രാമ- രാവണ യുദ്ധം!

രാമ- രാവണ യുദ്ധം നോക്കുക, രാമന്‍റെ അവതാര ഉദ്ദേശ്യം തന്നെ ദുഷ്ടതകളിൽ അഭിരമിക്കുന്ന ദ്രോഹിയായ രാവണനെ വധിക്കുക, ലോകസമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നല്ലോ
ramayanam special story

രാമ- രാവണ യുദ്ധം!

Updated on

രാമായണ ചിന്തകൾ -29 | വെണ്ണല മോഹൻ

യുദ്ധം ഒരിക്കലും നന്നല്ല, ആര് വിജയിച്ചാലും പരാജയപ്പെട്ടാലും. സർവഥാ നാശം വിതയ്ക്കുന്ന യുദ്ധം ദുഃഖകരമാണ്, വിനാശകരമാണ്. മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിൽ ശരശയ്യാ അവലംബിയായി കിടന്ന ഭീഷ്മരും യുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത് എന്നു പറയുന്ന ഭാഗം നമുക്ക് കാണാം.

രാമ- രാവണ യുദ്ധം നോക്കുക, രാമന്‍റെ അവതാര ഉദ്ദേശ്യം തന്നെ ദുഷ്ടതകളിൽ അഭിരമിക്കുന്ന ദ്രോഹിയായ രാവണനെ വധിക്കുക, ലോകസമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നല്ലോ. ഇവിടെ രാമ- രാവണ യുദ്ധം നടക്കുന്നു. രാവണൻ വധിക്കപ്പെടുന്നു. രാവണൻ മാത്രമാണോ, കൂടെയുള്ള ശക്തരും ബുദ്ധിമാന്മാരും ആയ എത്രയോ പേർ വധിക്കപ്പെടുകയാണ്. ശ്രീരാമൻ യുദ്ധം ജയിക്കുകയാണ്! കേവലാർഥത്തിൽ രാമ- രാവണ യുദ്ധത്തെ കണ്ട്, വായിച്ച്, ആസ്വദിച്ച് നമുക്ക് ഇതിഹാസ യാത്ര നടത്താം. എന്നാൽ, സമാധാനകാംക്ഷികൾ എന്താണു ചെയ്യേണ്ടത്? നന്മയോട് ചേർന്ന് ധാർമികതയോട് സമരസപ്പെട്ട് യുദ്ധം ഒഴിവാക്കി ജീവിക്കുകയല്ലേ അഭികാമ്യം!

"കനകം മൂലം കാമിനി മൂലം

കലഹം പലവിധമുലകിൽ സുലഭം'

എന്നു കവി പറയും പോലെ തന്നെ സമ്പത്ത്, സ്ത്രീ, അനാവശ്യ ഭൗതിക സുഖങ്ങൾ എന്നിവയിലുള്ള അമിതാസക്തിയിലും അഹങ്കാരത്തിലും പെടുക. മറ്റുള്ളവരുടെ ജീവിതത്തിലും വസ്തുക്കളിലും കടന്നുകയറുക. ആർക്ക് എന്തു വന്നാലും തൻസുഖത്തിനു വേണ്ടി നിൽക്കുന്ന സ്വാർഥത. ഇവയൊക്കെക്കൊണ്ടാണ് എല്ലാ കാലത്തും എവിടെയും യുദ്ധം ആരംഭിക്കുക എന്നത് സർവസമ്മതമായ വസ്തുതയാണ്. എന്നാൽ ചില ദുർബുദ്ധി കൊണ്ട് അഥവാ താൻപോരിമയാൽ ഉണ്ടാകുന്ന യുദ്ധത്തിന് എപ്പോഴും ഇരയാകുക ആ ആൾ മാത്രമായിരിക്കില്ല, നിസഹായരും നിഷ്കളങ്കരും പെടും. യുദ്ധാവസാനം പലരും നിരാലംബരും നിർധനരും അംഗവിഹീനരുമായിപ്പോകും.

ഇത് ലോകക്രമത്തിൽ നാം കാണുന്നതുമാണ്. രാവണ പുത്രൻ മേഘനാഥൻ ദേവേന്ദ്രനെ ജയിച്ചിട്ടുള്ള ആളാണ്. കുബേരനെ ജയിച്ച് പുഷ്പക വിമാനം കൈവശപ്പെടുത്തിയ ആളാണ് രാവണൻ. കാലനെ ജയിച്ചിട്ടുണ്ട്. ഹും എന്ന ശബ്ദത്തിൽ തന്നെ വരുണനെ ജയിച്ചിട്ടുണ്ട്! ത്രിലോകങ്ങൾ ജയിച്ച രാവണനെ ഭയന്നാണ് മയൻ കന്യാദാനം ചെയ്തതു പോലും! ദാനവന്മാർ രാവണനു കരം നൽകി കഴിയുന്നു. കൈലാസ ശൈലമെടുത്ത് അമ്മാനമാടിയ രാവണന് മഹാദേവൻ ചന്ദ്രഹാസം എന്ന ആയുധം നൽകി. മാത്രവുമല്ല, ഇത്രയും ഒക്കെ കേമനായ രാവണന് രാമനെ ഭയക്കേണ്ടതില്ലല്ലൊ?!

