
വികാരാന്ധത
രാമായണ ചിന്തകൾ - 20 | വെണ്ണല മോഹൻ
കണ്ണുണ്ടെങ്കിലും കാണാത്തവരായും, ചെവിയുണ്ടെങ്കിലും കേൾക്കാത്തവരായും, ബുദ്ധിയുണ്ടെങ്കിലും തിരിച്ചറിവോടെ ചിന്തിക്കാത്തവരായും തീരുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അത് വികാരവിക്ഷോഭങ്ങളുടെ സമയമാണ്. വികാരങ്ങൾ പലപ്പോഴും ഇതിനെയെല്ലാം ഒഴിവാക്കുന്നു, അഥവാ മറികടന്നു നിൽക്കുന്നു.
ആ സമയം എന്തുണ്ടങ്കിലും നാം അതൊന്നും കാണുന്നതേയില്ല! ഇവയെയെല്ലാം അന്ധത എന്ന വിശേഷണത്തോടെയാണു പറയാറ്. കോപാന്ധത, കാമാന്ധത തുടങ്ങി അങ്ങനെ പലതും, അതിയായ വിശപ്പു പോലും വരുമ്പോൾ വിശപ്പുകൊണ്ടു കണ്ണു കാണാതായി എന്നല്ലേ പൊതുവേ പറയാറ്? എന്നാൽ ബാലി- സുഗ്രീവ യുദ്ധത്തിൽ പ്രതികാരം കൊണ്ടും, സംശയ - ദേഷ്യം കൊണ്ടും അന്ധമാകുന്ന രണ്ടു ഭാവങ്ങൾ ഇതൾ വിടർത്തുന്നുണ്ട്. ബാലീ നിഗ്രഹത്തിനു സഹായിക്കാമെന്നു സുഗ്രീവനു ശ്രീരാമൻവാക്കു കൊടുത്തിരിക്കുന്നു. അതിന്‍റെ ബലത്തിലാണ്, ധൈര്യത്തിലാണ് സുഗ്രീവൻ ബാലിയെ ചെന്ന് വെല്ലുവിളിക്കുന്നത്. സുഗ്രീവൻ കിഷ്കിന്ധയിലേക്കു ചെന്നു. പുരിദ്വാരി ചെന്ന് ബാലിയെ യുദ്ധത്തിനായി വിളിച്ചു. ഈ സമയം ഒളിയമ്പയച്ച് ബാലീനിഗ്രഹത്തിനായി വൃക്ഷത്തിനു പിന്നിൽ ശ്രീരാമചന്ദ്രനും ലക്ഷ്മണനും നാലു മന്ത്രിമാരും മിത്രഭാവത്തോടെ മറഞ്ഞുനിന്നു. പോർവിളി കേട്ട് ബാലി അടങ്ങിനിന്നില്ല. ക്രുദ്ധനായി ഇതു തന്‍റെ സമയം എന്നു കരുതി കുതിച്ചെത്തി. ഭീകരമായ മുഷ്ടി യുദ്ധം ആരംഭിച്ചു! രക്തത്തിൽ കുതിർന്ന ഭീകര രൂപികളെപ്പോലെയായി അവർ. രണ്ടുപേരേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ! ആളെ അറിയാതെ ശരമെയ്താൽ സുഗ്രീവനാണ് അത് ഏൽക്കുന്നതെങ്കിലോ..? ശ്രീരാമൻ ശങ്കയിലായി!
സുഗ്രീവൻ യുദ്ധം ചെയ്ത് ശരം വരും വരെ പിടിച്ചുനിൽക്കാൻ നോക്കി. എന്നാൽ കരുതിയതുപോലെ ശ്രീരാമ ശരമെത്തിയില്ല. ഒടുവിൽ ഭയവും ദുഃഖവും നിരാശയും പേറി തോറ്റോടിപ്പോന്നു, സുഗ്രീവൻ. ബാലിയും കിഷ്കിന്ധയിലേക്കു തിരിച്ചുപോയി.
ആ സന്ദർഭത്തിൽ എന്തുകൊണ്ടാണു ശ്രീരാമൻ അമ്പെയ്യാതിരുന്നത് എന്നു മനസിലാക്കാൻ ശ്രമിക്കാതെ സുഗ്രീവൻ രാമനോട് കോപത്തോടെ പരുഷമായി സംസാരിക്കുന്ന അന്ധതയാണു കാണാൻ കഴിയുന്നത്. ""ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കണം എന്നായിരുന്നു അങ്ങയുടെ ആഗ്രഹമെങ്കിൽ എന്തിന് ഇതു വേണം?! അങ്ങു തന്നെ എന്നെ വധിച്ചാൽ പോരായിരുന്നോ? അങ്ങ് ചെയ്ത സത്യം ഞാൻ പ്രമാണമാക്കിയതു തെറ്റായിപ്പോയല്ലോ! അങ്ങ് സത്യസന്ധനാണെന്നും ദയാലുവും ശരണാഗത വത്സലനാണെന്നും ഞാൻ വെറുതെ വിശ്വസിച്ചു പോയി''.
