

7 ലക്ഷം രൂപ ശമ്പളം, മൂന്നാം മാസം യുഎഇയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി; കാരണം പറഞ്ഞ് ടെക്കി
ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട തൊഴിലിടമാണ് ഗൾഫ് രാജ്യങ്ങൾ. വീടും നാടും ഉപേക്ഷിച്ച് വർഷങ്ങളോളം അന്യനാട്ടിൽ പണിയെടുക്കുന്നവരേക്കുറിച്ചാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ 7.5 ലക്ഷം രൂപ മാസ ശമ്പളമുള്ള യുഎഇയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ കഥയാണ് ബംഗളൂരുവിലെ ടെക്കിയായ അഡ്വിൻ നാറ്റോയ്ക്ക് പറയാനുള്ളത്. മൂന്ന് മാസം മാത്രമായിരുന്നു അഡ്വിൻ യുഎഇയിൽ ജോലി നോക്കിയത്.
ആറ് വർഷം മുൻപത്തെ തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. പ്രൊഡക്റ്റ് ഡിസൈനറായാണ് അഡ്വിൻ ജോലി നോക്കുന്നത്. അഞ്ച് മാസം എടുത്താണ് അഡ്വിന് വർക്ക് വിസ വന്നത്. എന്നാൽ മൂന്നു മാസമായപ്പോഴേക്കും തനിക്ക് പറ്റിയ സ്ഥലമല്ല യുഎഇ എന്ന് അദ്ദേഹം മനസിലാക്കുകയായിരുന്നു. കർശനമായ ജോലി സമയവും ഉന്നത സ്ഥാനത്തേക്ക് കഴിവുറ്റവർ എത്താത്തതും ഉൾപ്പടെ തനിക്ക് ഗൾഫ് രാജ്യം വിടേണ്ടി വന്ന സാഹചര്യം അഡ്വിൻ വിശദമാക്കി.
ഇന്ത്യയിൽ എനിക്ക് എന്‍റേതായ ഉത്തരവാദിത്വ ബോധമുണ്ടായിരുന്നു. ഹാജരിൽ അല്ല ഫലത്തിലാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. ഇവിടെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 9 മണിക്ക് പഞ്ച് ചെയ്തില്ലെങ്കിൽ പാതി ശമ്പളം പോകും. അടിസ്ഥാന സൗകര്യങ്ങളിലും ഭൗതിക വികസനത്തിലും യുഎഇ മികച്ചുനിൽക്കുന്നു, പക്ഷേ ഡിജിറ്റൽ ഉൽപ്പന്ന സംസ്കാരം ചെറുപ്പമായി തോന്നി. പണമായിരുന്നില്ല പ്രശ്നം. മാനസികാവസ്ഥയായിരുന്നു. ഡിസൈൻ ചിന്തയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വന്നു.- അഡ്വിൻ കുറിച്ചു.
നേതൃനിരയിലെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കഴിവു നോക്കിയായിരുന്നില്ല ദേശീയത നോക്കിയാണ് ഉന്നത സ്ഥാനം നൽകിയിരുന്നത് എന്നാണ് അഡ്വിൻ പറഞ്ഞത്. നിലവിൽ ഗൂഗിളിൽ ജോലി നോക്കുകയാണ് അദ്ദേഹം. പോസ്റ്റ് ശ്രദ്ധനേടിയതിനു പിന്നാലെ നിരവധി പേരാണ് സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്. രാവിലെ 7.30 മുതൽ രാത്രി 9 മണി വരെ ജോലി ചെയ്യേണ്ടിവന്നു പാസ്പോർട്ട് അനുസരിച്ചാണ് ശമ്പളം നൽകിയിരുന്നതെന്നും എന്നാണ് ഒരാൾ കുറിച്ചത്.