

രാമായണ മാസം
രാമായണമാസം | സുധാകരന്‍ ചന്തവിള
ദശരഥപത്നിമാരില്‍ മൂന്നാമത്തവള്‍, സുമിത്ര. എല്ലാവരോടും മിത്രത്വം സുഖകരമാക്കിത്തീര്‍ത്തവള്‍. പുത്രസ്നേഹത്തിന്‍റെ പ്രതീകമായി കൗസല്യയേയും അധികാരരാഷ്ട്രീയത്തിന്‍റെ പ്രതീകമായി കൈകേയിയേയും അവതരിപ്പിച്ചശേഷമാണ് സഹനങ്ങളുടെയും സഹവര്‍ത്തിത്വത്തിന്‍റെയും പ്രതീകമായി സുമിത്രയെ അവതരിപ്പിക്കുന്നത്.
ഒരു കവി, എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായിരിക്കില്ലല്ലോ. രാമായണത്തെ ഒരു മനുഷ്യനിര്‍മിത മഹാകാവ്യമായി കാണാനാണ് എനിക്കിഷ്ടം. അതിനാല്‍ രാമായണത്തിലെ കഥാപാത്രങ്ങളെ മനഃശാസ്ത്രപരമായും സാമൂഹ്യപരമായും കാണാന്‍ ആഗ്രഹിക്കുന്നു.
ഏതു രാമായണത്തെക്കുറിച്ചാണ് എഴുതേണ്ടതെന്നും പറയേണ്ടതെന്നും ചിന്തിക്കുമ്പോള്‍ അത് വാല്മീകിരാമായണത്തെക്കുറിച്ചു മാത്രമാണെന്നും ഉറക്കെപ്പറയാനാണിഷ്ടം. ഏതൊരു കൃതിയും അതുണ്ടാകുന്ന കാലത്തോടു ബന്ധപ്പെട്ടുനില്‍ക്കുക സ്വാഭാവികം. സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയചിന്തകളോട് അതു ബന്ധം സ്ഥാപിക്കുന്നു. ഇണങ്ങിയോ പിണങ്ങിയോ സ്ഥാപിക്കപ്പെടുന്ന അത്തരം ബന്ധത്തിന്‍റെ അടിസ്ഥാനം രചയിതാവിന്‍റെ സാമൂഹികകാഴ്ചപ്പാടുകളാണ്. അങ്ങനെ നോക്കുമ്പോള്‍ രാമായണവും ഒരു രാഷ്ട്രീയകൃതിയാണെന്നു പറയേണ്ടിവരും.
ഒരു ഭാഗത്ത് രാജാധികാരത്തോടുള്ള ആര്‍ത്തി. മറുഭാഗത്ത് അതിനെതിരേ ത്യാഗത്തിന്‍റെ കൊടി ഉയര്‍ത്തിക്കൊണ്ട് ജീവിതത്തെ താത്വികമായി സമീപിക്കുന്ന സഹിഷ്ണുതയുടെ വഴിയും. ഇതില്‍ രണ്ടാമത്തെ വഴിയാണ് സുമിത്ര പിന്തുടര്‍ന്നത്.
അനുസരണയുടെയും പാരമ്പര്യബോധത്തിന്‍റെയും ജ്ഞാനവിശുദ്ധിയുടെയും മൂര്‍ത്തിമദ്ഭാവമാണ് സുമിത്ര. വാല്മീകിരാമായണത്തില്‍ സുമിത്രയുടെ സ്ഥാനം അത്ര മുന്നിലല്ല. മുന്നിലുള്ള കൗസല്യ, കൈകേയിമാരുടെ മറുപുറമാണ് സുമിത്ര. അപൂര്‍വം സന്ദര്‍ഭത്തില്‍ മാത്രമേ വാല്മീകി സുമിത്രയെ രംഗത്ത് അവതരിപ്പിക്കുന്നുള്ളൂ. രാമന്‍ പതിനാലു സംവത്സരം വനവാസത്തിന് പോകാന്‍ തയാറായപ്പോള്‍ രാമന്‍റെ നിഴലായി എക്കാലവും ജീവിക്കാനാഗ്രഹിച്ച ലക്ഷ്മണനോട് അമ്മയായ സുമിത്ര പറയുന്ന ശ്ലോകം എന്നും പ്രസക്തമാണ്. ഒരുപക്ഷേ, രാമായണത്തിലെ ഏറ്റവും പ്രധാനശ്ലോകമെന്ന് വരരുചിപോലും കണ്ടെത്തിയ ശ്ലോകം:
'രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാ സുഖം'
ജ്യേഷ്ഠനായ രാമനെ അച്ഛനെപ്പോലെയും ജ്യേഷ്ഠത്തിയായ സീതയെ അമ്മയെപ്പോലെയും കാട് അയോധ്യയെപ്പോലെയും സ്വീകരിച്ചാല്‍ നിനക്ക് കാനനവാസം സുഗമമാകും എന്ന് സ്വാര്‍ഥതലേശവുമില്ലാത്ത സുമിത്രയമ്മ പറയുന്നു.
വാല്മീകിരാമായണത്തിന് പല പാഠഭേദങ്ങളും എഴുത്തച്ഛന്‍ തന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ വരുത്തിയിട്ടുണ്ടെങ്കിലും വാല്മീകിയുടെ സുമിത്രയ്ക്ക് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നു കാണാം.
