ഭാരതം അർഹിക്കുന്നു, ലോകത്തിന്‍റെ ഗുരുസ്ഥാനം

ശ്രീനാരായണ ഗുരുദേവന്‍റെ 169 -ാംമത് ജയന്തി ഇന്ന്
ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

സ്വാമി സച്ചിദാനന്ദ

പ്രസിഡന്‍റ്, ശിവഗിരി മഠം

ഭാരതം ഋഷിവര്യന്മാരുടെ രാജ്യമാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു അപൂര്‍വത ഭാരതത്തിനുണ്ട്. അതിമഹത്തായൊരു ഗുരുപരമ്പര ഭാരതത്തിലുള്ളതുപോലെ മറ്റൊരു രാജ്യത്തും കാണാനാവില്ല. ആദിനാരായണനില്‍ അഥവാ സദാശിവനില്‍ തുടങ്ങിയ ഒരു പരമ്പര. പദ്മഭുവന്‍, വസിഷ്ഠന്‍, ശക്തി, പരാശരന്‍, വ്യാസന്‍, ശുകന്‍, ഗൗഡപാദര്‍, ഗോവിന്ദഭഗവദ്പാദര്‍, ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരുദേവന്‍ തുടങ്ങിയ ഋഷിവര്യന്മാരുടെ പരിപാവനമായൊരു പരമ്പര ഇവിടെയുണ്ട്. അവരുടെ ആത്മനിശ്വാസങ്ങളേറ്റ അന്തരീക്ഷവും തൃപ്പാദങ്ങള്‍ പതിഞ്ഞ മണ്ണും പരമവിശുദ്ധങ്ങളാണ്.

ഋഷിവര്യന്മാര്‍ കടന്നുകാണുന്നവരാണ്. സാധാരണ ശാസ്ത്രജ്ഞന്മാര്‍ പാഞ്ചഭൗതികമായ ദൃശ്യപ്രപഞ്ചത്തെ കേന്ദ്രീകരിച്ച് നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തുന്നു. അവര്‍ മനസ്സിനപ്പുറം പോവുകയില്ല. എന്നാല്‍ ഋഷികല്‍പ്പരായ സദ്ഗുരുക്കന്മാര്‍ പ്രാപഞ്ചിക വിഷയികള്‍ക്കപ്പുറത്ത് പരമകാരണസത്തയിലേക്ക് കടന്നു ചെന്ന് അതുമായി താദാത്മ്യം പ്രാപിക്കുന്നു. ഐന്ദ്രികവിഷയമായ പ്രപഞ്ചം- ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നീ വിഷയങ്ങളുടെ ആകെത്തുകയാണ്.

സ്വാമി സച്ചിദാനന്ദ
സ്വാമി സച്ചിദാനന്ദ

ഇന്ദ്രിയേഭ്യഃ പരാഹര്‍ത്ഥാഃ അര്‍ത്ഥേഭ്യശ്ച പരംമനഃ

മനസസ്തു പരാബുദ്ധിഃ ബുദ്ധേരാത്മാ മഹാന്‍പരഃ

മഹതഃപരമവ്യക്തം അവ്യക്ത പുരുഷപരഃ

പുരുഷാന്നപരാ കിഞ്ചിത്സാ കാഷ്ടാ പരാഗതിഃ

ശബ്ദരൂപരസഗന്ധസ്പര്‍ശാദി ഇന്ദ്രിയവിഷയങ്ങള്‍ക്കും ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുന്ന മനസ്സിലേക്കും മനസ്സിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ജീവചേതനയെയും കടന്നുചെന്ന് കൂടസ്ഥചൈതന്യമായ ആത്മസത്യത്തെയും അതിനപ്പുറം പരമാത്മസത്യത്തേയും ദര്‍ശിച്ചു പരമാനന്ദ സ്വരൂപികളായി മാറിയ ഋഷിവര്യന്മാര്‍ തന്‍റെയും പ്രപഞ്ചത്തിന്‍റെ യും രഹസ്യം കണ്ടെത്തിയ ശാസ്ത്രവിത്തുക്കളാണ്. "യഃ സര്‍വജ്ഞ സഃ സര്‍വവിദ് ഭവതി' സർവജ്ഞനായ ഋഷിവര്യന്‍ സർവതിന്‍റെയും കാരണസത്തയെ ദര്‍ശിച്ച് എല്ലാം അറിഞ്ഞവനായിത്തീരുന്നു.

