യാഗഫലം, യാഗഭൂമി

രാമന്‍റെ ജനനവും സീതയുടെ ജനനവും ഏറെ മനസിലാക്കപ്പെടേണ്ട വസ്തുതയാണ്.
ramayanam special story

യാഗഫലം, യാഗഭൂമി

Updated on

രാമായണ ചിന്തകൾ- 7 | വെണ്ണല മോഹൻ

രാമായണം ആത്മീയ യാത്ര മാത്രമല്ല, പ്രകൃതിയുമായും ഏറ്റവുമടുത്തു നിൽക്കുന്ന ഒന്നാണ്. പ്രകൃതിയും മനുഷ്യനും ഇവിടെ രണ്ടല്ല, ഒന്നുചേരുന്നു. പ്രകൃതിയുടെ ഭാഗമായിത്തന്നെ മാറുകയാണ് മനുഷ്യനും! അതുകൊണ്ടു തന്നെ കഥാപാത്രങ്ങളായി രാമായണത്തിൽ എത്തുന്നത് മനുഷ്യർ മാത്രമല്ല, മറ്റു ജീവജാലങ്ങൾ കൂടിയാണ്! അതേപോലെ, ചിലപ്പോൾ പ്രകൃതി ഒരു വരപ്രസാദമായി നിൽക്കുന്നതും കാണാം. അചേതനവും ചേതനവുമായ എല്ലാ വസ്തുക്കളുടേയും ബഹുവർണ നൂലുകൾ ഇഴ ചേർത്ത്, സാഹിത്യ സൃഷ്ടിയിലെ തത്വചിന്ത, പ്രകൃതി ചിന്ത തുടങ്ങിയ മുത്തുകളെ അതിൽ കോർത്ത് മനോഹര മാല്യമാക്കി തീർത്തിരിക്കുന്നു!

രാമന്‍റെ ജനനവും സീതയുടെ ജനനവും ഏറെ മനസിലാക്കപ്പെടേണ്ട വസ്തുതയാണ്. പുത്രകാമേഷ്ഠി യാഗത്തിൽ നിന്നു യാഗഫലമായി ലഭിച്ച പായസം ഭുജിച്ച് കൗസല്യ ഗർഭം ധരിച്ച് രാമൻ ഭൂജാതനാകുമ്പോൾ, സീതയെ ലഭിക്കുന്നത് യാഗത്തിനു വേണ്ടി ഉഴുത യാഗഭൂമിയിൽ നിന്നാണ്. രണ്ടുപേരുടെയും ജന്മവും യാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റു ചില മത ഗ്രന്ഥങ്ങളിൽ കന്യകയുടെ ഗർഭധാരണം പറയും പോലെ തന്നെ ഇവിടെ സീതയെ ലഭിക്കുന്നതിലും അത്തരം ഒരു അസാധാരണത്വം ദർശിക്കാനാകും. ശരീരത്തിനും വിളനിലത്തിനും ഒക്കെ ക്ഷേത്രം എന്ന അർഥമുണ്ട്. ഒരു ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന കുഞ്ഞു സീത!

ആ യാഗഭൂമിയിൽ നിന്നു ലഭിച്ച സീത വിവാഹം കഴിക്കുന്നതോ, യാഗഫലത്തിൽ നിന്നുണ്ടായ പുരുഷനെ! സാമ്യം ഏറെ സുവ്യക്തം. രാമനോടൊപ്പം സീതയും യാത്ര തുടരുമ്പോൾ രാമായണം ഒരു സീതായനം കൂടിയായി മാറുകയാണ്. പ്രകൃതിയും പുരുഷനും ഒന്നുചേരുകയാണ്. ഭൂമിയിൽ നിന്ന്, അഥവാ ഉഴവു ചാലിൽ നിന്നു ലഭിച്ച കുഞ്ഞാണവൾ. എന്നാൽ അതുകൊണ്ടൊന്നും അവളെ അസ്പൃശ്യയായി ആരും കാണുന്നില്ല. ജാതി വ്യത്യാസമോ ജാതിയുടെ മാനദണ്ഡമോ ഒന്നും ബാധകമായിരുന്നില്ല! എന്നു വച്ചാൽ, രാമായണത്തിലുടനീളം ബ്രാഹ്മണ്യത്തെ പൂണൂലിട്ടു കാണിക്കുകയല്ല, പ്രത്യുത; ബ്രഹ്മം അറിയുന്നവൻ ബ്രാഹ്മണൻ എന്നു മാത്രം കരുതിയിരിക്കുന്നു. വർണവ്യത്യാസമില്ല എന്നു തെളിയിക്കുന്ന ഒട്ടേറെ ഭാഗങ്ങൾ നമുക്ക് രാമായണത്തിൽ ഉടനീളം കാണാനാകും. ജന്മ ബന്ധിതമല്ല കർമ ബന്ധിതമാണ് ബ്രാഹ്മണ്യം എന്നും മനസിലാക്കാനാകും.

