വിയറ്റ്നാമിലേക്ക് 5555 രൂപയ്ക്ക് വിമാന ടിക്കറ്റ്

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഡിസംബര്‍ 31 വരെ ഈ ഓഫര്‍ പ്രാബല്യത്തിലുണ്ട്
VietJet
VietJet

കൊച്ചി: വളരെ ചുരുങ്ങിയ കാലത്തിനിടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ വിയറ്റ്നാമിലേക്ക് പറക്കാന്‍ വമ്പന്‍ ഓഫറുകളാണ് വിയറ്റ്ജെറ്റ് എയര്‍ ഒരുക്കിയിരിക്കുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വിയറ്റ്നാമിലേക്ക് പോകാന്‍ 5555 രൂപ നിരക്കില്‍ വരെ ടിക്കറ്റ് ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഡിസംബര്‍ 31 വരെ ഈ ഓഫര്‍ പ്രാബല്യത്തിലുണ്ട്.

ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്ന പത്ത് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതോടെ ആകര്‍ഷകമായ പദ്ധതികളും പാക്കെജുകളുമായി വിയറ്റ്നാം ടൂറിസം വിപണി ഒരുങ്ങിക്കഴിഞ്ഞു. കൊവിഡിന് ശേഷമുള്ള വിയറ്റ്നാമിന്‍റെ ടൂറിസം വളര്‍ച്ചയില്‍ കേരളം വലിയ പങ്കാണ് വഹിക്കുന്നത്.

കൊച്ചിയില്‍ നിന്ന് വിയറ്റ്നാം വാണിജ്യനഗരമായ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ട് വിയറ്റ്ജെറ്റ് സര്‍വീസ് ആരംഭിക്കാന്‍ കാരണമായത് മലയാളി സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്. ഏഷ്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഇടംപിടിക്കാന്‍ കഴിഞ്ഞ വിയറ്റ്നാം, വിവിധ നഗരങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതാണ് ടൂറിസം രംഗത്ത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.

ദീപാവലിയോടനുബന്ധിച്ച് വിയറ്റ്ജെറ്റ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നിനും 31നും ഇടയില്‍ യാത്ര ചെയ്യാനായി ഈ മാസം 20നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് പൂജ്യം രൂപയില്‍ നിന്നാണ് ആരംഭിക്കുക. വിയറ്റ്ജെറ്റിന്‍റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യാം. പക്ഷെ നികുതികളും സര്‍ച്ചാര്‍ജും നല്‍കണം. ടിക്കറ്റ് നിരക്കിലെ വലിയ ഇളവിനു പുറമെ സ്കൈ കെയര്‍ ഇന്‍ഷ്വറന്‍സ് പാക്കെജും വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്.

2023 ഓഗസ്റ്റ് വരെ വിയറ്റ്നാം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 7,830,953 ആയി വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് 2,40,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. 2022 വര്‍ഷത്തില്‍ വിയറ്റ്നാം സന്ദര്‍ശിച്ചത് 1,37,900 ഇന്ത്യന്‍ സഞ്ചാരികളായിരുന്നു. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 32 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.

ഹോചിമിന്‍ സിറ്റിയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.55 പുറപ്പെടുന്ന വിമാനം രാത്രി 10.50ന് കൊച്ചിയിലെത്തും. രാത്രി 11.50ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന മടക്ക വിമാനം പിറ്റേന്ന് രാവിലെ 6.25ന് ഹോചിമിന്‍ സിറ്റിയില്‍ എത്തും. എക്കണോമി ക്ലാസിനു പുറമെ സ്കൈബോസ് എന്ന പ്രീമിയം എക്കണോമി ക്ലാസും ഇതിലുണ്ട്. കൊച്ചിക്ക് പുറമേ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും ഹനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്ക് വിയറ്റ്ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vietjetair.com സന്ദർശിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com