
അഹല്യാമോക്ഷത്തെ ഇങ്ങനെയും അറിയാം!
രാമായണ ചിന്തകൾ -6 | വെണ്ണല മോഹൻ
രാമായണം നമുക്ക് എങ്ങനെയും വായിക്കാം, മനസിന്‍റെ കെൽപ്പനുസരിച്ച് അതിൽ പലതും കണ്ടെത്താനുമായേക്കും. ഒരു സാഹിത്യ കൃതിയായി, ഭക്ത ഗീതികയായി, സമകാലിക പ്രശ്നങ്ങൾക്ക് എക്കാലത്തും ലഭിക്കുന്ന പരിഹാര ഔഷധമായി, സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയായി, കർക്കിടകത്തിലെ ദുർഘടസാഗരത്തെ മറികടക്കാനുള്ള അക്ഷരത്തോണിയായി. അങ്ങനെയങ്ങനെ...
എന്തായാലും ശ്രീപാർവതി ഭർത്താവ് പരമശിവനോട് രാമനെക്കുറിച്ചാരാഞ്ഞപ്പോൾ പറഞ്ഞത് രാമകഥ ചൊല്ലാമെന്നായിരുന്നില്ല.
'ധന്യേ വല്ലഭേ ഗിരികന്യേ പാർവതീ ഭദ്രേ
നിന്നോളമാർക്കുമില്ല ഭഗവൽഭക്തി നാഥേ
ശ്രീരാമതത്വം കേൾക്കണമെന്ന് മന-
താരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം'
കഥയല്ല, ശ്രീരാമ തത്വമാണ് അറിയാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കഥകളിലൂടെ, വിശ്വാസപ്രമാണങ്ങളിലൂടെ, ആത്മീയ യാത്രയിലൂടെ ജീവിത തത്വങ്ങളാണ് രാമായണത്തിൽ പ്രതിപാദിക്കുന്നത് എന്ന് മനസിലാക്കാം.
അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമേന്ദ്രിയങ്ങളുമടക്കം പത്തു രഥങ്ങളേയും നിയന്ത്രിച്ചു നിർത്താൻ കഴിവുള്ള ദശരഥന്‍റെ പുത്രനായി ജനിച്ച, ഹൃദയത്തെ രമിപ്പിക്കുന്ന രാമൻ!
കർമേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ബഹിർമുഖമാക്കിക്കൊണ്ട് വിഷയവാസനയ്ക്ക് അധീനനായി ജീവിക്കുന്ന ആരോ അയാൾ രാവണൻ!
(യുദ്ധമില്ലാത്ത മനസിൽ) ഇന്ദ്രിയ സംയമനം ചെയ്ത് അഭിരാമനായി ജനിച്ചവൻ രാമൻ!
ഇങ്ങനെയൊക്കെ പറയാം.
അതുകൊണ്ടു തന്നെ കഥാപാത്രങ്ങളേയും ഭൂമികയേയും മറ്റൊരു കോണിലൂടെയും കാണാൻ നമുക്കു സ്വാതന്ത്ര്യമുണ്ടാകുന്നു. രാമ- രാവണ യുദ്ധത്തിൽ കാണുന്ന ലങ്ക നമ്മുടെ മനസായി നിരൂപിച്ചാൽ; രാവണ, കുംഭകർണ, വിഭീഷണന്മാർ രജസിന്‍റെയും തമസിന്‍റെയും സത്വത്തിന്‍റേയും പ്രതീകങ്ങളാണെന്ന് മനസിലാക്കാം.
ഈ മൂന്നു ഗുണങ്ങളും നമ്മുടെ മനസിൽ തന്നെ കുടികൊള്ളുന്നുമുണ്ട്. രാമനാകട്ടെ, സാധന ചെയ്യുന്ന ആത്മാന്വേഷിയായ ജീവനായും, രാക്ഷസന്മാരെ വികാരങ്ങളായും, രാക്ഷസ സ്ത്രീകളെ നമ്മുടെ മനസിന്‍റെ വിക്ഷോഭങ്ങളായും, വാനരന്മാരെ ശ്രുതികളായും, സമുദ്രത്തെ ലോകമായും, സേതുബന്ധനത്തെ തീവ്ര വൈരാഗ്യമായും കാണാനാകും. അപ്പോൾ രാമായണം ആത്മസാധനയാണെന്നും പറയേണ്ടി വന്നേക്കാം.
ഏതായാലും അഹല്യാ മോക്ഷം എന്നത് സാധാരണ ജീവിതത്തിലെ ചില അതിരുകളിലേക്കാണ് നയിക്കുന്നത്. ഗംഗാ തീരത്തായിരുന്നല്ലോ ഗൗതമൻ എന്ന മുനി ശ്രേഷ്ഠന്‍റെ ആശ്രമം. മുനിയുടെ പത്നിയാകട്ടെ സുന്ദരിയായ അഹല്യയും.
