ഓരോരോ സമയങ്ങളിൽ...

യഥാർഥ മിത്രം ഇഷ്ടവാക്ക് പറയുകയല്ല, ശരിയായ കാര്യം ബോധിപ്പിക്കുകയാണ് വേണ്ടത്.
ramayanam special story 28

ഓരോരോ സമയങ്ങളിൽ...

Updated on

രാമായണ ചിന്തകൾ -28 | വെണ്ണല മോഹൻ

"ഇവനിതു ഭവിക്കണം, ഇന്ന കാലം വേണം' എന്നു പറയാറുണ്ടല്ലോ? ചില കാലങ്ങളിൽ ചിലത് ഭവിക്കുക തന്നെ വേണം എന്നത് സുനിശ്ചിതം! മോശം കാര്യങ്ങളാണു ഭവിക്കാൻ പോകുന്നതെങ്കിൽ, ആരൊക്കെ എന്തൊക്കെ ശുഭകാര്യങ്ങൾ പറഞ്ഞു കൊടുത്താലും ചെവിക്കൊള്ളാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. ചില കാര്യങ്ങളിൽ മോഹമുദിച്ചാൽ അവ കൊണ്ടുചെന്നെത്തിക്കുന്നത് നാശത്തിലേക്കായിരിക്കും. ഇക്കാലത്ത്, നിങ്ങൾക്ക് അതൊക്കെ ശരിയല്ലെന്നു പറഞ്ഞാലും പറഞ്ഞവരെ ശത്രുക്കളായി ഗണിക്കാനേ മനസു തയാറാകൂ.

മാൻ ശബ്ദത്തിലും, മത്സ്യം രസത്തിലും, ശലഭങ്ങൾ കാഴ്ചയിലുമാണ് മോഹിക്കുന്നത്! ഇതേപോലെ ജീവൻ മോഹിക്കുന്നത് ഈ ഇന്ദ്രിയവിഷയങ്ങളായ രസ, ഗന്ധ, സ്പർശ, കാഴ്ചകളിലാണ്. ഇവ അമിതാസ ക്തിയായി മാറുമ്പോൾ വന്നുചേരുന്നത് അപകടം മാത്രമാണ്. ഇതിനൊക്കെ ഒരുപക്ഷേ പൂർവജന്മ വാസനയും കർമവും ആകാം കാരണം. എങ്കിൽ, ഇത് കടന്നുപോകാൻ ഏകമാർഗം ഭഗവത് സ്മരണ മാത്രമാണ്. നാം നമ്മോടു തന്നെ നീതി പുലർത്തണം.

മാനുകൾ സംഗീതത്തിൽ ലയിച്ച് സ്വയം മറന്നു മരണത്തിനു കീഴ്പ്പെടുന്നു! മത്സ്യങ്ങൾ തങ്ങളെ കൊരുക്കാനുള്ള ചൂണ്ടയിലെ തീറ്റി വിഴുങ്ങിയും, ശലഭങ്ങൾ അഗ്നിയെ കണ്ടു മോഹിച്ചും മരണത്തെ വരിക്കേണ്ടി വരുന്നു! താൻ ആരാണെന്ന കാര്യം മറന്നുപോകുന്നു. കാര്യകാരണങ്ങൾ ഓർക്കാതാകുന്നു. ഇവിടെ, കുംഭകർണ വിഭീഷണാദികളും മാരീചൻ, കാലമേനി തുടങ്ങിയവരും രാവണനെ സദ്ബുദ്ധി ഉപദേശിക്കുന്നുണ്ട്.

എല്ലാം തിരസ്കരിക്കുന്ന രാവണൻ താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സമ്മാനമായി മരണം നൽകുമെന്നു ഭയപ്പെടുത്തുക കൂടി ചെയ്യുന്നു! യുദ്ധകാണ്ഡത്തിൽ യുദ്ധാലോചനയ്ക്കായി രാവണൻ സഹോദരന്മാരായ കുംഭകർണനെയും വിഭീഷണനെയുമൊക്കെ വിളിച്ചുവരുത്തി കാണുന്നുണ്ട്. വിഭീഷണൻ രാവണനോട് തികച്ചും വിനയപൂർവം വിവേകത്തോടെ പറയുന്നു, രാമനോട് യുദ്ധം പാടില്ല.

യഥാർഥ മിത്രം ഇഷ്ടവാക്ക് പറയുകയല്ല, ശരിയായ കാര്യം ബോധിപ്പിക്കുകയാണ് വേണ്ടത് .

"മനോ മേ വാചി പ്രതിഷ്ഠിതം

വാക് മേ മനസ് പ്രതിഷ്ഠിതം'

എന്നായിരിക്കണം.

മനസു തന്നെ വാക്കായിരിക്കണം.