ഇങ്ങനെ പോകുന്നു സുഗ്രീവ വാക്കുകൾ. ഇവിടെ പരാജയം, നിരാശ, കാര്യം അറിയാതുള്ള തോന്നലുകൾ എല്ലാം സുഗ്രീവനെ അന്ധനാക്കുകയാണ്! കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സുഗ്രീനെ തിരിച്ചറിയാനായി ഒരു പുഷ്പമാല്യം അണിയിച്ച് വീണ്ടും യുദ്ധത്തിനു പോകാൻ പറഞ്ഞു വിടുകയാണ് രാമൻ.
സുഗ്രീവൻ രാമ നിർദേശം സ്വീകരിച്ച് വീണ്ടും ബാലിയെ ചെന്നു വെല്ലുവിളിക്കുന്നു. ആദ്യം ബാലി ഒന്നു വിസ്മയം പൂണ്ടു! യുദ്ധക്കളത്തിൽ നിന്നു പരിക്കുപറ്റി തോറ്റോടിയ ആൾ വീണ്ടും യുദ്ധത്തിന് വെല്ലുവിളിക്കുകയോ?!
എങ്കിലും, കലിയടങ്ങാത്ത ബാലി യുദ്ധത്തിനു തയാറായി. ഈ സമയം ഭർത്താവിന്‍റെ അടുത്തുചെന്നു താര പറയുന്നു, ""മല്ലയുദ്ധത്തിൽ തോറ്റോടിയവൻ വീണ്ടും വന്നു യുദ്ധത്തിനു വെല്ലുവിളിക്കുന്നുവെങ്കിൽ തക്കതായ കാരണമുണ്ടാകും. ശക്തനായ സഹായി അവനു പിന്നിൽ ഉണ്ടായിരിക്കും. ഒന്നും ആലോചിക്കാതെ പുറപ്പെടരുത്''. താര ബാലിയുടെ കൈയിൽ പിടിച്ചു പറയുന്നു. എന്നാൽ ദേഷ്യം കൊണ്ട് അന്ധനായ ബാലി
"ബാലേ ബലാലൊരു ശങ്കയുണ്ടാകൊലാ
കൈയയച്ചിട്ടു നീ വൈകരുതേതുമേ...
കേട്ടിട്ടു യഥോചിതം പോക നീ'.
നീ സംശയിക്കേണ്ട, എന്‍റെ കൈവിടുക. എനിക്ക് ശത്രു സുഗ്രീവനല്ലാതെ ആരുമില്ല. ഇനി അവനെ സഹായിക്കാൻ ആരെങ്കിലുമെത്തിയാൽ അയാളേയും ഞാൻ കാലപുരിക്ക് അയയ്ക്കും. സ്ത്രീഭാവം കൊണ്ടാണ് നീ എന്നെ വിലക്കുന്നത്. ഞാൻ ഭീരുവല്ല. ശ്രീരാമചന്ദ്രനാണ് വന്നിരിക്കുന്നത് എങ്കിൽ അദ്ദേഹത്തോട് എനിക്കുള്ളിടത്തോളം ഭക്തി മറ്റാർക്കും ഉണ്ടാകാൻ ഇടയില്ല.
"ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ,
ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ...
രുഷ്ടനാം ബാലി സുഗ്രീവനേയും തഥാ
മുഷ്ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ'
ഭക്തി മാത്രം മതി ഭഗവാനെ പ്രീതിപ്പെടുത്താൻ. അതാണ് ഭക്തിഗമ്യൻ. ഇതെല്ലാം പറഞ്ഞുകൊണ്ട് താരയുടെ വാക്കുകളെ ധിക്കരിച്ചു ബാലി പോകുകയും യുദ്ധസമയത്തു ശ്രീരാമന്‍റെ ഒളിയമ്പേറ്റ് ബാലി നിലം പതിക്കുകയും ചെയ്യുന്നതാണു പിന്നീടു കാണുന്നത്.
ഇവിടെ കോപം കൊണ്ടുണ്ടായ അന്ധത മൂലവും, അതിയായ ആത്മവീര്യം കൊണ്ടു കാര്യങ്ങൾ ചിന്തിക്കാതെ താരയുടെ വാക്കുകൾ ഗൗനിക്കാതിരിക്കുകയും ചെയ്ത ബാലി അന്ധനാവുകയാണ്. രണ്ട് അന്ധതകളുടെ സംഭവമുഹൂർത്തമായും ഈ ബാലീ -സുഗ്രീവ യുദ്ധത്തെ കാണാനാകും.
(നാളെ: ന്യായാ-ന്യായങ്ങൾ )