"അതിവിശദസ്മൃതിയാലതീത വിദ്യാനിധി തെളിയുന്നിതിനില്ല നീതിഹാനി' എന്ന് ശ്രീനാരായണഗുരു ആത്മോപദേശശതകത്തില്‍ പറയുന്നുണ്ട്.

നാരായണഃ പരം അവ്യക്തഃ

അവ്യക്താത് അണ്ഡസംഭവഃ

അണ്ഡസ്യാന്തസ്തിമേ ലോകാഃ

സപ്തദ്വീപാശ്ച മേദിനീ എന്ന് ശ്രീശങ്കരന്‍ ഗീതാഭാഷ്യത്തില്‍ പറയുന്നു.

അതായത്, നാരായണന്‍ അഥവാ പരബ്രഹ്മസത്ത പരമകാരണസ്വരൂപിയാണ്. ആ നാരായണനില്‍ നിന്നും അവ്യക്താവസ്ഥയും ആ അവ്യക്തത്തില്‍ നിന്നും സപ്തഭൂഖണ്ഡങ്ങളോടും സപ്തസാഗരങ്ങളോടും കൂടി അണ്ഡാകൃതിയില്‍ ഭൂമി സ്ഥിതിചെയ്യുന്നു. ഭൂമി അണ്ഡാകൃതിയോടുകൂടിയ ഗ്രഹമാണെന്ന് ആധുനികനായ ശാസ്ത്രജ്ഞന്‍ സര്‍ ഐസക്ന്യൂട്ടണ്‍ പറയുന്നതിനും മുന്‍പ് ഭാരതീയനായ ഋഷിക്ക് അത് കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ വിമാനത്തെക്കുറിച്ച് ശാസ്ത്രജ്ഞന്‍ പറയുന്നതിനും മുന്‍പ് നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമായി വാനനിരീക്ഷകരും ഋഷികളുമായ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്.

ദേശാത്ദേശാന്തരം തദ്വത്

ദീപാത് ദീപാന്തരം തഥാ

ലോകാത് ലോകാന്തരം ചാപി

യോളംബരേ ഗന്തുമര്‍ഹതി

സവിമാനമിതി പ്രോക്തം

ഖേടശാസ്ത്രവിദാംവരൈഃ

എന്നു പറയുന്നുണ്ട്.

ഒരു ദേശത്തുനിന്നും അടുത്ത ദേശത്തേക്കും ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദീപിലേക്കും ഒരു ലോ കത്തു നിന്നും മറ്റൊരു ലോകത്തേക്കും യാതൊന്നുകൊണ്ട് ആകാശം വഴി സഞ്ചരിക്കുന്നുവോ അതിനെ വിമാനമെന്ന് വൈമാനിക ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. രാമായണത്തില്‍ പറയുന്ന കുബേരന്‍റെ പുഷ്പകവിമാനവും ഇവിടെ സ്മരിക്കുക.

ഇങ്ങനെ കടന്നു കാണുവാന്‍ കഴിവുള്ളവരായ ഭാരതീയ ഋഷിവര്യന്മാര്‍ കണ്ടെത്തിയ ശാസ്ത്രങ്ങളെക്കു

റിച്ച് നമ്മുടെ ആധുനിക തലമുറപോലും ബോധവാന്മാരല്ല. ഇന്നത്തെ ആറ്റം തിയറി നമ്മുടെ കണാദന്‍ എന്ന ഋഷി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന സ്ഥൂലസൂക്ഷ്മ പദാര്‍ത്ഥ ങ്ങളെ ചെറുതാക്കി, വിഭജിക്കാന്‍ സാധിക്കാത്ത അണുക്കളിലും അവസാനം ശക്തിശ്രോതസ്സുകളിലും ചെന്നെത്തുന്ന നിരീക്ഷണപാടവം പുതിയ തലമുറയ്ക്ക് നാം പകര്‍ന്നുകൊടുക്കുക തന്നെ വേ ണം.

ശ്രീനാരായണഗുരു ആത്മോപദേശശതകത്തില്‍-

വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-

വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം

ഇവളിവളിങ്ങവതീര്‍ണയായിടും, തന്നവയവമണ്ഡകടാഹകോടിയാകും.

