
ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ്‌സ് കോളെജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബർ 10ന് ആരംഭിക്കും. എട്ടു ദിവസം നീളുന്ന ആഘോഷങ്ങൾ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അധ്യക്ഷത വഹിക്കും.
രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണവും ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ ഡോ.സിസ്റ്റര്‍ ആനി കുര്യാക്കോസ് ആമുഖ പ്രഭാഷണവും നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അലൂമ്‌നി പ്രസിഡന്‍റ് ടെസി റോയ് വര്‍ഗീസ്, പിടിഡബ്ലിയുഎ പ്രസിഡന്‍റ് ഡേവിസ് ഊക്കന്‍, പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ബ്ലെസി, ജനറല്‍ കണ്‍വീനര്‍ അഞ്ജു സൂസന്‍ ജോര്‍ജ് പ്രസംഗിക്കും.
രാവിലെ 10ന് വിവിധ കലാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുമായും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായും യുജിസി ചെയർമാൻ സംവദിക്കും. കലാലയത്തില്‍ സജ്ജീകരിച്ചിട്ടുള്ള അമര്‍ജവാന്‍ സ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം സമര്‍പ്പിക്കും. 17, 18 തീയതികളിൽ ഐഡിയതോൺ, മാത്ത്സ് എക്സിബിഷൻ, ഡാൻസ് ഫെസ്റ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്വിസ്, കോംഫീസ്റ്റ തുടങ്ങിയ മത്സരങ്ങളും പ്രദർശനങ്ങളും നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദിവാസി വില്ലേജുകൾ ദത്തെടുത്ത് സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.