

‘കുടുംബമാണ് നമ്മുടെ തണൽ’എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടികൾ.
ദുബായ്: റമദാൻ മാസത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) നടപ്പിലാക്കിയ വിവിധ സാമൂഹിക പദ്ധതികളിലൂടെ 10,500 പേർക്ക് സഹായമെത്തിച്ചു. ‘കുടുംബമാണ് നമ്മുടെ തണൽ’എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടികൾ വഴി കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, അനാഥരായ വിദ്യാർഥികൾ, ദൃഢനിശ്ചയ വിഭാഗത്തിൽ പെടുന്നവർ, ടാക്സി-ബസ് ഡ്രൈവർമാർ എന്നിവർക്കാണ് പ്രയോജനം ലഭിച്ചത്.
'മീൽസ് ഓൺ വീൽസ്' പദ്ധതിയിലൂടെ മാത്രം 8,000 പേർക്ക് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. മെട്രൊ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക റമസാൻ പരിപാടികളിലൂടെ 2,000 പേർക്ക് സഹായം ലഭിച്ചു. കൂടാതെ സായിദ് ഹ്യുമാനിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് അർഹരായ കുടുംബങ്ങൾക്കായി 500 'നോൽ' കാർഡുകളും വിതരണം ചെയ്തു.
ദുബായ് മെട്രൊ, ട്രാം എന്നിവയുടെ ഓപറേറ്റർമാരായ കിയോലിസ് എംഎച്ച്ഐ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആർടിഎ ഈ ജീവകാരുണ്യ ദൗത്യം നടപ്പിലാക്കിയത്.