സംസ്ഥാനത്തെ ആദ്യ സ്‌ട്രീറ്റ്‌ ഫുഡ് ഹബ് കൊച്ചിയിൽ

രാജ്യത്താകമാനം ആരംഭിക്കുന്ന 100 ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിന്‍റെ ഭാഗമായി ആരംഭിക്കുന്ന ഹബ്ബാണ് കൊച്ചിയിലേത്
Mumbai's Girgaon and Juhu Chowpatty, which was given the title of Clean Street Food Hub. Kochi food hub is being planned in a similar model.
Mumbai's Girgaon and Juhu Chowpatty, which was given the title of Clean Street Food Hub. Kochi food hub is being planned in a similar model.
Updated on

ജിബി സദാശിവൻ

കൊച്ചി: സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ് എറണാകുളം തേവരയിലെ കസ്തൂർബാ നഗറിൽ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഫുഡ് സ്ട്രീറ്റ് പദ്ധതി പ്രകാരം ആരംഭിക്കുന്ന ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ്ബാണ് തേവരയിലെ കസ്തൂർബാ നഗറിൽ ആരംഭിക്കുന്നത്. രാജ്യത്താകമാനം ആരംഭിക്കുന്ന 100 ക്ളീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിന്‍റെ ഭാഗമായി ആരംഭിക്കുന്ന ഹബ്ബാണ് കൊച്ചിയിലേത്. സിഎംഎഫ്ആർഐ റസിഡൻഷ്യൽ കോംപ്ലക്‌സിന് സമീപമുള്ള വിശാല കൊച്ചി വികസന അതോറിറ്റിയുടെ സ്ഥലത്താണ്‌ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ആരംഭിക്കുന്നത്. റോഡ് പദ്ധതിക്കായി ജിസിഡിഎ നേരത്തെ ഏറ്റെടുത്തിരുന്ന സ്ഥലത്താണ്‌ സ്ട്രീറ്റ് ഫുഡ് ഹബ്ബ് വരുന്നത്.

ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന പ്ലോട്ടാണിത്. പനമ്പള്ളി നഗറിനു സമീപമുള്ള കസ്തൂർബാ നഗർ കടവന്ത്ര മെട്രോ സ്റ്റേഷനിൽനിന്ന് 2.8 കിലോമീറ്റർ അകലെയാണ്. പദ്ധതിക്ക് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്‍റെ അനുമതി ലഭിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ ഹബ്ബ് പ്രവർത്തനക്ഷമമാകും.

ഫോർട്ട് കൊച്ചിയിൽ ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ തേവരയിലേക്ക് മാറ്റുകയായിരുന്നു. പദ്ധതിക്കായി തുകയും അനുവദിച്ചിട്ടുണ്ട്. ഇനി പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. അത് കൂടി ലഭിച്ചു കഴിഞ്ഞാൽ കിയോസ്കുകൾക്കായി ജിസിഡിഎ ടെണ്ടർ വിളിക്കും.

ഇവിടെ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മയും വൃത്തിയും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പാക്കും. 1.35 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഓരോ കിയോസ്‌കിലും പ്രത്യേകം ഭക്ഷണ വിഭവങ്ങളാകും ഉണ്ടാവുക. ജങ്ക് ഫുഡ് ഇനത്തിൽ പെട്ടവ പ്രോത്സാഹിപ്പിക്കില്ല.

20 ചെറിയ കിയോസ്കുകളാകും ഇവിടെ ഉണ്ടാവുക. മധ്യഭാഗത്ത് ഓപ്പൺ ഡൈനിംഗ് സ്ഥലവും അതിനു ചുറ്റുമായി കിയോസ്കുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കാർ പാർക്കിംഗ്, പ്രത്യേകം നടപ്പാതകൾ, ടോയ്‌ലറ്റ് സൗകര്യം, ലാൻഡ്സ്കേപ്പിങ്, ഖരമാലിന്യ സംസ്കരണ സൗകര്യം, ഡ്രെയിനേജ്, വാട്ടർ ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഉണ്ടാകും.പാർക്കിങ് സ്‌പേസ്, ഓപ്പൺ ഡൈനിംഗ് ഏരിയ എന്നിവയുൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. കലാപരിപാടികൾ അവതരിപ്പിക്കാനും ഇവിടെ അവസരമുണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com