
മഴക്കാലമായതു കൊണ്ട് തന്നെ നിരവധി അസുഖങ്ങൾ പടർന്നു പിടിക്കുന്ന കാലം കൂടിയാണ് കർക്കടകം. അതു കൊണ്ടു തന്നെ കർക്കടകത്തിൽ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധനശേഷി വർധിപ്പിക്കുന്നതിനുമായി നിരവധി മാർഗങ്ങൾ നാം പ്രയോഗിക്കാറുമുണ്ട്. അതിലൊന്നാണ് പത്തിലത്തോരൻ. പത്ത് തരം ഇലകൾ കൊണ്ടുണ്ടാക്കുന്ന രുചികരമായ തോരൻ. ഓരോ പ്രദേശത്തും സമൃദ്ധമായി ലഭിക്കുന്ന പോഷക സമൃദ്ധമായ ചെടികളുടെ തളിരിലകളാണ് തോരനിൽ ഉപയോഗിക്കാറുള്ളത്.
ചേരുവകൾ
1- കുമ്പളത്തില
2-മത്തൻ ഇല
3-തഴുതാമയില
4-കൊഴുപ്പ
5-ചേനയില
6-താള്
7-ചീര
8-ആനക്കൊടിത്തൂവ( ചൊറിയണം)/ചേമ്പില
9- പയറില
10-കോവലില
സാമ്പാർ ചീര, മൈസൂർ ചീര, മുള്ളൻ ചീര, തകരയില എന്നിവയെല്ലാം ലഭ്യമാകുന്ന പ്രകാരം പത്തിലത്തോരനിൽ ഉപയോഗിക്കാറുണ്ട്.
തേങ്ങ ചിരകിയത്- അര മുറി
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി-5 അല്ലി
ചെറിയുള്ളി-3 എണ്ണം
പച്ചമുളക്- 3 എണ്ണം
കടുക്, വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി-കാൽ ടിസ്പൂൺ
പച്ചരി- കാൽ സ്പൂൺ
ഉഴുന്ന്- കാൽ സ്പൂൺ
വറ്റൽ മുളക്- 3 എണ്ണം
പാകം ചെയ്യുന്ന വിധം
എല്ലാ ഇലകളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ചൊറിയണം ഉപയോഗിക്കുന്നുണ്ടെങ്കിൽ ചൂടുവെള്ളത്തിൽ പത്ത് മിനിട്ടോളം ഇട്ടതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രം വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. എതിനു ശേഷം പച്ചരി ചേർക്കുക. പച്ചരി മൂത്തു വരുമ്പോൾ ഉഴുന്നും പിന്നീട് വറ്റൽ മുളകും ചേർത്ത് മൂപ്പിച്ചെടുക്കാം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇലകളും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇലകൾ വാടി വരുമ്പോൾ തേങ്ങ ജീരകം വെളുത്തുള്ളി, ചെറിയുള്ളി പച്ചമുളക് എന്നിവ ചേർത്ത് ഒതുക്കിയെടുത്തതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. കിളുന്നിലകൾ ആയതു കൊണ്ടു തന്നെ പെട്ടെന്ന് തന്നെ ഇലക്കറി പാകമാകും. അൽപ്പം പച്ച വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്ത് അടച്ചു മൂടിവയ്ക്കാം.മരുന്നു കഞ്ഞിക്കൊപ്പവും ചോറിനൊപ്പവും ഉപയോഗിക്കാവുന്ന രുചികരമായ തോരനാണിത്.