മനസിൽ ഒന്നുവച്ച് കാപട്യത്തോടെ മറ്റൊന്നു സംസാരിക്കരുത്. മറിച്ചായാൽ നാം നമ്മെ തന്നെ പറ്റിക്കുകയാണ് ചെയ്യുന്നത്! ദുർബലൻ ബലവാനുമായി മത്സരിക്കാൻ തുനിഞ്ഞാൽ നാശം തന്നെയായിരിക്കും ഫലം. ഇവിടെ സന്ധിയാണ് ആവശ്യം. ഇഷ്ടം പറഞ്ഞു കൂടെ കൂടുന്നവർ ദുഃഖം വരുമ്പോൾ മാറി നിൽക്കും. അതുകൊണ്ടു സീതയെ തിരിച്ചുകൊടുത്ത് രാമപാദത്തെ ആശ്രയിക്കുക. എല്ലാം നശിച്ചതിനുശേഷം സീതയെ കൊടുക്കാമെന്ന് കരുതിയാലും ഫലമില്ല. ബലാബലം മനസിലാക്കണം. ഭഗവാനോട് കലഹം തുടങ്ങിയാൽ പിന്നെ തുണയായി ആരും ഉണ്ടാകില്ല.

ഇതെല്ലാം രാവണനോട് വിശദമായിത്തന്നെ പറഞ്ഞുകൊടുക്കുന്നു.

വിധിവശാൽ സംഭവിക്കേണ്ടതു തന്നെ സംഭവിച്ചേക്കും എങ്കിലും മിത്ര ധർമം സത്യസന്ധമായി നിർവഹിക്കുകയാണ് വിഭീഷണൻ ഇത്തരം വാക്കുകളിലൂടെ. പക്ഷേ, രാവണൻ സ്വസഹോദരൻ വിഭീഷണന് എതിരാകുകയാണ്.

ഒരാളെ അച്ഛൻ, ഭർത്താവ്, ഗുരു, സഹോദരൻ ഇവർ ഉപേക്ഷിച്ചാൽ രാജാവു രക്ഷിക്കും. രാജാവും ഉപേക്ഷിച്ചാൽ ആശ്രയം ഈശ്വരൻ മാത്രം. തന്നെ രാവണ രാജൻ ഉപേക്ഷിച്ചിരിക്കുന്നു..!

വിഭീഷണ വാക്കുകളിൽ കോപം പൂണ്ട രാവണൻ, എനിക്ക് ആപത്തു വരുത്തുന്നതു നിങ്ങളാണ്, അതിനാൽ വേഗം ഇവിടെ നിന്നും പോയി ശ്രീരാമ പാദം സേവിക്കൂ, ഇല്ലെങ്കിൽ വധിച്ചുകളയും എന്നും പറയുന്നു.

വിഭീഷണൻ അതോടെ ശ്രീരാമനെ അഭയം പ്രാപിക്കാനായി പോയി. ആറു മാസത്തേക്ക് ഉറങ്ങാൻ കിടന്ന കുംഭകർണൻ ഉറങ്ങാൻ തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളു. യുദ്ധത്തിനായി കുംഭകർണനെ ഉണർത്തുകയാണ് രാവണൻ, തന്‍റെ സേനകളെ വിട്ട്.

ഉണർന്ന് കാര്യം അറിഞ്ഞ കുംഭകർണനും രാവണനോടു പറയുന്നത്, "നീ ഇനിയും നല്ലതു കേൾക്കുക. നല്ലതും വല്ലതുമായ അറിയാത്തവർ നല്ലത് അറിഞ്ഞു ചൊല്ലുന്നവന്‍റെ ചൊല്ലുകൾ നല്ലവണ്ണം കേൾക്കണം. നല്ലതല്ലാത്തവർക്ക് നല്ലതുണ്ടാകുന്നില്ല. സീതയെ രാമനു തിരിച്ചുനൽകുക'' എന്നാണ്. അതു പറഞ്ഞതിനു കോപിച്ച് നാട്ടിൽ നിന്നും ഓടിച്ചു കളഞ്ഞു. പക്ഷേ, കുംഭകർണർണൻ പിന്നീടു രാവണനൊപ്പം നിന്നു.

അതോടെ, നാട്ടിലെ ഗുണങ്ങളും പോയി. ഗുണവാന്മാർ വസിക്കുന്നിടത്താണ് ഗുണം സ്ഥിതി ചെയ്യുന്നത്. അവരെ വേദനിപ്പിച്ചു വിടുന്ന സമയം ഗുണവും ഇല്ലാതാകുന്നു. പിന്നെ നിർഗുണത്വം സ്ഥിതി ചെയ്യുകയാണ്. ചിന്തകളും കർമങ്ങളും അനുഭവങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. വിഭീഷണന്‍റേതായാലും കുംഭകർണന്‍റേതായാലും രാമായണ കഥകളെല്ലാം തന്നെ കേവല മനുഷ്യനുള്ള ജീവിതായോധനത്തിനും സത്ഗതിക്കും വേണ്ടിയുള്ളതു തന്നെയാണ്.

(അടുത്തത്: രാമ- രാവണ യുദ്ധം)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com