എസ്ഐപി അക്കൗണ്ടുകള്‍ക്ക് പ്രിയമേറുന്നു

മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് എസ്ഐപികള്‍. 500 രൂപ മുതല്‍ നിക്ഷേപിക്കാം.
An overflowing piggy bank, symbolic image.
An overflowing piggy bank, symbolic image.

ഉയര്‍ന്ന ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഓഹരി വിപണിയിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണത്തില്‍ വൻകുതിപ്പ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഒക്റ്റോബറില്‍ 17 ലക്ഷമായി. ഇതോടെ മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 7.3 കോടിയായതായി അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒറ്റ മാസം 35 ലക്ഷം പുതിയ അക്കൗണ്ടുകൾ

തുടര്‍ച്ചയായ ആറാം മാസമാണ് പുതിയ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 10 ലക്ഷം കടക്കുന്നത്. ഒക്റ്റോബറില്‍ എസ്ഐപിയില്‍ 35 ലക്ഷം അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും 18 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയിരുന്നു. അതാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണം 17 ലക്ഷമായി കുറഞ്ഞത്. 0.51 ആണ് എസ്ഐപി അക്കൗണ്ട് റദ്ദാക്കല്‍ റേഷ്യോ. ഒരു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ദീർഘകാല നിക്ഷേപത്തിൽ ശ്രദ്ധ

ചെറുകിട നിക്ഷേകര്‍ കൂടുതലും അവരുടെ ഓഹരി നിക്ഷേപത്തിന്‍റെ 51.4 ശതമാനവും രണ്ടു വര്‍ഷത്തിനു മുകളിലുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ആംഫിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് കൂടുതല്‍ എസ്ഐപി നിക്ഷേപകരും ദീര്‍ഘകാല നിക്ഷേപത്തിലാണ് ശ്രദ്ധിക്കുന്നത്.

ശരാശരി നിക്ഷേപ തുക 2.318 രൂപ

ഒക്റ്റോബറില്‍ എസ്ഐപി വഴിയുള്ള മൊത്തം നിക്ഷേപം 16,928 കോടി രൂപയാണ്. ഇതോടെ കഴിഞ്ഞ 12 മാസത്തെ എസ്ഐപിയുടെ നിക്ഷേപമൂല്യം 1.75 ലക്ഷം കോടിയായി. ശരാശരി എസ്ഐപി നിക്ഷേപ തുക 2,318 രൂപയായും ഉയര്‍ന്നിട്ടുണ്ട്. 19 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഇക്കാലയളവില്‍ എസ്ഐപി അനുബന്ധ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 8.6 ലക്ഷം കോടി രൂപയുമായി. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യത്തിന്‍റെ 18.4 ശതമാനം വരുമിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എസ്ഐപികളുടെ ആസ്തിമൂല്യം പ്രതിവര്‍ഷം 31.5 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അതേസമയം എസ്ഐപി അക്കൗണ്ട് തുറക്കലിലുണ്ടായിട്ടുള്ള വര്‍ധന 29.50 ശതമാനമാണ്.

എന്താണ് എസ്ഐപി

മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് എസ്ഐപികള്‍. 500 രൂപ മുതല്‍ നിക്ഷേപിക്കാം. റുപ്പീ കോസ്റ്റിങ് ആവറേജ് എന്ന തന്ത്രത്തിലൂടെ നിക്ഷേപം വളരുന്നുവെന്നതാണ് എസ്ഐപികളെ ആകര്‍ഷകമാക്കുന്നത്. അതായത് വിപണി ഉയരുമ്പോള്‍, വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയും വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com