സിഗ്മ നാഷണൽ ഗാർമെന്‍റ് ഫെയർ 20 മുതൽ

നെല്ലി സിഗ്മ നാഷണൽ ഗാർമെന്‍റ് ഫെയർ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും.
sigma national garment fair from 20
സിഗ്മ നാഷണൽ ഗാർമെന്‍റ് ഫെയർ 20 മുതൽ
Updated on

കൊച്ചി: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്‍റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്‍റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്‍റ് ഫെയർ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും.

പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്‍റിൽ ആയിരക്കണക്കിന് പ്രൊഫഷണലുകളും എറ്റവും പുതിയ ട്രൻഡുകൾ അവതരിപ്പിച്ച്‌ രാജ്യത്തെ വസ്‌ത്രനിർമാണ മേഖലയുടെ ഗതിവേഗം നിർണയിക്കുന്ന 50–ഓളം ബ്രാൻഡുകളും അണിനിരക്കും. കൂടുതൽ പുതുമകളും വ്യത്യസ്തകളും കോർത്തിണക്കിയാണ് ഇത്തവണത്തെ ഫെയർ ഒരുക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കുന്ന എക്സിബിഷനിൽ വസ്ത്രങ്ങളിലും തുണിത്തരങ്ങളിലുമുള്ള നൂതന ഡിസൈനുകൾ, ട്രെൻഡുകൾ, പുത്തൻ ആശയങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. വസ്ത്ര നിർമാതാക്കൾ, കടയുടമകൾ, മൊത്തവ്യാപാരികൾ, വിതരണക്കാർ, സ്റ്റൈലിസ്റ്റുകൾ, ഡിസൈനർമാർ തുടങ്ങി ഫാഷൻ മേഖലയുമായി ബന്ധപ്പെട്ട 5000-ത്തിലധികം പ്രതിനിധികളാണ് ഫെയറിന്‍റെ ഭാഗമാകും.

മേഖലയിലെ ട്രെൻഡുകൾ വിലയിരുത്താനും പുതുപുത്തൻ മോഡലുകൾ അവതരിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കാനും വിപണി കണ്ടെത്താനും വ്യവസായ സഹകരണം വർധിപ്പിക്കാനുമുള്ള വേദി കൂടിയാകും ഇത്തവണത്തെ നാഷണൽ ഗാർമെന്‍റ് ഫെയറെന്ന് സിഗ്മ പ്രസിഡന്‍റ് ബാബു നെൽസൺ പറഞ്ഞു.

2017- ൽ രൂപീകരിച്ച സിഗ്മ ഏഴ് വർഷങ്ങൾക്കിപ്പുറം വസ്ത്ര വ്യാപാര മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നാണ്. വസ്ത്ര വ്യാപാര മേഖലയിലുള്ളവരുടെ നെറ്റ്‌വർക്കിങ്, ബിസിനസ് വളർച്ച തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കൂട്ടായ്മയിൽ നിലവിൽ 200-ലധികം സജീവ അംഗങ്ങളുണ്ട്.

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലേയും പ്രമുഖ വസ്ത്ര വ്യാപാരികളേയും വിതരണക്കാരേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ്‌ സിഗ്മ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ഹബ്ബുകളിലൊന്നായ കൊച്ചിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് മറൈൻ ഡ്രൈവിനെ തെരഞ്ഞെടുത്തതെന്ന് സിഗ്മ സെക്രട്ടറി പി.കെ. ഷഹനാസ് വ്യക്തമാക്കി.

കൊച്ചി കോറൽ ഐൽ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ സിഗ്മ പ്രസിഡന്‍റ് ബാബു നെൽസൺ, സെക്രട്ടറി പി.കെ ഷഹനാസ്, വൈസ് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ്, ജോയിന്‍റ് സെക്രട്ടറി എം.കെ അബ്ദുൽ റസാക്, ട്രഷറർ പി.എ ഷമീർ, ഫെയർ കമ്മിറ്റി ചെയർമാൻ പി.എ മാഹിൻ, കൺവീനർ ഹസനുൽ ബന്ന തുടങ്ങിയർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com