
മധ്യപ്രദേശിലെ മേഘനാഥ് ഘട്ട് മുതൽ ഗുജറാത്തിലെ സ്റ്റാച്ച്യു ഓഫ് യൂണിറ്റി വരെ നീളുന്ന നദീയാത്ര.
വി.കെ. സഞ്ജു
ഭോപ്പാൽ: മധ്യപ്രദേശിന്‍റെ ജീവനാഡിയായ നർമദ നദിയിൽ വിശ്വാസം, വികസനം, ടൂറിസം എന്നിവ സംയോജിപ്പിച്ചുകൊണ്ട് 'നർമദ ക്രൂസ് പദ്ധതി' ആരംഭിക്കുന്നതായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രഖ്യാപിച്ചു. സാംസ്കാരികവും ആത്മീയവുമായ ഈ തീർഥയാത്ര ധർ ജില്ലയിലെ മേഘ്‌നാഥ് ഘട്ട് മുതൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി വരെ നീളുന്നതാണ്.
ഈ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾക്കും വലിയ ഉത്തേജനം നൽകും. കൂടാതെ, മതപരവും സാംസ്കാരികവുമായ ടൂറിസത്തിൽ മധ്യപ്രദേശിന് പുതിയൊരധ്യായം തുറന്നുനൽകുമെന്നും മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, സംസ്ഥാന മന്ത്രി ധർമേന്ദ്ര ഭാവ് സിങ് ലോധി സമീപം.
നദീജല ടൂറിസത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന നീക്കമായാണ് ഈ ക്രൂസ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി, മുഖ്യമന്ത്രി ഡോ. യാദവിന്‍റെ സാന്നിധ്യത്തിൽ മധ്യപ്രദേശ് ടൂറിസം ബോർഡ് അഞ്ച് കമ്പനികൾക്ക് 'ലെറ്റർ ഓഫ് അക്സെപ്റ്റൻസ്' (LoA) കൈമാറി. ജംഗിൾ കാംപ്‌സ് ഇന്ത്യ, നോളജ് മറൈൻ ആൻഡ് എൻജിനീയറിങ് വർക്സ് ലിമിറ്റഡ്, അബ്സൊല്യൂട്ട് ടെക് മാനെജ്‌മെന്‍റ് എൽഎൽപി, സീന ഇൻഫോടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ദോർ, മെസ്സേഴ്സ് എച്ച്‌ടി എന്നിവയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി LoA ലഭിച്ച കമ്പനികൾ.