
പലിശ നിരക്കുകള്‍ കുറയുന്നു
കൊച്ചി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകളിൽ കുറവ് വരുത്തിയതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകൾ വായ്പകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു തുടങ്ങി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പലിശയില്‍ 50 ബേസിസ് പോയിന്‍റാണ് കുറച്ചിരിക്കുന്നത്. ഇതോടെ എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്ക് (ഇബിഎല്‍ആര്‍) 8.15 ശതമാനവുമായി.
കൂടാതെ, മൂന്നു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ എല്ലാ കാലാവധികളിലുമുള്ള നിക്ഷേപ നിരക്കുകളില്‍ 25 ബേസിസ് പോയിന്‍റുകള്‍ എസ്ബിഐ കുറച്ചു. പുതുക്കിയ നിരക്കോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനമായി കുറയും.
രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമാകും. 3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനമായും 5-10 വര്‍ഷത്തേക്ക് 6.05 ശതമാനമായും കുറച്ചിട്ടുണ്ട്.