എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്..??

10 ലക്ഷത്തിൽ 2.6 പേർക്കു മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
What is Amoebic Meningo Encehalitis, explainer
എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്.. ??
Updated on

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ വരികയാണ്. ഇതേപ്പറ്റി അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രത്യേക നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 13 വയസുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.

ജൂണ്‍ അവസാനം കണ്ണൂര്‍ സ്വദേശിയായ 13കാരി ദക്ഷിണ രോഗം ബാധിച്ച് മരിച്ചു. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയപ്പോൾ കുട്ടി പൂളില്‍ കുളിച്ചിരുന്നു.

ഇതേ രോഗം ബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ 5 വയസുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ 14 വയസുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.

എന്താണ് ഈ രോഗം?

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

കെട്ടിക്കിടക്കുന്ന ജലവുമായി ബന്ധമുള്ള ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സാധാരണ നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത സുഷിരങ്ങള്‍ വഴി ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങള്‍

അണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞു തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രതിരോധ നടപടികള്‍

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്റ്ററെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ക്കുളങ്ങളില്‍ കുളിക്കുന്നത് പ്രശ്നമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com