എന്ന് ആധുനിക ചിന്തകര്‍ക്ക് കൂടി സ്വീകാര്യമാകുമാറ് വേദാന്തദര്‍ശനവും പ്രപഞ്ചരഹസ്യവും വെളിപ്പെടുത്തുന്നുണ്ട്.

ലോകത്ത് മതങ്ങളെല്ലാം ആരംഭിക്കുന്നതിനുമുന്‍പ് ഭാരതത്തില്‍ മഹിതമായൊരു സംസ്കാരം ഉണ്ടായിരുന്നു. അതാണ് ഭാരതീയ സം സ്കാരം അഥവാ സനാതനധര്‍മം.

ഈ സനാതനധര്‍മം വ്യാസനും വസിഷ്ഠനും ശ്രീശങ്കരനും ആധുനികകാലത്ത് വിവേകാനന്ദനും ശ്രീനാരായണഗുരുദേവനും ലോകര്‍ക്കായി ഉപദേശിച്ചു. മറ്റൊരു രാജ്യത്തും കാണാനാവാത്ത വൈജ്ഞാനിക തത്ത്വങ്ങളാണവ. പ്രസ്ഥാനത്രയത്തില്‍- ഉപനിഷത്തില്‍, ഭവഗദ്ഗീതയില്‍, ബ്രഹ്മസൂത്രത്തില്‍, ഭാരതീയ വേദസംഹിതയില്‍ എല്ലാ ശാസ്ത്രതത്ത്വങ്ങളെയും കാണാനാവും. പക്ഷേ ഇടക്കാലത്ത് ജാതിഭേദത്തിന്‍റെ മാറാലകള്‍ കടന്നുകയറി ബഹുഭൂരിപക്ഷത്തിനും ഇത് സ്വാം ശീകരിക്കാനായില്ല. അധ്യയനം ചെയ്യാന്‍ പാടില്ലാത്ത അവസ്ഥ വന്നു.

ഗുരുദേവശിഷ്യനായ മഹാകവി കുമാരനാശാന്‍ ദീനമായി പാടിയിട്ടുണ്ട്.

എന്തൊരു വൈകൃതം ബ്രഹ്മവിദ്യേനിന്നി-

ലെന്താണിക്കാണുന്ന വൈപരീത്യം

നിർണയം നിന്നെപ്പോല്‍ പാരിലധോഗതി

വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല

"ന സ്ത്രീ ശൂദ്രൗവേദമധീയതാം' സ്ത്രീയും ശൂദ്രനും വേദം പഠിക്കാന്‍ പാടില്ല എന്ന ദുരവസ്ഥയില്‍ നിന്നും ബ്രഹ്മവിദ്യയെ മോചിപ്പിക്കുവാന്‍ ചട്ടമ്പിസ്വാമികള്‍ക്കു വേദാധികാരനിരൂപണം എഴുതേണ്ടിവന്നു. സ്ത്രീക ള്‍ക്കും ശൂദ്രനും വേദാധികാരമുണ്ടെന്ന് സ്വാമികള്‍ സമർഥമായി സ്ഥാപിച്ചു. ശ്രീനാരായണഗുരുദേവനാകട്ടെ ആത്മോപദേശശതകത്തിലൂടെ "അറിവതിനിങ്ങനെയാര്‍ക്കുമോതിടേണം' വാസനയും യോഗ്യതയുമുള്ള ആര്‍ക്കും ഈ തത്ത്വങ്ങളുപദേശിച്ചുകൊടുക്കുവാന്‍ മാര്‍ഗനിര്‍ദേശം നല്‍കി.

