കുലുക്കി സർബത്തിന്‍റെ കഥ | Video
ദർശന സുഗതൻ
പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും മിശ്രിതമാണ് കൊച്ചി. കേരളത്തിന്‍റെ ഊർജസ്വലമായ തുറമുഖ നഗരം - കൊളോണിയൽ ചരിത്രവും കായലിന്‍റെ ശാന്തതയും കൈകോർത്തുകിടക്കുന്ന, സുഗന്ധവ്യഞ്ജനങ്ങൾ ഇപ്പോഴും തെരുവുകളെ ഭരിക്കുന്ന ഇടം. എന്നാൽ, ഇന്നത്തെ കൊച്ചിയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു പാനീയമുണ്ട് - കുലുക്കി സർബത്ത്.
പല കൊച്ചിക്കാർക്കും, ഒരു ഗ്ലാസ് കുലുക്കി സർബത്ത് എന്നാൽ വെറും ഉന്മേഷത്തിനപ്പുറമാണ്, ഒരു ഗ്ലാസ് നൊസ്റ്റാൾജിയ പോലെയാണ് പലർക്കും അത്. കോളേജ് ഇടവേളകളുടെ രുചി, നഗരത്തിലെ ഉച്ചഭക്ഷണം, പങ്കുവച്ച പ്രണയം... അങ്ങനെ പലതും....
നാരങ്ങ നീര് ചേർന്ന, മധുരവും എരിവും കലർന്ന പാനീയം, ശക്തമായി കുലുക്കി തണുപ്പിച്ച് കുടിക്കുന്നു. കൊച്ചിയിലെ നാരങ്ങാവെള്ളത്തിന്‍റെ കസിൻ ആയി ഇതിനെ കരുതാം. പക്ഷേ കൂടുതൽ നാടകീയത, കൂടുതൽ വൈഭവം, കൃത്യമായ ഒരു വൈബ് എന്നിവ കൂടി ഇതിനുണ്ട്.
കുലുക്കി സർബത്തിൽ സാധാരണ ഒരു നാരങ്ങയുടെ നീര്, മിന്‍റ് ഇലകൾ, പൊട്ടിച്ച ഐസ്, പഞ്ചസാര സിറപ്പ്, ഒരു നുള്ള് ഉപ്പ്, പച്ചമുളക് കഷ്ണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പുതിയ പതിപ്പുകളിൽ പൈനാപ്പിൾ എസ്സെൻസ് അല്ലെങ്കിൽ സോഡ എന്നിവയും ഉൾപ്പെടുന്നു, ഇത് വിൽപ്പനക്കാരന്‍റെ സർഗാത്മകതയെ ആശ്രയിച്ചിരിക്കും.
ഈ പാനീയത്തെ യഥാർഥത്തിൽ വേറിട്ടു നിർത്തുന്നത് ചേരുവകളല്ല - അവയെല്ലാം ചേർത്തുള്ള പ്രകടനമാണ്. സർബത്ത് ഒരു സ്റ്റീൽ ഗ്ലാസിൽ കൂട്ടിച്ചേർക്കുന്നു, രുചികൾ കലർത്താൻ ഒരു ഇളക്കൽ, തുടർന്ന് കച്ചവടക്കാരൻ കോക്ക്ടെയിൽ ശൈലിയിൽ ശക്തമായി കുലുക്കുന്നു. ഈ കുലുക്കം പാനീയത്തെ തണുപ്പിക്കുക മാത്രമല്ല, വായുസഞ്ചാരം നൽകുകയും ചെയ്യുന്നു, ഇത് നുരയും ഉന്മേഷദായകവുമായ ഒരു ഘടനയാണ് ഇതിനു നൽകുന്നത്. അതിലുപരി കാഴ്ചക്കാരെ ആകർഷിക്കാനും സാധിക്കും.
കുലുക്കി സർബത്ത് കോഴിക്കോടാണ് ഉദ്ഭവിച്ചതെന്ന് കൊച്ചിയിലെ കച്ചവടക്കാർ പറയും. പക്ഷേ, കൊച്ചിയിലെ കച്ചവടക്കാരിലൂടെയാണ് ഇതു പ്രശസ്തമായത്. കൊച്ചിയിലെ തിരക്കേറിയ തെരുവുകളിൽ ആവേശത്തിന്‍റെ തിരയിളക്കം നടത്തിയ പാനീയമാണ് കുലുക്കി സർബത്ത്. കുലുക്കൽ കലയായി മാറിയത് അവിടെയാണ്. കേരളത്തിൽ ഉടനീളം സർബത്ത് കടകൾ സാധാരണമാണെങ്കിലും, കൊച്ചിയിലെ തെരുവ് കച്ചവടക്കാർ - പ്രത്യേകിച്ച് ബ്രോഡ്‌വേ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ - കുലുക്കി സർബത്തിന് പ്രത്യേകമായൊരു പരിവേഷം തന്നെ നൽകി. ആവശ്യകത വർധിച്ചതോടെ, കുലുക്കി സർബത്തിൽ വൈവിധ്യവും വർധിച്ചു.