രാമായണം എഴുതിയതു പോലും വനവാസിയും കാട്ടാളനുമായിരുന്ന, പിന്നീടു മാനസാന്തരം വന്ന് മുനിയായി മാറിയ വ്യക്തി. അത് പ്രചരിപ്പിച്ചതോ? ഏതു വർണത്തിലുള്ളവർ! മറ്റ് ഇതിഹാസങ്ങൾ രചിച്ചതോ? എന്തിനേറെ, ഭാരതീയ സംസ്കാരത്തിലെ ദേവതാ സങ്കല്പങ്ങളിൽ ഒട്ടുമിക്ക ദേവീദേവന്മാരും ഇന്നത്തെ കാഴ്ചപ്പാടിൽ ഏതു മതത്തിലും ജാതിയിലും വർണത്തിലുമുള്ളവരാണ്? അവരെ പൂജിക്കുന്നത് ഏത് വർണക്കാരാണ്? ആലോചിക്കാവുന്നതേയുള്ളൂ.

ഇവിടെ സീത പ്രകൃതീപുത്രിയായി മാറുന്നു. സീതയുടെ സ്വയംവരം പ്രകൃതി- പുരുഷ സംയോഗമായിത്തീരുന്നു. മാത്രവുമല്ല, ശ്രീരാമൻ എന്ന അവതാരത്തിന്‍റെ മാനുഷിക മനസും ദൈവീക കരുത്തും മാറിയും മറിഞ്ഞും പ്രകടമാക്കുന്നുമുണ്ട്, പല രംഗങ്ങളിലും. ഇവിടെ, മഹാ ധനുസ് കണ്ടു വന്ദിക്കുന്ന ശ്രീരാമചന്ദ്രൻ തികച്ചും മാനുഷിക വിനയത്തോടെ വിശ്വാമിത്ര മഹർഷിയോടു ചോദിക്കുന്നു.

"വില്ലെടുക്കാമോ?

കുലച്ചിടാമോ? വലിക്കാമോ?

ചൊല്ലുകെന്നിതെന്നു കേട്ടു

ചൊല്ലിനാൻ വിശ്വാമിത്രൻ.

എല്ലാ മാ മാകുന്നതു ചെയ്താലും മടിക്കേണ്ട

കല്യാണമിതു മൂലം വന്നു കൂടീടുമല്ലോ''.

ഇവിടെ കല്യാണം എന്നത് വിവാഹം മാത്രമായിട്ടല്ല, മംഗളം എന്ന അർഥത്തിൽ കൂടിയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് വിവക്ഷിക്കാവുന്നതേയുള്ളൂ.

പിന്നീട്, ആ മഹാ ധനുസ് എടുത്ത് കുലയ്ക്കുന്നതിനു വേണ്ടി ശ്രീരാമചന്ദ്രൻ വളച്ചെങ്കിലും ഒടിഞ്ഞു പോവുകയാണുണ്ടായത്! ഈ വിസ്മയക്കാഴ്ചയിലും കരുത്തിലും ശ്രീരാമചന്ദ്രന്‍റെ അവതാര ശക്തിയാണ് തെളിയുന്നത്.

"ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു

നടുങ്ങി രാജാക്കന്മാരുരഗങ്ങളെപ്പോലെ

മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടാൾ

കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും".

ഇവിടെയൊക്കെ ആ അവതാര പ്രഭാവത്തെയാണ് പ്രകടമാക്കുന്നത്. വില്ലു മുറിച്ച് സീതാപരിണയം നടത്തി എന്നതിന്‍റെ ആന്തരികാർഥം പൂർവജന്മ വൈരാഗ്യം സംഭവിച്ച ജീവൻ ആത്മജ്ഞാനത്തിന് അർഹമായി എന്നും തീവ്ര വൈരാഗ്യഭാവത്തെ ത്രയംബകമായും കൽപ്പിക്കാം. ആത്മജ്ഞാനം സിദ്ധിക്കൽ പരിണയമാണെങ്കിൽ അത് ഇടയ്ക്കു നഷ്ടപ്പെടലാണ് സീതാപഹരണം എന്നും വായിച്ചെടുക്കാം.

അവതാരങ്ങളുടെ ജന്മത്തിന്‍റെ പ്രത്യേകത മനുഷ്യശീലങ്ങളുടെ പ്രകടനപരത, അവതാര ലക്ഷ്യത്തിലേക്കുള്ള കാര്യകാരണ ബന്ധം ഒക്കെ നിലനിർത്തുന്ന രാമായണം പ്രകൃതി- പുരുഷ ബന്ധവും പ്രകൃതിയും ഗുണഗണങ്ങളും പറയാതെ പറയുകയാണ്.

(തുടരും)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com