

ശങ്കു| ബിന്ദു കൃഷ്ണ
അങ്കണവാടിയിൽ ബിർണാണി വേണമെന്ന് പറഞ്ഞ ശങ്കു എന്ന ത്രിജൽ സോഷ്യൽ മീഡിയയിലെ താരമാണ്. ഇപ്പോഴിതാ വീണ്ടും ശങ്കു സോഷ്യൽ മീഡിയയിൽ ശ്രദ്ധയേമായിരിക്കുകയാണ്. ഇപ്പോൾ ശങ്കു എത്തിയിരിക്കുന്നത് ആവശ്യങ്ങളായല്ല. പകരം വനിതാൃ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ തിരുത്തിക്കൊണ്ടാണ്.
അങ്കണവാടിയിലെ ഭക്ഷണക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി അങ്കണവാടിയിൽ ബിർണാണി ആവശ്യപ്പെട്ട കുഞ്ഞ് കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമോനാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ പറഞ്ഞത്.
എന്നാൽ താൻ രാധാമണി ചേച്ചിടെ കൊച്ചുമോനല്ലെന്ന് വ്യക്തമാക്കിയാണ് ശങ്കുവിന്‍റെ പുതിയ വീഡിയോ. 'പുതിയ മന്ത്രിയാന്‍റി പറഞ്ഞു, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്‍റെ അപ്പാമ്മയുടെ പേര് ഓമന, എന്‍റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രയേ ഉള്ളൂ കാര്യം.' എന്നുമാണ് വീഡിയോയിൽ ശങ്കു പറയുന്നത്.
വീഡിയോ പെട്ടെന്നു തന്നെ വൈറലായി. പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ട്രോൾ മഴയും എത്തി. ആദ്യം മുൻമന്ത്രി വീണാ ജോർജ് തന്നെ രംഗത്തെത്തി. 'സാരമില്ല ശങ്കു കുട്ടാ, പോട്ടെ' എന്നായിരുന്നു വീണയുടെ പ്രതികരണം. പിന്നാലെ മുൻ സ്പീക്കർ ഷംസീറുമെത്തി. 'സാരമില്ല വാവേ, തലശ്ശേരി ബിർണാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ' എന്നായിരുന്നു ഷംസീറിന്‍റെ പ്രതികരണം.
'എന്തു പറയാനാ നീ വിഷമിക്കേണ്ട ഞങ്ങൾക്ക് മനസ്സിലായി', 'കുടുംബ കലഹം ഉണ്ടാക്കാൻ ഒരു മന്ത്രി ശ്രമിക്കുന്നു', 'നിന്നെ സസ്പെൻഡ് ചെയ്യുമെടാ', 'കുഞ്ഞുങ്ങൾ വരെ മന്ത്രിമാരെ ട്രോളുന്നു നിലയായി' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.