രാമനോട് എതിർത്ത് നിഷ്പ്രയാസം വിജയിക്കാമെന്നു മറ്റുള്ളവർ പറയുമ്പോൾ മറുത്തു പറയുന്നതു സഹോദരങ്ങളായ കുംഭകർണ വിഭീഷ്ണാദികളും മാല്യവാൻ, മാരീചൻ, കാലനേമി തുടങ്ങിയവരുമാണ്. ഇഷ്ടം ഒന്നിൽ ഉറച്ചു പോയാൽ ഇഷ്ടത്തിന് വിപരീതം പറയുന്നവരെ ശത്രുവാക്കി ഒഴിവാക്കുകയാണ് ഉണ്ടാകാറ്. ഇവിടെ രാവണനും അതേ സ്വഭാവം തന്നെ പ്രകടിപ്പിക്കുന്നു.

ഇനി ആത്മീയമായി യുദ്ധത്തെക്കുറിച്ചു ചിന്തിച്ചാലോ... ഓരോ മനുഷ്യനുമുള്ള ഗർവ്, അമിതാസക്തി, അഹങ്കാരം ഇവയല്ലേ ദുർബുദ്ധിയും ദുഷ്ടനുമാക്കിത്തീർക്കുന്നത്. ഇതിനെതിരേ നിസ്വാർഥത, ധർമചിന്ത, ലാളിത്യം, ഭക്തി, സ്നേഹം, രാഗമനസ്ഥിതി, ലാളിത്യം ഇവ കൊണ്ട് യുദ്ധം ചെയ്യുക. അതല്ലേ വേണ്ടത്? അങ്ങനെ സായുജ്യമടയുക. അതാകണ്ടേ ഈ യുദ്ധ ഫലം.

അവസാനം വിജയത്തിനായി ധ്യാനിച്ചിരുന്ന രാവണന്‍റെ ഹോമം മുടക്കാനായി വാനരന്മാർ മണ്ഡോദരിയെ പിടിച്ചു വലിച്ചു വസ്ത്രങ്ങൾ കീറി ഉപദ്രവിക്കുമ്പോൾ മണ്ഡോദരി പറയുന്ന വാക്കുകൾ പ്രധാനമാണ്.

""എന്തിനാണ് ഈ ധ്യാനവും ഹോമവും? എന്നെ ഉപദ്രവിക്കുന്നത് കണ്ടിട്ട് നിനക്ക് നാണമില്ലേ? ഞാനെന്തു ദുഷ്കൃത്യം ചെയ്തു? മാനം നിന്നോളം ആർക്കും ഇന്നലെ വരെ ഉണ്ടായിരുന്നില്ല. ഇന്നെന്താണ്? എന്തിനാണ്, ഈ ധ്യാനവും ഹോമവും? ജീവിക്കാനുള്ള നിന്‍റെം ആശ എത്രയോ പ്രബലം! നാണവും വേണ്ട. പത്നിയും വേണ്ട. ജീവിച്ചാൽ മാത്രം മതി എന്ന് കരുതിയിരിക്കുന്ന ദുഷ്ടനായ മൂഢനാണ് നീ''.

ഈ വാക്കുകൾക്കു മുന്നിൽ രാവണന്‍റെ ധ്യാനം മുറിഞ്ഞു. ഹോമം മുടങ്ങി. മണ്ഡോദരിയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് രാവണൻ പിന്നീട് അവളോട് തത്വ വിചാരം ചെയ്യുന്നുമുണ്ട്. എന്തൊക്കെ തത്വ വിചാരം ചെയ്താലും യുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഇനി അവസാനം കണ്ടേ പറ്റൂ. നാശത്തിലേക്കു പോകുന്നു.

മുൻ പറഞ്ഞതുപോലെ ഓരോ യുദ്ധവും നാശത്തിലേക്കുള്ള നടപ്പാതകളാണ്! മനുഷ്യ മനസിലും ഇങ്ങനെ നന്മതിന്മകളെ കൊണ്ടുള്ള യുദ്ധം മാത്രം മുറുകുമ്പോൾ ജീവിതസമയം പാഴാക്കി നാശത്തിലേക്കു നിപതിക്കുന്നു. അതിനു പകരം നമ്മൾ നന്മയോട് സന്ധി ചെയ്തു ധർമത്തോടെ ചരിച്ച് അനാസക്തനായി, വൈരാഗിയായി ജീവിക്കുമ്പോൾ ദുഃഖം ഒഴിഞ്ഞു മനുഷ്യജീവിതം സമ്പൂർണ സമാധാനത്തിലും ലക്ഷ്യപ്രാപ്തിയിലും എത്തിച്ചേരുന്നു. രാമ- രാവണ യുദ്ധം ഇതുതന്നെ നമ്മെ ഓർമിപ്പിക്കുന്നു.

( നാളെ : രാമായണത്തിലെ ചില മുത്തുകൾ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com