ദൈവദശകം സംസ്ഥാന പ്രാർഥനയാക്കണം: ശിവഗിരി മഠം | Video

ശിവഗിരി മഠം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്
Sivagiri asks VD Satheesan to make Daivadasakam state prayer song

മുഖ്യമന്ത്രി വി.ഡി. സതീശൻ വർക്കല ശിവഗിരി മഠത്തിൽ.

MV

Updated on

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ രചിച്ച "ദൈവദശക'ത്തിലെ മൂന്ന് പദ്യങ്ങൾ സംസ്ഥാന പ്രാർഥനാ ഗീതമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനോട് ശിവഗിരി മഠം ആവശ്യപ്പെട്ടു. മഠം സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സതീശന്‍ ശിവഗിരിയിലെത്തുന്നത്. അദ്ദേഹം ഗുരുദേവന്‍റെ മഹാ സമാധി മന്ദിരത്തിലെത്തി പ്രാർഥിച്ചു.

ശിവഗിരി തീർഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ആറേക്കർ ഭൂമി ലഭ്യമാക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായി കിടക്കുന്ന ശിവഗിരി തുരങ്കത്തിന്‍റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് മൂടി ആറേക്കർ വീണ്ടെടുക്കണം. തീർഥാടന കാലത്ത് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കാൻ ഈ സ്ഥലം ഉപയോഗിക്കാം.

ശിവഗിരി മഠത്തിന്‍റെ പോഷകസംഘടനയായ ഗുരുധർമ പ്രചാരണ സഭയെ സംസ്ഥാന സർക്കാരിന്‍റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക തുടങ്ങിയ ആവശ്യങ്ങളും മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരടക്കമുള്ളവർ 15 മിനുറ്റോളം നീണ്ട ചർച്ചയിൽ പങ്കെടുത്തു.

ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലുള്ള തീർഥാടന കേന്ദ്ര പദവിയിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധർമസംഘം ട്രസ്റ്റ് മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും വിശദമായി പരിശോധിക്കും. വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, ദീർഘകാല പദ്ധതികളായി അവയെ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദർശ രാഷ്‌ട്രീയത്തിന്‍റെ മാതൃകയാണ് വി.ഡി. സതീശനെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തിന്‍റെ സമഗ്ര പുരോഗതി ജാതി, മത, കക്ഷി ഭേദങ്ങൾക്ക് അതീതമായി സാധ്യമാക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സോദരത്വേന വാഴുന്ന കേരളം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു.

logo
Metro Vaartha
www.metrovaartha.com