കൊല്ലത്ത് ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൊട്ടിയം പ്രദേശത്താണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്
Shigella in Kollam
കൊല്ലത്ത് ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൊല്ലം: ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊല്ലത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പാലത്തറ, കലയ്ക്കോട് എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്ന തൃക്കോവിൽവട്ടം, മയ്യനാട്, ആദിച്ചനല്ലൂർ പഞ്ചായത്തുകളുടെ കൊട്ടിയം പ്രദേശത്താണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊല്ലം ജില്ലാ സർവയ്‌ലൻസ് ഓഫീസർ ഡോ. എച്ച്. വീണ സരോജി, കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.എസ്. അനൂപ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. അഖിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും മലിനമായ ജലത്തിന്‍റെ ഉപയോഗവും വഴിയാണ് രോഗം പിടിപെട്ടിരിക്കുന്നത്.

കൊട്ടിയം പ്രദേശത്തുള്ള ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രികാല പരിശോധന നടത്താനും ആവശ്യമെങ്കിൽ കേരള പൊതുജന ആരോഗ്യ നിയമ പ്രകാരം ഉള്ള നടപടി സ്വീകരിക്കാനും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

ഈ പ്രദേശത്തുള്ള തട്ടുകടകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ്, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് ആറു മുതൽ മിന്നൽ പരിശോധന നടത്തി. 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന 38 പേരെ കണ്ടെത്തി.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങൾ കണ്ടെത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. 9 കടകളിൽ നിന്നും കുടിവെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. ഷിഗല്ല പരിശോധനയ്ക്കായി ഒരു സ്ഥാപനത്തിൽ നിന്നും ജലം ശേഖരിച്ചു.

പരിശോധനയിൽ ജില്ല ടെക്കനിക്കൽ അസിസ്റ്റന്‍റ് ജോസ്, പാലത്തറ ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ഗോപൻ കലയ്ക്കോട്, ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആതിര, ഇരവിപുരം ഫുഡ് സേഫ്റ്റി ഓഫീസർ സംഗീത്, കലയ്ക്കോട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സിനോജ്, ആദിച്ചനലൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുജാറാണി, മയ്യനാട് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിഷോ, തൃക്കോവിൽവട്ടം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉമേഷ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീജു, നിഷ, സായൂജ്യ ആര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.