ബ്രാഹ്മണരീതിയിൽ ശ്രീകൃഷ്ണവേളി ചിത്രീകരിച്ച് അപൂർവ ചുവർചിത്രം

യാദവ കുലത്തിൽ ജനിച്ച ശ്രീകൃഷ്ണന്‍റെ വിവാഹം പെരിഞ്ചെല്ലൂർ വൈദികബ്രാഹ്മണ സമ്പ്രദായത്തിൽ ചിത്രീകരിച്ച അത്യപൂർവ ചുവർച്ചിത്രമാണിത്
Sri Krishna wedding mural art പെരിഞ്ചെല്ലൂർ സമ്പ്രദായത്തിൽ ശ്രീകൃഷ്ണ വേളി ചിത്രീകരിച്ച് അത്യപൂർവ ചുവർച്ചിത്രം
പെരിഞ്ചെല്ലൂർ സമ്പ്രദായത്തിൽ ശ്രീകൃഷ്ണ വേളി ചിത്രീകരിച്ച് അത്യപൂർവ ചുവർച്ചിത്രം
Updated on

ഡോ. സഞ്ജീവൻ അഴീക്കോട്

കണ്ണൂർ: പെരിഞ്ചെല്ലൂർ ഗ്രാമത്തിന്‍റെ ബ്രാഹ്മണ സംസ്കാരവുമായി ഇഴുകിച്ചേർത്തു ശ്രീകൃഷ്ണന്‍റെ വേളി ചിത്രീകരിച്ച അത്യപൂർവ ചുവർ ചിത്രം തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് കണ്ണവം തൊടീക്കളം ക്ഷേത്രത്തിൽ ശ്രീ കോവിലിന്‍റെ വടക്കേ ചുവരിലെ ചിത്രങ്ങൾക്കിടയിലാണ് നമ്പൂതിരി സമ്പ്രദായത്തിൽ ശ്രീകൃഷ്ണന്‍റെ വേളിയും താലികെട്ടും ചിത്രീകരിച്ച അത്യപൂർവ രംഗം ചുവർ ചിത്ര - താന്ത്രിക ഗവേഷകനായ സുധീഷ് നമ്പൂതിരി തിരിച്ചറിഞ്ഞത്.

വൃഷ്ണിവംശം എന്ന യാദവ (യദു) കുലത്തിൽ ജനിച്ച ശ്രീകൃഷ്ണന്‍റെ വിവാഹം പെരിഞ്ചെല്ലൂർ വൈദികബ്രാഹ്മണ സമ്പ്രദായത്തിൽ ചിത്രീകരിച്ച അത്യപൂർവ ചുവർച്ചിത്രമാണിത്. കോട്ടയം രാജവംശത്തിനു മേൽ പെരിഞ്ചെല്ലൂർ വൈദിക ബ്രാഹ്മണരുടെ ആധിപത്യമുണ്ടായിരുന്നതിനു തെളിവാണ് വൈദിക വേളീ ക്രിയചിത്രീകരണം.

കണ്ണൂർ ജില്ലയിലെ കണ്ണവത്താണ് തൊടീക്കളം മൃത്യുഞ്ജയമൂർത്തിയായ ശിവപെരുമാൾ ക്ഷേത്രം. ക്ഷേത്രത്തിലെ 44 ചുവർച്ചിതങ്ങൾക്ക് 400 വർഷത്തെ പഴക്കമുള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ-രുഗ്മിണീ വിവാഹം വൈദിക ഗൃഹ്യസൂത്ര സമ്പ്രദായ ക്രിയകളോടെയാണു ക്ഷേത്രച്ചുവരിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ളതെന്നാണ് സുധീഷ് നമ്പൂതിരിയുടെ കണ്ടെത്തൽ.