അഹല്യയുടെ രൂപലാവണ്യത്തിൽ ആകൃഷ്ടനായ ആളാണ് ദേവേന്ദ്രൻ! ഒരു ദിവസം മഹർഷി സ്നാനത്തിനു പോയ സമയം. ഇതുതന്നെ തനിക്കു പറ്റിയ നേരം എന്നു കരുതി ഗൗതമ മുനിയുടെ രൂപത്തിൽ ആശ്രമത്തിൽ വന്ന് ദേവേന്ദ്രൻ അഹല്യയെ പ്രാപിക്കുകയാണുണ്ടായത്!
തിരിച്ചുവന്നപ്പോൾ കാര്യങ്ങളെല്ലാം മനസിലാക്കിയ മുനി ഇന്ദ്രനെ "സഹസ്ര ഭഗനാകട്ടെ'എന്നു ശപിച്ചു! അഹല്യയേയും ശപിച്ചു. ശാപമോക്ഷത്തിലായി അഹല്യ വിലപിച്ചപ്പോൾ പല ദിവ്യവത്സരം കഴിഞ്ഞ് ശ്രീരാമനാൽ മോക്ഷം ലഭിക്കുമെന്നും അരുളിച്ചെയ്തു. അറിയാതെയാണ് അഹല്യ തെറ്റ് ചെയ്തതെങ്കിലും കർമഫലം അനുഭവിച്ചല്ലേ പറ്റൂ! ഇങ്ങനെയൊക്കെ കഥയായും, കാര്യമായും നമുക്ക് മനനം ചെയ്യാനാകുമെങ്കിലും, ദേവേന്ദ്രൻ എന്നാൽ ഇന്ദ്രിയങ്ങളുടെ അധിപനല്ലേ? ഗൗതമ മുനി ആശ്രമം വിട്ട് സ്നാനത്തിനു പോയപ്പോൾ മുനിയെ ചിന്തിച്ചാണെങ്കിലും ഇന്ദ്രിയ വിഷയങ്ങളിൽ അഹല്യയുടെ മനസ് വിഹരിച്ചു എന്നതാവില്ലേ ശരി. ആശ്രമത്തിൽ അനുഷ്ഠിക്കേണ്ട മനോനിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ വീണ്ടും സംയമനത്തിനായി അഹോരാത്രം മറ്റ് ഇന്ദ്രിയ വിഷയങ്ങളെ അടക്കി, ആത്മാവിൽ രമിക്കുകയല്ലേ ഉണ്ടായത്! അപ്പോഴോ... "രാമോഹം'- മോഹത്തിൽ നിന്നുണരുക - എന്ന മോക്ഷമന്ത്രം ആത്മചിന്ത കൊണ്ടു കൈവന്നു.
മനസിന്‍റെ അബദ്ധ സഞ്ചാരങ്ങളിൽ പെട്ടുപോകരുത് എന്നതറിഞ്ഞു, അഹല്യ. അതാകില്ലേ അഹല്യാമോക്ഷം എന്നു വിലയിരുത്തിക്കൂടേ? ഇങ്ങനേയും ചിന്തിച്ചു പോകുമ്പോഴാണ് രാമായണത്തിലെ അരുതുകളും അതിരുകളും നമ്മുടെ ജീവിതത്തിനു വേണ്ട അതിരുകളും അരുതുകളുമായി മാറുന്നത് എന്നു കാണാൻ കഴിയുന്നത്. അതൊക്കെക്കൊണ്ടു തന്നയാണ് ഭാരത സംസ്കാരത്തിലെ, ഹൈന്ദവ വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് ബുദ്ധിക്ക് മുട്ടില്ലാതെ ചിന്തിക്കാനും വ്യത്യസ്ത തലങ്ങൾ തിരിച്ചറിയാനും കഴിയുന്നത്.
മറ്റു പല വിശ്വാസങ്ങളിലും ഉള്ളതു പോലെ അടിമയും ഉടമയും തമ്മിലുള്ള ബന്ധമോ, ഇതല്ലാതെ മറ്റൊന്നും വിശ്വസിക്കാനും ചിന്തിക്കാനും പാടില്ലെന്ന നിർബന്ധബുദ്ധിയോ ഹൈന്ദവ വിശ്വാസത്തിലോ സംസ്കാരത്തിലോ കാണാനാവില്ലല്ലോ. അതിനാൽ രാമായണത്തെക്കുറിച്ച് വിശാലമായി മനോനിലയ്ക്കനുസരിച്ച് യുക്തിഭദ്രതയോടെ നോക്കിക്കാണാനും നമുക്കു കഴിയും.
(അടുത്തത്: യാഗഫലം, യാഗഭൂമി)