
ബുദ്ധി തെളിയാത്ത സമയം | രാമായണ ചിന്തകൾ -24
##വെണ്ണല മോഹൻ
മനസ് വല്ലാത്തൊരു പ്രതിഭാസമാണ്! പലതും ഇല്ലെന്നു നമുക്കറിയാം. അങ്ങനെയൊന്ന് ഉണ്ടാകാൻ തരമില്ലെന്നും അറിയാം. എങ്കിലും ആരോ അതുണ്ടെന്നു വെറുതേ പോലും ചിന്തിക്കുക! തനിക്ക് അതു വേണമെന്ന് ആഗ്രഹിക്കുക!
എന്നിട്ട് അതിനു പിന്നാലെ പോവുക. കുട്ടികൾ ചന്ദ്രനെ പിടിച്ചു കൊടുക്കണം എന്നു പറയും പോലെ! ഇതിനെല്ലാം മായ എന്നു പറയും.
മരു രൂഹങ്ങളും അത്തരത്തിൽപ്പെട്ട ഒന്നാണല്ലോ?! മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ അകലെയായി വെള്ളം ഉള്ളതായി തോന്നും, പച്ചപ്പിന്‍റെ നിഴൽ പോലെ.... യഥാർഥത്തിൽ മരുഭൂമിയിൽ വെള്ളം ഉണ്ടാകാൻ സാധ്യമല്ലെന്നു നമുക്കറിയാം. എങ്കിലും ഉണ്ടെന്നതു തോന്നലാണ്. അവിടേക്ക് അതിനായി അടുക്കുകയും ചെയ്യുമ്പോൾ വീണ്ടും ദൂരെയായിട്ടാണ് വെള്ളം ഉണ്ടെന്ന തോന്നൽ. അഥവാ മായക്കാഴ്ച ഉണ്ടാകുന്നത് !
ഇതിനെ മരുരൂഹം, അഥവാ മരുപ്പച്ച എന്നാണല്ലോ പറഞ്ഞുവരുന്നത്.
സങ്കല്പത്തിൽ കാണുന്ന കാര്യത്തിന് ഏറെ ഭംഗിയുണ്ടായിരിക്കും. സത്യത്തിൽ അത് അങ്ങനെ ആയിരിക്കണമെന്നില്ല. പരസ്യത്തിൽ പറയുന്ന ഗുണങ്ങൾ വിപണത്തിനു വേണ്ടിയുള്ള തന്ത്രം മാത്രമായിരിക്കും. ആ തന്ത്രത്തിൽ പെട്ടു പോയാലോ? ആവശ്യമില്ലാത്ത വസ്തുവിനെ സ്വന്തമാക്കുകയായിരിക്കും, അഥവാ സ്വന്തമാകുന്ന വസ്തുവിൽ ഉണ്ടാകേണ്ടതായ, ഉണ്ട് എന്നു കരുതിയ, ഗുണങ്ങളെ കണ്ടെത്താൻ കഴിയാതെ ഖിന്നതയോടെ കഴിയുകയാകും ഫലം. ഇവിടെ,
ജീവിതത്തിൽ മായയുടെ പിന്നിലെ സത്യം ആരു പറഞ്ഞാലും ബോധ്യപ്പെടാതെ പായുന്ന മനസിനെ ചിത്രീകരിക്കുന്ന ഭാഗമാണു മാരീചന്‍റെ വരവ്.
വാസ്തവത്തിൽ സ്വർണ മാൻ ഉണ്ടാകില്ലെന്ന് അറിയാം. ഇതെല്ലാം കല്പിതമാണന്നും അറിയാം. പക്ഷേ, അമിതാശയ്ക്കു മുമ്പിൽ ബുദ്ധിയോ യുക്തിയോ പ്രവർത്തിക്കുകയില്ലല്ലോ?!
എന്നാൽ ബുദ്ധി പ്രവർത്തിച്ചാലും ഇതൊന്നും നല്ലതിനല്ല എന്നു ബോധ്യമുണ്ടായാലും അതു തന്നെ ചെയ്യാൻ തുനിയുന്നതും മറ്റൊരു ബുദ്ധിഹീനത!
ഇതു രണ്ടും ഒരേ സംഭവവികാസത്തിൽ കാണാനാകും. മാരീചന്‍റെ അടുത്ത് അതിരാവിലെ ഒറ്റയ്ക്ക് രഥത്തിൽ മായാ മാനായി പോയി സീതയെ ആകർഷിക്കണമെന്നാണു രാവണൻ പറയുന്നത്. സീത ആകൃഷ്ടയായാൽ അതിനെ പിടിച്ചു നൽകാൻ ശ്രീരാമനോട് ആവശ്യപ്പെടും, നിർബന്ധിക്കും. രാമലക്ഷ്മണന്മാർ മാനിനു പിന്നാലെ പകുമ്പോൾ, സീതയുടെ അടുത്തു നിന്നും അവർ മാറിയാൽ പിന്നെ സീതയെ പിടിച്ചു കൊണ്ടുവരാൻ എളുപ്പമായിരിക്കും എന്നും രാവണൻ പറയുന്നു.