കേരളത്തിൽ നമ്പൂതിരിമാർക്കും ക്ഷത്രിയർക്കും ഷോഡശസംസ്കാരക്രിയകൾ ഒരുപോലെയാണ്. പ്രാദേശികമായി അല്പസ്വല്പ വ്യത്യാസങ്ങളുണ്ടെങ്കിലും.

ശ്രീകൃഷ്ണ രുഗ്മിണി വിവാഹത്തിലെ പാണിഗ്രഹണവും അതോടനുബന്ധിച്ച ഹോമ ക്രിയകളുമാണ് ചിത്രത്തിലെ പ്രമേയം. പല പ്രമേയങ്ങളും ഒരേ ഫ്രെയിമിൽ ചിത്രീകരിക്കുന്നത് ചുവർചിത്രത്തിൽ പൊതുവെ കണ്ടുവരുന്ന സമ്പ്രദായമാണ്. ശ്രീകൃഷ്ണ വിവാഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പെരിഞ്ചെല്ലൂർ നമ്പൂതിരി സമ്പ്രദായത്തിലെ വേളി ക്രിയകളിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ചിത്ര വിശകലന പഠനത്തിലൂടെ സുധീഷ് നമ്പൂതിരി വ്യക്തമാക്കുന്നു.

Sudheesh Nambudiri
സുധീഷ് നമ്പൂതിരി

''വേളി ക്രിയകളിൽ ഒന്നു മാത്രമാണ് പാണിഗ്രഹണം. വധുവായ രുഗ്മിണിയുടെ വലത്തുകയ്യ്‌ വരനായ ശ്രീകൃഷ്ണൻ പിടിക്കുന്നതാണ് ചിത്രരംഗം. ഈ ക്രിയയ്ക്ക് മിത്രക്കയ്യു പിടിക്കൽ എന്നാണു പറയുക. മിത്രക്കൈ പിടിക്കൽ ക്രിയയിൽ വധുവിന്‍റെ പെരുവിരൽ (തള്ളവിരൽ) തൊടാതെ ബാക്കിയുള്ള നാലുവിരലുകൾ കൂട്ടിയാണു വരൻ പിടിക്കേണ്ടത്‌. ഇക്കാര്യം ഇവിടെ കൃത്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. ഈ ചിത്രമെഴുതിയ കലാകാരൻ നമ്പൂതിരിമാരുടെ വേളി ക്രിയാകാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടാണു രചന നടത്തിയതെന്ന് വ്യക്തമാണ്'', അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശ്രീകൃഷ്ണൻ വലതു കൈയ്യിൽ ഹോമപാത്രമായ സ്രുവം (തവി) പിടിച്ചാണു നിൽക്കുന്നത്. രുഗ്മിണിയുടെ കഴുത്തിൽ വെളുത്തചരടിൽ പിരിച്ചെടുത്ത ചരടിൽ സ്വർണത്താലി കാണാം. വധൂവരന്മായ രുഗ്മിണിയും ശ്രീകൃഷ്ണനും ഉത്തരീയം ധരിച്ചിട്ടുണ്ട്. പ്രത്യേക രീതിയിൽ പൂണൂൽ പോലെ ഇണമുണ്ട് പിരിച്ചു കെട്ടിയതാണിത്. നമ്പൂതിരി വിവാഹ ചടങ്ങുകളിൽ വധു, വരന്‍റെ വലതുവശത്തായിരിക്കും ഇരിക്കുക. അതുപോലെ വരനെപ്പോലെ വധുവും ഉത്തരീയം ധരിക്കും.

വധുവായ രുഗ്മിണിയുടെ വലതുകയ്യിൽ ശരക്കോലും വാൽക്കണ്ണാടിയുമുണ്ട്. ഗന്ധർവന്മാരിൽ നിന്നും മറ്റുമുള്ള രക്ഷയ്ക്കായുള്ള ഒരു സുരക്ഷായുധമാണ് - ശരക്കോൽ. മരത്തിന്‍റെ കോലിന്‍റെ അറ്റത്ത് അമ്പു പോലെ കൂർത്ത മുനയുണ്ടാകും. ഇതാണ് ശരക്കോൽ. ശക്തിയുടെ പ്രതീകമായാണ് വാൽക്കണ്ണാടി പിടിക്കുന്നത്.