ശിവഗിരി ബ്രഹ്മവിദ്യാലയത്തി ലെ മുഖ്യാചാര്യനായിരുന്ന ബ്രാഹ്മണകുലത്തില്‍ പിറന്ന എം. എച്ച്. ശാസ്ത്രികള്‍ എന്ന ഞങ്ങളുടെ ഗുരുനാഥന്‍ ചോദിക്കുമായിരുന്നു. ഗുരുദേവന്‍ എല്ലാവരും വേദം പഠിക്കുവാന്‍ ഉപദേശിച്ചു. പക്ഷേ ഇപ്പോള്‍ വേദം പഠിക്കുവാന്‍ എത്ര പേര്‍ ഉണ്ട് എന്ന്. വേദവേദാന്തങ്ങളും ഭാരതത്തിന്‍റെ വൈജ്ഞാ നികമേഖലകളും പുതിയ തലമുറയെ പഠിപ്പിക്കുവാന്‍ സംരംഭങ്ങളുണ്ടാകണം. ക്രൈസ്തവ ജനസമൂഹത്തിനും ഇസ്ലാം ജനസമൂഹത്തിനും കൃത്യമായ പഠനവ്യവസ്ഥിതികളുണ്ട്. അതുപോലെ ഹൈന്ദവജനസമൂഹവും സനാതനധര്‍മ്മങ്ങളെയും വേദസംഹിതകളെയും തങ്ങളുടെ പുതിയ തലമുറകളെയെങ്കിലും പഠിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കണം.

അമെരിക്കയില്‍ ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് നേ തൃത്വം നല്‍കുന്ന മന്ത്ര എന്ന സംഘടന ഇതിന്നായി ഇത്രയും ലക്ഷ്യബോധത്തോടെ ശ്രമിച്ചുകാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യിക്കുന്നതാണ് മന്ത്രം. അതായത് ചിന്തിക്കുന്നവനെ രക്ഷിക്കുന്നത്. ഇവിടെ അമെരിക്കയില്‍ ഈ മന്ത്രയിലൂടെ ചിന്തിക്കുന്ന ഒരു സമൂഹം ഉണ്ടായിക്കാണുന്നതില്‍ സന്തോഷിക്കുന്നു. ഇവിടെ ഞായറാഴ്ചകളില്‍ കുട്ടികളെ ഭാരതീയ പുരാണേതിഹാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പഠിപ്പിക്കുന്നുവെന്ന് പ്രസിഡന്‍റ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പ്രത്യേകം അഭിനന്ദനങ്ങള്‍. ഭാരതീയ ഗുരുക്കന്മാരുടെയും വിവേകാനന്ദസ്വാമിയുടെയും ശ്രീനാരായണഗുരുദേവന്‍റെയും കൃ തികള്‍ പുതിയ തലമുറയെ പഠിപ്പിക്കണം.

ശ്രീനാരായണഗുരുദേവന്‍ സം ഘടിച്ചു ശക്തിനേടുവാന്‍ നമ്മെ ഉപദേശിച്ചു. അതിനു തടസമായി നില്‍ ക്കുന്ന സർവവിധ ഭേദചിന്തകളെ യും വിപാടനം ചെയ്യാന്‍ സാധിക്കണം. അത് ഓരോ ഭാരതീയ പൗരന്‍റെയും കടമയാണ്. കഴിഞ്ഞ ജൂണ്‍ 21 ന് ലോകം മുഴുവന്‍ ഭാരതത്തെ നമിച്ചു. യോഗാദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അമെരിക്കന്‍ മണ്ണില്‍ വച്ച് ലോകത്തിലെ 130 ല്‍പ്പരം രാജ്യങ്ങളെ സാക്ഷിനിര്‍ത്തി നമ്മുടെ യോഗരഹസ്യം വെളിപ്പെടുത്തിയപ്പോള്‍ ലോകരാജ്യങ്ങളുടെ മധ്യത്ത് ഭാരതം ഗുരുസ്ഥാനത്ത് എത്തുകയായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയിലും പുരാതന സനാതനധര്‍മ വൈ ജ്ഞാനികമേഖലകളിലും ഭാരതത്തിന് ഈ ഗുരുസ്ഥാനമുണ്ട്. ഇത് നമ്മുടെ പുതിയ തലമുറയെ പഠിപ്പിക്കണം. നാമതില്‍ അഭിമാനബോധമുള്ളവരാകണം. അതിന്നായി ഗുരുവിന്‍റെ "സംഘടിച്ചു ശക്തരാകുവിന്‍' എന്ന ഉപദേശത്തെ പ്രാവര്‍ത്തികമാക്കുവിന്‍. നമസ്കാരം.

(മന്ത്ര എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ അമെരിക്കയിലെ ഹൂസ്റ്റണില്‍ 2023 ജൂലൈ 1 മുതല്‍ 4 വരെ നടന്ന ഗ്ലോബല്‍ ഹിന്ദുകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജൂലൈ ഒന്നിനു ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com