ഈ സമയം മാരീചൻ കൃത്യമായും വ്യക്തമായും പറയുന്നു, രാമന്‍റെ അവതാരോദ്ദേശ്യം. ""രാവണനെ വധിക്കാനാണ് രാമൻ അവതാരം എടുത്തിരിക്കുന്നത്. മൂല നാശത്തിനുള്ള കാരണം രാവണാ, നിനക്ക് ആരാണ് ഉപദേശിച്ചു തന്നത്. ആരായാലും അവൻ നിന്‍റെ ശത്രുവാണ്. ഞാൻ നിനക്കു നല്ലതു വരാനുള്ള മാർഗം ഉപദേശിച്ചു തരാം. നീ ഈ ചിന്തയിൽ നിന്നും പിന്മാറുക. എന്നിട്ട് രാമനോടുള്ള എതിർഭാവം കൈവെടിഞ്ഞ് ലങ്കാ രാജ്യം ഭരിച്ച് സന്തോഷവാനായി കഴിയുക''.
രാവണൻ ഇതിനു മറുപടി പറയുന്നു.
""നീ പറയും പോലെ രാമൻ നാരായണനാണെങ്കിൽ ആ ശരമേറ്റാൽ വൈകുണ്ഠ ലോകം എനിക്കു ലഭിക്കും. ഇല്ലെങ്കിൽ ലങ്കാധിപനായി കഴിയാം. എന്തായാലും സന്തോഷം. ഇപ്പോൾ എനിക്ക് ആവശ്യം ജാനകിയെ കൈവശപ്പെടുത്തുക എന്നതാണ്. രാമനോടുള്ള എതിർഭാവം ഒഴിവാക്കിയാലും ഇതു തന്നയല്ലേ ഉണ്ടാവുക? ലങ്കാധിപനായി ഇപ്പോൾ ഭരിക്കുകയും മരണശേഷം വൈകുണ്ഠത്തിലെത്തുകയും ചെയ്യാം''.
ജാനകിയോടുള്ള മമത കാരണം യുക്തിപരമായി ചിന്തിക്കാനോ ബുദ്ധിപൂർവമുള്ള ഉപദേശം കേൾക്കാനോ രാവണൻ തയാറാകുന്നില്ല. മനസിന്‍റെ മാറ്റുരയ്ക്കുകയാണ് ഈ സംഭവത്തിലൂടെ. ഒന്നിൽ മമത ഉറച്ചാൽ ഫലം നന്നെന്നോ മോശമെന്നോ ചിന്തിക്കാനുള്ള വിവേകം നഷ്ടപ്പെടുന്നു എന്നതു തന്നെ കാരണം. അതുകൊണ്ടായിരിക്കാം വിഷയങ്ങളുടെ പിന്നാലെ പോയി സങ്കടം വരുത്തരുതെന്ന് പറയുന്നതും!
രാവണ കൽപ്പന അനുസരിച്ചില്ലെങ്കിൽ ആ വാളിനിരയാകും എന്നറിയുന്ന മാരീചൻ മായാ മാനാകാൻ തയാറാകുന്നു. സീതയുടെ കാര്യത്തിലോ? യഥാർഥ മാനല്ല, വേഷം കെട്ടിയ രാക്ഷസനാണ് എന്നൊക്കെ വിവേകത്താൽ തിരിച്ചറിയുകയും ഈ സങ്കല്പ ലോകത്തേക്ക് പ്രിയതമനെ പറഞ്ഞു വിടാതിരിക്കുകയും ചെയ്യേണ്ടതു സീതയാണ്. എന്നാൽ ആ മോഹവലയത്തിൽപ്പെട്ടപ്പോഴോ? ബുദ്ധി പ്രവർത്തിക്കാതായി, ചപല ആഗ്രഹത്തിന്‍റെ പിന്നാലെയായി എല്ലാ ചിന്തകളും. അതോടെ അപകടത്തിലാവുകയും ചെയ്തു.
ചപല ചിന്തകളിലും അനാവശ്യ ആഗ്രഹങ്ങളിലും മനസു സമർപ്പിച്ചാൽ മായയ്ക്കു പിന്നാലെ അലഞ്ഞു മനുഷ്യജീവിതം ദുഃഖപൂർണവും ദുരിത സങ്കീർണവുമാകും എന്നുകൂടി മനസിലാക്കാൻ നമുക്കിവിടെ കഴിയണം.
(നാളെ: ധർമസങ്കടം)