
പ്രായവും അവശതയും മാറി നിന്നു; 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്ത് റെക്കോഡിട്ട് 80കാരി|Video
ന്യൂഡൽഹി: വെർട്ടിഗോ, സെർവിക്കൽ സ്പോണ്ടിലൈറ്റിസ്, സ്പൈനൽ ഡിസ്ക് പ്രശ്നം.. അങ്ങനെ പ്രായത്തിന്‍റേതായ പ്രശ്നങ്ങളെല്ലാം ഡോ. ശ്രദ്ധ ചൗഹാനുണ്ടായിരുന്നു. എന്നിട്ടും എൺപതാം പിറന്നാളിന് സ്കൈ ഡൈവ് ചെയ്ത് റെക്കോഡിട്ടിരിക്കുകയാണ് ശ്രദ്ധ. പതിനായിരം അടി ഉയരത്തിൽ നിന്നാണ് ശ്രദ്ധ ഡൈവ് ചെയ്തത്. മകനും റിട്ടയേഡ് ബ്രിഗേഡിയറുമായ സൗരഭ് സിങ് ഷെഖാവത്തിനൊപ്പമാണ് ശ്രദ്ധ സ്കൈ ഡൈവ് ചെയ്തത്. ഇതോടെ സ്കൈ ഡൈവ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി മാറിയിരിക്കുകയാണ് ശ്രദ്ധ.
ഹരിയാനയിലെ നർണോൾ എയർസ്ട്രിപ്പിലായിരുന്നു ശ്രദ്ധയുടെ സാഹസികത. ശ്രദ്ധ സ്കൈ ഡൈവ് ചെയ്യുന്ന വിഡിയോ സ്കൈഹൈ ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
ചെറുപ്പം മുതൽ ആകാശത്തൂടെ വിമാനം എന്നതു പോലെ പറക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴിതാ തന്‍റെ മകനത് യാഥാർഥ്യമാക്കിയിരിക്കുന്നുവെന്നും ഈ നിമിഷം വളരെ അഭിമാനം തോന്നുന്നുവെന്നുമാണ് ശ്രദ്ധയുടെ പ്രതികരണം.