അഗ്നിസാക്ഷിയായാണ് ബ്രാഹ്‌മണ -ക്ഷത്രിയ വിഭാഗക്കാരുടെ ക്രിയകൾ നടത്തുന്നത്. അതുകൊണ്ടാണ് ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചിറങ്ങിയ രുഗ്മിണിയെ കൃഷ്ണൻ തേരിലേറ്റി കൊണ്ടു വന്നതിനു ശേഷവും അഗ്നി സാക്ഷിയായി വിവാഹം ചെയ്തത്. ചിത്രത്തിൽ രുക്മിണിയുടെ കഴുത്തിൽ വെളുത്ത ചരടും സ്വർണത്താലിയുമുണ്ട്. മംഗല്യസൂത്രം എന്നാണിതിന്‍റെ പേര്. നമ്പൂതിരി വേളിയിൽ വധുവിന്‍റെ പിതാവ്, അല്ലെങ്കിൽ പിതൃസ്ഥാനീയനാണ് അത് അണിയിക്കുക. രുഗ്മിണിയുടെ കഴുത്തിൽ ഒറ്റത്താലി മാത്രമാണു ചിത്രത്തിൽ കാണുന്നത്‌. നമ്പൂതിരിമാർക്കിടയിൽ ഇരട്ടത്താലിയും പതിവുണ്ട്‌. വേദാധികാരം ഉള്ളവരാണ് വടക്കൻ കേരളത്തിൽ ഒറ്റത്താലി ധരിക്കുന്നത്. പെരിഞ്ചെല്ലൂർ ബ്രാഹ്മണഗ്രാമത്തിലെ വേളി ശൈലിയാണ് ഒറ്റത്താലി.

തൊടീക്കളം ക്ഷേത്രത്തിലെ ചുമരുകളിൽ ചിത്രങ്ങളെഴുതിയതാരാണെന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും, ഭിത്തിചിത്രങ്ങളുടെ സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾക്കനുസൃതമായി വൈദികശാസ്ത്രപരിപ്രേക്ഷ്യങ്ങളെ അവയുമായി സംയോജിപ്പിച്ചു എന്നതാണു ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നതെന്ന് ചുവർ ചിത്ര - താന്ത്രികഗവേഷകനായ സുധീഷ് നമ്പൂതിരി തുടർന്നു പറഞ്ഞു.

പഴശ്ശി സ്വരൂപമെന്ന വടക്കൻ കോട്ടയം രാജവംശത്തിന്‍റെ അധീനതയിലാണ് തൊടീക്കളം ക്ഷേത്രം. ചിത്രകാരൻ അതുകൊണ്ടുതന്നെ ഊരാളന്മാരായ നമ്പൂതിരിമാരുടെ താത്പര്യങ്ങളെ പരിപാലിക്കാൻ പ്രത്യേക ശ്രദ്ധ കാണിച്ചുവെന്നതിന് ജീവിക്കുന്ന ഒരുതെളിവാണ് ശ്രീകൃഷ്ണന്‍റെ വേളീ ചിത്രീകരിച്ച അത്യപൂർവ ചിത്രം സുധീഷ് നമ്പൂതിരി കൂട്ടിച്ചേർത്തു. രുഗ്മിണീ പരിണയത്തിൽ നമ്പൂതിരി വേളിക്രിയ സമ്പ്രദായം കൃത്യമായി ചിത്രീകരിച്ചതിനാൽ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ വൈദിക ബ്രാഹ്മണർ കോട്ടയം രാജവംശത്തിന്‍റെ ഭരണകാര്യങ്ങളിലുൾപ്പെടെ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് വിശദ മാക്കുന്ന തെളിവാണിതെന്ന് സുധീഷ് നമ്പൂതിരി തുടർന്നു പറഞ്ഞു. മാത്രമല്ല ചിത്രകാരൻ ഒരു പക്ഷേ പെരിഞ്ചെല്ലൂർ സമ്പ്രദായം പഠിച്ച നമ്പൂതിരിയോ അമ്പലവാസിയോ ആവാനും സാധ്യതയുണ്ട്.