'അഗ്രജന്‍തന്നെ പരിചരിച്ചെപ്പൊഴും
അഗ്രേനടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളില്‍
ആമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍-
പ്പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചുപോയാ-
ലുമെങ്കില്‍ സുഖമായ് വരികതേ"
ഇങ്ങനെ സുമിത്രയുടെ വാക്കുകളെ മാനിച്ചുതന്നെയാണ് എഴുത്തച്ഛന്‍ വിവരിക്കുന്നത്. പാരമ്പര്യം, അനുസരണ, കുലമഹിമ എന്നിവ മനുഷ്യലക്ഷണമാണെന്ന് സ്ഥാപിക്കുകയാണ് ഈ ശ്ലോകത്തിലെ അടിസ്ഥാനതത്വം. ഇക്കാലത്ത് ഒരു സഹോദരനില്‍ നിന്ന് സാധ്യമായിത്തീരാത്ത തത്വങ്ങള്‍ രാമായണകാലത്ത് നിലനിന്നിരുന്നു എന്ന വാദത്തിന് പ്രസക്തിയുണ്ട്. ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയെയും അച്ഛനമ്മമാരെപ്പോലെ കരുതുന്ന സമൂഹം ഭാരതത്തിലുണ്ടോയെന്ന ആത്മപരിശോധനയുടെ സാഹചര്യം ഈ ശ്ലോകം സൃഷ്ടിക്കുന്നു. സ്വന്തം ജീവന്‍ ത്യജിച്ചാലും ജ്യേഷ്ഠന്‍റെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്ന ധര്‍മബോധമാണ് സുമിത്ര മകന് നല്‍കുന്നത്.
വേണമെങ്കില്‍ തന്‍റെ മകനെ കാട്ടിലയയ്ക്കാതിരിക്കാന്‍ സുമിത്രയ്ക്ക് കഴിയുമായിരുന്നു. പക്ഷേ അതിന് ശ്രമിച്ചില്ലെന്നു മാത്രമല്ല, രാമനെയും സീതയെയും സംരക്ഷിക്കാനുള്ള സജ്ജീകരണങ്ങളെക്കുറിച്ച് ഉപദേശിക്കുകകൂടിയാണ് ചെയ്തത്. വാനവാസത്തിനുപോയ രാമനെയോര്‍ത്ത് നിത്യദുഃഖിതനായിത്തീര്‍ന്ന ദശരഥന്‍ താമസിയാതെ മരണപ്പെടുന്നു. അപ്പോള്‍ കൗസല്യയെ സമാധാനിപ്പിക്കുന്ന സന്ദര്‍ഭത്തിലും സുമിത്രയുടെ സാഹോദര്യബോധം സ്പഷ്ടമാണ്. രാമന് കാട്ടില്‍ യാതൊന്നും സംഭവിക്കില്ലെന്നും സൂര്യന്‍ മരങ്ങള്‍വഴിയും കാറ്റുവഴിയും അവന് അനുകൂലമാകുമെന്നും ലക്ഷ്മണന്‍ അവന് കാവലായി എപ്പോഴുമുണ്ടാകുമെന്നും പറയുന്ന സുമിത്ര തന്‍റെ മകനായ ലക്ഷ്മണന്‍റെ ഭാവിയെക്കുറിച്ച് ഓര്‍ക്കുന്നേയില്ല.
അതുപോലെ അയോധ്യയുടെ സ്ഥിതി ഇത്രത്തോളം മോശമാക്കിയതിനുപിന്നില്‍ ഭരതനും അവന്‍റെ അമ്മയായ കൈകേയിയുമാണെന്ന് കൗസല്യ പറയുമ്പോഴും, സുമിത്ര അതിനെ നിഷേധിച്ചുകൊണ്ട് കൗസല്യയെ ആശ്വസിപ്പിക്കുന്നുണ്ട്. കൗസല്യയും കൈകേയിയും തന്‍റെ മക്കളെക്കുറിച്ചുമാത്രം ചിന്തിക്കുമ്പോള്‍ സുമിത്ര തന്‍റെ മകന്‍ ശത്രുഘ്നനെ ഭരതനെ സഹായിക്കാനും ലക്ഷ്മണനെ ശ്രീരാമനെ സഹായിക്കാനും വിട്ടുകൊടുക്കുന്നു. മക്കള്‍ സ്വാര്‍ഥരും നിസ്വാര്‍ഥരുമാകുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്കുകൂടി ഇതില്‍നിന്നു വ്യക്തമാണ്.ഇങ്ങനെ നിസ്വാര്‍ഥമായ ധർമത്തിന്‍റെ വിലയെന്തെന്ന് കാട്ടിത്തരാന്‍ ആദികവി ശ്രമിച്ചതിന്‍റെ ഉദാഹരണമാണ് സുമിത്ര. ഓരോ കഥാപാത്രവും ഓരോ ലക്ഷ്യത്തിനുവേണ്ടിയാണ് വാല്മീകി സൃഷ്ടിച്ചതെന്ന് രാമായണത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും മനസിലാകും. സ്നേഹത്തിന്‍റെയും പരോപകാരത്തിന്‍റെയും സമവായത്തിന്‍റെയും പര്യായമായതിനാലാണ് സുമിത്രയെ കൗസല്യ, കൈകേയിമാരെക്കാള്‍ നാം കൂടുതല്‍ മാനിക്കുന്നത്.