നിരോധനം വ്യാപകം: ഗോബി മഞ്ചൂരിയനോട് ഗോവൻ അധികാരികൾക്ക് ഇത്ര വിരോധമെന്തിന്?

ഗോബി മഞ്ചൂരിയൻ കഴിക്കാൻ മാത്രമായി ആരും ഗോവയിൽ പോകില്ല. പക്ഷേ, ഗോവയുടെ ഭക്ഷ്യ സംസ്കാരവുമായി ചേർന്നു പോകാത്തതാണ് നിരോധനത്തിനു കാരണമെന്ന ആരോപണം ഗുരുതരമാണ്.
Gobi Manchurian
Gobi ManchurianRepresentative image
Updated on

പനജി: ഗോവയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപകമായി ഗോബി മഞ്ചൂരിയൻ വിൽപ്പന നിരോധിക്കുന്നു. ഇന്തോ - ചൈനീസ് ഫ്യൂഷൻ വിഭവമായ ഗോബി മഞ്ചൂരിയൻ സമീപ വർഷങ്ങളിലാണ് ഗോവൻ തെരുവുകളിലെ തട്ടുകടകളിൽ വൻതോതിൽ പോപ്പുലറായത്. 2022 മുതൽ ഈ ഭക്ഷ്യ വിഭവത്തിനെതിരേ തദ്ദേശ ഭരണകൂടകങ്ങൾ വ്യാപകമായി നടപടികളും സ്വീകരിച്ചു വരുന്നു.

ഏറ്റവുമൊടുവിൽ മാപുസ മുനിസിപ്പൽ കോർപ്പറേഷനാണ് ഗോബി മഞ്ചൂരിയൻ വിൽപ്പന നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനു മുൻപ് നവോ സോമാർ ആഘോഷങ്ങളോടനുബന്ധിച്ചും ഗോബി മഞ്ചൂരിയൻ നിരോധനം പ്രഖ്യാപിച്ചിരുന്നു. പാർവതീ ദേവിയുടെ ഉത്സവമാണ് നവോ സോമാർ. എന്നാൽ, ഈ നിരോധനങ്ങൾക്കൊന്നും ഔദ്യോഗികമായി കാരണങ്ങൾ വ്യക്തമാക്കുന്നുമില്ല.

ഇതോടെയാണ് ഗോവൻ സംസ്കാരത്തിനു യോജിക്കാത്ത ഭക്ഷണം എന്ന നിലയ്ക്കാണ് നിരോധനം വ്യാപകമാക്കുന്നതെന്ന് അഭ്യൂഹം പ്രചരിച്ചത്. കോളി ഫ്ളവർ എണ്ണയിൽ വറുത്തുകോരി സമൃദ്ധമായി സോസ് ഉൾപ്പെടെയുള്ള വസ്തുക്കൾ ചേർത്ത് പാചകം ചെയ്തെടുക്കുന്ന ഗോബി മഞ്ചൂരിയൻ ഗോവൻ രീതിയിലുള്ള ഭക്ഷണമല്ല. ഉത്തരേന്ത്യയിലാണ് ഇതിന് ഏറ്റവും പ്രചാരമുള്ളത്.

എന്നാൽ, ഇത്തരം പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതു നിരോധിച്ചതെന്നുമാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറയുന്നത്. ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്നവർ നിലവാരമില്ലാത്ത ഫുഡ് കളറുകൾ ചേർക്കുന്നു, മോശം സോസ് ഉഫയോഗിക്കുന്നു എന്നെല്ലാമാണ് പ്രധാന ആരോപണങ്ങൾ. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഇതു തയാറാക്കുന്നതെന്നു ചില കൗൺസിലർമാർ. ഗോബി മഞ്ചൂരിയൻ വിൽക്കുന്ന ഒരു തട്ടുകടയിൽ കൈ കഴുകാൻ മതിയായ സൗകര്യം കാണാഞ്ഞതുകൊണ്ടാണ് കട പൂട്ടിച്ചതെന്നു വരെ വാദം ഉയരുന്നുണ്ട്.

മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ ഇല്ലാത്ത സുരക്ഷാ ആശങ്ക എന്തുകൊണ്ടാണ് ഗോബി മഞ്ചൂരിയന്‍റെ കാര്യത്തിൽ മാത്രമെന്ന് പലരും ചോദിക്കുന്നു. അതിർത്തിയിൽ ചൈനക്കാരോടു വല്ല പ്രശ്നവുമുണ്ടെങ്കിൽ അതു തീർക്കേണ്ടത് ഗോബി മഞ്ചൂരിയനോടല്ല എന്നാണ് ഇവർ സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധങ്ങളിൽ പറയുന്നത്.

വിനോദ സഞ്ചാരത്തിനു പ്രസിദ്ധമായ ഗോവയിൽ പക്ഷേ തദ്ദേശീയർക്കാണ് ഗോബി മഞ്ചൂരിയൻ നിരോധനം പ്രശ്നമാകുന്നതെന്നത് മറ്റൊരു വസ്തുത. അല്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഗോവയിൽ പോകുന്നത് ഗോബി മഞ്ചൂരിയൻ കഴിക്കാനല്ലല്ലോ...!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com