''ചോറ് മാത്രം അടുപ്പിൽ വയ്ക്കണം'', ഇല്ലെങ്കിലോ...?!
ഇന്ത്യൻ അടുക്കളകളുടെ യഥാർഥ ചിത്രം തുറന്നു കാട്ടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിലെ (കു)പ്രസിദ്ധമായ ഒരു ഡയലോഗാണ് ''ചോറ് മാത്രം അടുപ്പിൽ വയ്ക്കണം'' എന്നത്. ആധുനിക കാലത്തെ സ്ത്രീകൾ അടുക്കളയിൽ പ്രഷർ കുക്കറും മറ്റും ഉപയോഗിക്കുന്നതിനെതിരായ പാരമ്പര്യവാദികളുടെ സ്ഥിരം പരാതിയാണ് ആ ഒറ്റ ഡയലോഗിലൂടെ പ്രതിഫലിച്ചത്.
സിനിമയുടെ രാഷ്‌ട്രീയം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇനി കുക്കറിൽ വയ്ക്കുന്ന ചോറിന്‍റെ രുചിയുടെ രാഷ്‌ട്രീയം അൽപ്പം സംസാരിക്കാം. വെള്ളം പിടിച്ചും കുഴഞ്ഞുമൊക്കെ ഇരിക്കുന്നതാണ് കുക്കറിൽ വയ്ക്കുന്ന ചോറിനെ പലരുടെയും അപ്രീതിക്കു കാരണമാക്കുന്നത്. വയ്‌ക്കേണ്ടതു പോലെ വച്ചാൽ കുക്കറിൽ വയ്ക്കുന്ന ചോറും ഒന്നിനോടൊന്ന് ഒട്ടിപ്പിടിക്കാതെ നല്ല സുന്ദരമായിരിക്കുമെന്നതാണ് വസ്തുത. അതെങ്ങനെ വേണമെന്നതിന്‍റെ വളരെ ലളിതമായൊരു പാചകവിധിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചേരുവകൾ (ഒരാൾക്കുള്ള ചോറിന്, ഡയറ്റിങ്ങിലാണെങ്കിൽ രണ്ടാൾക്ക് വരെ കഴിക്കാം)
അരി 0.75 ഗ്ലാസ്
വെള്ളം 2.5 ഗ്ലാസ്
പാചകവിധി
അരി മൂന്നു തവണയെങ്കിലും നന്നായി കഴുകി എടുക്കണം. കുക്കറിലിട്ട് വെള്ളമൊഴിച്ച് അടയ്ക്കുക. ഹൈ ഫ്‌ളെയിമില്‍ തീ കത്തിക്കുക. ഫസ്റ്റ് വിസില്‍ വന്നാല്‍ ഉടൻ ലോ ഫ്‌ളെയിമാക്കണം. 10 മിനിറ്റ് കഴിഞ്ഞാല്‍ തീയണയ്ക്കാം. പ്രഷര്‍ തനിയേ പോയ ശേഷം മാത്രം കുക്കര്‍ തുറക്കുക.
ഇനി ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ചു വേണം വെള്ളം മുഴുവനായി ഊറ്റിക്കളയാന്‍. പശപ്പ് കൂടുതലുള്ള അരിയാണെങ്കില്‍ വീണ്ടും വെള്ളമൊഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ഊറ്റാം. ഊറ്റാന്‍ ചോറ്റു കുട്ടയോ അരിപ്പയോ ഉപയോഗിക്കാം. ഇതൊന്നുമില്ലെങ്കില്‍ ചോറ് പാത്രത്തിലാക്കി മൂടിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് ചരിച്ചു വച്ചാലും മതി. മൂടി വിട്ടു പോകാതിരിക്കാന്‍ തുണി ഉണക്കാന്‍ ഉപയോഗിക്കുന്ന ക്ലിപ്പ് വച്ചു കൊടുത്താല്‍ മതി. വെള്ളം മുഴുവന്‍ ഊറിപ്പോകുന്നതോടെ ചോറ് റെഡി.