്ചത്! നിങ്ങൾ രാക്ഷസരായി ജനിക്കുക. ഞാൻ രാമനായി ജനിച്ച് നിങ്ങളുടെ ദേഹഛേദം ചെയ്തു മോക്ഷം നൽകാം. അങ്ങ് രാമനായി ജനിച്ച മഹാദേവനാണ്. ഞങ്ങൾക്കു വാക്കുകൾ കേട്ട് മോക്ഷമരുളിയാലും. രാമൻ ഇവിടെ മഹാദേവനും മഹാവിഷ്ണുവും ഒന്നെന്ന സങ്കല്പത്തിലേക്കു കൂടി നമ്മെ നയിക്കുകയാണ്.
(നാളെ : ബുദ്ധി തെളിയാത്ത സമയം )