കലൂരിൽ കുലുക്കി തക്ക ഷോപ്പ് നടത്തുന്ന തക്രുദ്ദീൻ പറയുന്നു, ''നെല്ലിക്ക, പച്ച മാങ്ങ, പൈനാപ്പിൾ, മുന്തിരി എന്നിവ പോലുള്ള പ്രകൃതിദത്ത രുചികളാണ് ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ളത്. മുൻപ്, ഞങ്ങൾ സിറപ്പുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മികച്ച രുചിക്കും ആരോഗ്യ ഗുണങ്ങൾക്കും ഞങ്ങൾ ഫ്രഷ് പഴങ്ങൾ ഉപയോഗിക്കുന്നു.''
സാധാരണ ഒരു കുലുക്കി സർബത്തിന്‍റെ ശരാശരി വില 40 രൂപയാണ്, അതേസമയം ബൂസ്റ്റും പാലും ചേർത്ത പതിപ്പുകൾക്ക് 50 രൂപയ്ക്ക് മുകളിലാകും.
ചൂടുള്ള സീസണിൽ കുലുക്കി സർബത്തിന് ശക്തമായ ഒരു എതിരാളിയായി അവിൽ മിൽക്കും ഉയർന്നുവന്നിട്ടുണ്ട്. ഇത് പലതരം രുചികളിൽ ലഭ്യമാണ്, ഐസ്ക്രീം ചേർത്തും അല്ലാതെയും കിട്ടും. ഐസ് ഉപയോഗിക്കുന്നതിനുപകരം, ഫ്രോസൻ പാൽ ഉപയോഗിച്ചാണ് അവിൽ മിൽക്ക് തയാറാക്കുന്നത്. അതൊരു പ്രത്യേക രുചി നൽകുന്നു. പക്ഷേ, ദാഹത്തെക്കാൾ, വിശപ്പകറ്റാനാണ് അവിൽ മിൽക്ക് കൂടുതൽ പ്രയോജനപ്പെടുക.
വ്യാപകമായ ജനപ്രീതി ഉണ്ടായിരുന്നിട്ടും, നിലവാരമില്ലാത്ത ചേരുവകളും വൃത്തിഹീനമായ തയാറാക്കൽ രീതികളും സംബന്ധിച്ച ആശങ്കകൾ കാരണം കുലുക്കി സർബത്ത് നഗരത്തിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. പരിശോധനകളിലും റെയ്ഡുകളിലും ദോഷകരമായ സിന്തറ്റിക് ഭക്ഷ്യ നിറങ്ങളും ഭക്ഷ്യേതര നിറങ്ങളും ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുമുണ്ട്. പല സ്റ്റാളുകളിലും ഉപയോഗിക്കുന്ന ഐസിലും മാലിന്യം കണ്ടെത്തി - ചില സന്ദർഭങ്ങളിൽ, അമോണിയ അടങ്ങിയ മത്സ്യ സംഭരണ യൂണിറ്റുകളിൽ നിന്ന് പോലുമുള്ള ഐസ് ഉപയോഗിക്കുന്നത് വ്യക്തമായിട്ടുണ്ട്. കൂടാതെ, ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഉയർന്ന അപകടസാധ്യത പോലുള്ള ഗുരുതരമായ ആരോഗ്യ ആശങ്കകൾ ഉയർത്തുന്നതാണ് വൃത്തിഹീനമായ ചുറ്റുപാടുകളിൽ തയാറാക്കുന്ന കുലുക്കി സർബത്തുകൾ. എന്നാൽ, ഇപ്പോൾ പല വിൽപ്പനക്കാരും കിലോഗ്രാമിന് 18 - 19 രൂപ വില കൊടുത്ത്, ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് ഐസ് ക്യൂബ് വാങ്ങുന്നു.
തെരുവുകളിൽ ഒരു സാധാരണ പാനീയമായി തുടങ്ങിയ കുലുക്കി സർബത്ത് ഇപ്പോൾ കഫേകളിലും ഇൻസ്റ്റഗ്രാം റീലുകളിലുമെല്ലാം സജീവം. കേരളത്തിലെ ടൂറിസം രംഗത്തിനും പ്രാദേശിക ഭക്ഷണങ്ങളോടുള്ള വർധിച്ചുവരുന്ന താത്പര്യത്തിനും കുലുക്കി അവിഭാജ്യ ഘടകമായി മാറുകയാണ്. സംസ്ഥാന അതിർത്തികൾക്കപ്പുറവും കുലുക്കി സ്വീകരിക്കപ്പെടുന്നു. ബെംഗളൂരു, മുംബൈ, ദുബായ് തുടങ്ങിയ നഗരങ്ങളിലെ മെനുവിൽ പോലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്.
അടുത്ത തവണ കൊച്ചിയിലെത്തുമ്പോൾ, നല്ലൊരു കുലുക്കി സർബത്ത് കട കണ്ടെത്തുക, സുരക്ഷ ഉറപ്പാക്കി ഒരു കുലുക്കി ചോദിക്കുക, കൊച്ചിയുടെ രുചിയ നാവിൽ നുരയട്ടെ.