അഷ്ടമിരോഹിണി: ഗുരുവായൂരിൽ 25,000 പേർക്ക് സദ്യ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ശ്രീകൃഷ്ണ സ്തുതി ഗീതത്തോടെ കലാപരിപാടികൾക്കു തുടക്കം
Sri Krishna Jayanti at Guruvayur
അഷ്ടമിരോഹിണി: ഗുരുവായൂരിൽ 25,000 പേർക്ക് സദ്യ
Updated on

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ തിങ്കളാഴ്ച ഗുരുവായൂരിൽ 25,000 പേർക്കു പിറന്നാൾ സദ്യ. രസ കാളൻ, ഓലൻ, അവിയൽ, എരിശേരി, പച്ചടി, മെഴുക്ക് പുരട്ടി, കായ വറവ്, ഉപ്പിലിട്ടത്, പുളിയിഞ്ചി, പപ്പടം, മോര്, പാൽപ്പായസം എന്നീ വിഭവങ്ങളാണു പിറന്നാൾ സദ്യയിൽ വിളമ്പുക. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7.30ന് ശ്രീകൃഷ്ണ സ്തുതി ഗീതത്തോടെ കലാപരിപാടികൾക്കു തുടക്കമാകും.

ഗുരുവായൂർ നവനീതം ഭജൻസിന്‍റെ ശ്രീകൃഷ്ണ ഭക്തിസുധ, ചോറ്റാനിക്കര കൾച്ചറൽ റേഡിയോ ക്ലബ്ബിന്‍റെ തിരുവാതിര, വൈകീട്ട് കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർകൂത്ത്, സംഗീത നാടകം, രാത്രി 10ന് കൃഷ്ണനാട്ടം എന്നിവ അരങ്ങേറും. മമ്മിയൂർ മഹാദേവ ക്ഷേത്രം, പെരുന്തട്ട ശിവക്ഷേത്രം, നെന്മിനി ബലരാമ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു രാവിലെ ഘോഷയാത്രകൾ പുറപ്പെട്ടു ക്ഷേത്രത്തിലെത്തും. നായർ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര, ഉറിയടി, ഗോപികാ നൃത്തം, എഴുന്നള്ളത്ത്, ബാലഗോഗുലത്തിന്‍റെ നേതൃത്വത്തിൽ ശോഭയാത്ര എന്നിവ ഉണ്ടാകും.

വെണ്ണയും പാലും പഴവും പഞ്ചസാരയും നിവേദിക്കാൻ പ്രാർഥനകളോടെ ജനസഹസ്രങ്ങൾ ഞായറാഴ്ച മുതൽ തന്നെ ഗുരുവായൂരിലേക്ക് ഒഴുകുകയാണ്. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ദർശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നു ഗുരുവായൂർ ദേവസ്വം അധികൃതർ.

പൊതു ക്യുവിൽ വരി നിന്നു ദർശനം നടത്തുന്ന ഭക്തജനങ്ങൾക്കു പ്രത്യേക പരിഗണന നൽകും. ക്ഷേത്രത്തിനകത്തു പ്രദക്ഷിണം, ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കി. ചടങ്ങുകളുടെ ഭാഗമായി രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലി, രാത്രിവിളക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.

രാവിലെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിയും ഉച്ചയ്ക്കുശേഷം വൈക്കം ചന്ദ്രന്‍റെയും സംഘത്തിന്‍റെയും പഞ്ചവാദ്യവും എഴുന്നള്ളിപ്പിന് അകമ്പടിയാകും.

വൈകിട്ട് തായമ്പക, പഞ്ചവാദ്യം, ഇടയ്ക്ക നാഗസ്വര മേളം, എന്നിവയുമുണ്ടാകും. ഇന്നു മുതൽ 28 വരെ ക്ഷേത്രത്തിൽ വിഐപി ദർശനവും സ്പെഷ്യൽ ദർശനവും ഉണ്ടാകില്ല. അമ്പലപ്പുഴ, ആറന്മുള തുടങ്ങി വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്ന് അഷ്ടമിരോഹിണിയോടനുബന്ധിച്ചു പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ടാകും. സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ശോഭായാത്രകളും നടത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com