ജീവന്‍റെ തുടിപ്പ് മിനിറ്റുകൾക്കുള്ളിൽ, പുതു ചരിത്രമെഴുതി ശ്രീചിത്ര

ശ്രീചിത്തിര തിരുനാൾ ആശുപത്രി വരെ മറ്റൊരു വാഹനവും കടന്നെത്താത്ത സുരക്ഷയോടെ പൊലീസ് കർത്തവ്യത്തിന് തയാറെടുത്തു
heart transplantation sri chitra hospital
ജീവന്‍റെ തുടിപ്പ് മിനിറ്റുകൾക്കുള്ളിൽ, പുതു ചരിത്രമെഴുതി ശ്രീചിത്ര
Updated on

തിരുവനന്തപുരം: ദിവസങ്ങളുടെ കാത്തിരിപ്പ്, ഉദ്വേഗ ഭരിതമായ മണിക്കൂറുകൾ, ഒടുവിൽ ഡാലിയ ടീച്ചറുടെ ഹൃദയം ഒരു വിദ്യാർഥിനിയിൽ മിടിച്ച് തുടങ്ങി.

വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചറെ (47) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രാത്രിയോടെ കുടുംബം അവയവദാനത്തിന് സമ്മതമറിയിച്ചതോടെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാം ഹൃദയമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് മിന്നൽ ഒരുക്കങ്ങളും തുടങ്ങി.

കേരളത്തില്‍ മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കെ- സോട്ടോ രാത്രി തന്നെ അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. ജലസേചന വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ ടീച്ചറുടെ ഭര്‍ത്താവ് ജെ. ശ്രീകുമാറും മക്കളായ ശ്രീദേവന്‍, ശ്രീദത്തന്‍ എന്നിവരും സമ്മതം നല്‍കിയതിന് പിന്നാലെ ഹൃദയവും രണ്ട് വൃക്കകളും കരളും കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് വിവിധ രോഗികളിലേക്കെത്തുന്നത്.

ഒരുക്കങ്ങൾക്കൊടുവിൽ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്നും ഇന്നലെ രാവിലെ തന്നെ സകല സന്നാഹങ്ങളുമൊരുക്കി ആഭ്യന്തര വകുപ്പ് ഗ്രീന്‍ കോറിഡോർ തയാറാക്കി. ശ്രീചിത്തിര തിരുനാൾ ആശുപത്രി വരെ മറ്റൊരു വാഹനവും കടന്നെത്താത്ത സുരക്ഷയോടെ പൊലീസ് കർത്തവ്യത്തിന് തയാറെടുത്തു. എല്ലാ സാഹചര്യങ്ങളും അനുകൂലമായതോടെ മിനിറ്റുകൾ കൊണ്ട് കിംസിൽ‌ നിന്നും ഹൃദയം ശ്രീചിത്രയിലെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും ടീച്ചര്‍ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികള്‍ക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്. ഇതോടെ സർക്കാർ മേഖലയിലെ രണ്ടാമത്തേതും ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തേതുമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. വളരെ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com