
ചേലക്കര: ഓണ നാളുകളില്‍ മാത്രം കളിക്കുന്ന ചേലക്കരയുടെ സ്വന്തം തലമ കളി തട്ടകത്തിലെത്തുന്ന ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായ നവ കേരള സദസിനെ വരവേല്‍ക്കാന്‍ തലമ മെഗാ ഫൈനല്‍ മത്സരം സംഘടിപ്പിച്ചു. നവ കേരളത്തിന്‍റെ പ്രചാരണാര്‍ത്ഥം ചേലക്കര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചേലക്കര മുഖാരിക്കുന്നിലാണ് കളി നടന്നത്. പഴയ കളിക്കാരന്‍റെ വീര്യം വീണ്ടെടുത്ത് ചേലക്കര എംഎല്‍എയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ കൈകളി കളിച്ചും കാല്‍ക്കളി കളിച്ചും തലമ മത്സരത്തിന് തുടക്കം കുറിച്ചു.
ചേലക്കര ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി 60 ല്‍പ്പരം തലമ ടീമുകളുണ്ട്. ഓരോ ദേശത്തിന്‍റെയും മികച്ച കളിക്കാരെ തിരഞ്ഞെടുത്തുകൊണ്ട് ഇരു ടീമുകള്‍ ആക്കിയാണ് മത്സരം സംഘടിപ്പിച്ചത്. തലമ, ഒറ്റ, എരട്ട, തൊടമ, പിടിച്ചാന്‍, കാക്കൂടി എന്നിങ്ങനെയുള്ള കൈകൊണ്ട് മാത്രം കളിക്കുന്ന വിവിധ ഘട്ടങ്ങളും കൈക്കൊണ്ടും കാലുകൊണ്ടും കളിക്കുന്ന ഓടിയും കടന്ന് പട്ടം വയ്ക്കുന്നതോടെയാണ് കളിയില്‍ വിജയിയെ കണ്ടെത്തുന്നത്. ആദ്യം രണ്ട് പട്ടം വയ്ക്കുന്ന ടീമാണ് വിജയിക്കുന്നത്. നിശ്ചിത സമയപരിധിയില്ലാത്ത കളി ചേലക്കരയുടെ ആവേശമാണ്.
നവകേരളം നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചേലക്കര നിയോജക മണ്ഡലത്തില്‍ എത്തുന്നത് ആവേശത്തോടെ സ്വീകരിക്കുകയാണ് നാട്. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും, വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റങ്ങളും, വരുംകാല പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ അടുത്തറിയുകയുമാണ് നവകേരള സദസിലൂടെ.