400 വർഷത്തിലേറെ പഴക്കമുള്ള തൊടീക്കളം ചുവർച്ചിത്രങ്ങളെക്കുറിച്ച് ആദ്യമായി സമഗ്ര പഠനം നടത്തിയത് വിഖ്യാത ചിത്രകാരനായ എ. രാമചന്ദ്രനായിരുന്നു. 44 ചുവർ ചിത്രങ്ങളാണ് തൊടീക്കളം ക്ഷേത്രത്തിലുള്ളത്. ചുവർ ചിത്ര ഗവേഷകൻ ഡോ എം.ജി. ശശിഭൂഷൺ, ചിത്രകാരൻ കെ.കെ. മാരാർ തുടങ്ങിയവരും തൊടിക്കളം ചിത്രം പഠിച്ചവരാണ്. എന്നാൽ, അവരാരും ശ്രീകൃഷ്ണ രുഗ്മിണി വിവാഹച്ചടങ്ങിലെ പാണിഗ്രഹണത്തിലെ ഒറ്റത്താലിയടക്കമുള്ള പെരിഞ്ചെല്ലൂർ വൈദിക ക്രിയകളെക്കുറിച്ച് സൂക്ഷമമായി വിചിന്തനം ചെയ്തിട്ടില്ലെന്ന് സുധീഷ് നമ്പൂതിരി പറഞ്ഞു.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ തൊടീക്കളം ചിത്രത്തിൽ കാണാം. പതിനഞ്ചാം നൂറ്റാണ്ടിലോ അതിനു മുമ്പോ രചിച്ചതാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെന്നാണ് ഡോ. എം.ജി.എസ്. നാരായണൻ പറയുന്നത്.

വൈദേശികാധിപത്യത്തിനു മുമ്പ് രചിച്ചതാണ് തൊടീക്കളം ചിത്രങ്ങളെന്നും ശ്രീകൃഷ്ണ ചിത്രീകരണത്തിൽ കൃഷ്ണ ഗാഥയുടെ സ്വാധീനവും ഗണിക്കാവുന്നതാണെന്നും സുധീഷ് നമ്പൂതിരി വിശദമാക്കി.

വൈദിക - താന്ത്രിക സമ്പ്രദായം കേരളീയ ചുവർചിത്രങ്ങളിൽ എന്ന വിഷയ ത്തിൽ സുധീഷ് നമ്പൂതിരിനടത്തുന്ന ഗവേഷണ പഠനത്തിനിടെ യാണ് തൊടിക്കളം ചിത്രങ്ങളിൽ, പെരിഞ്ചെല്ലൂർ ഗ്രാമ ത്തിലെ വൈദിക സ്വാധീനം കണ്ടെത്തിയത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉത്തരകേരളസമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്കഗവേഷണ പീഠം നടത്തുന്ന അന്വേഷണത്തിന്നിടയിലാണ് തൊടിക്കളം ക്ഷേത്രത്തിലെ വേളിക്രിയാചിത്രികരണം ശ്രദ്ധയിൽപ്പെട്ടത്. വൈദേശാകാധിപത്യത്തിനു മുമ്പ് രചിക്കപ്പെട്ട തൊടിക്കളം ചുവർചിത്രം പഠിതാക്കൾക്ക് വിലപ്പെട്ട ചരിത്രരേഖയാണെന്നും സംഘവഴക്ക ഗവേഷണ പീഠം അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com